സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സര്‍ക്കാറിന്റേത് ധൂര്‍ത്ത്: പ്രതിപക്ഷ നേതാവ്

Posted on: December 10, 2019 3:59 pm | Last updated: December 10, 2019 at 7:10 pm

തിരുവനന്തപുരം | സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞിട്ടും അതിനെ നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. നികുതി പിരിവില്‍ സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് പുലര്‍ത്തുന്നത്. നികുതി പിരിവ് കൂട്ടാനും പാഴ്‌ചെലവ് ഒഴിവാക്കാനും സര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ 70 സര്‍ക്കാര്‍ കോളജുകളിലെ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍മാരെ യുകെയിലെ കാര്‍ഡിഫിലേക്ക് നേതൃത്വപാടവ പരിശീലന പരിപാടിക്ക് അയക്കാനുള്ള നീക്കം ധൂര്‍ത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. റൂസ ഫണ്ടില്‍ നിന്നുള്ള ഒരു കോടിയിലധികം രൂപയാണ് ഇതിനായി ചെലവാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, റൂസ ഫണ്ട് സംസ്ഥാനത്തെ കോളജുകളുടെയും സര്‍വകലാശാലകളുടെയും അടിസ്ഥാന വികസനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായാണ് നല്‍കുന്നത്- ചെന്നിത്തല വ്യക്തമാക്കി.
കേന്ദ്രം പഠനാവശ്യങ്ങള്‍ക്ക് നല്‍കിയ ഫണ്ട് സംസ്ഥാന് സര്‍ക്കാര്‍  ധൂര്‍ത്തടിക്കുകയാണ് .മന്ത്രിമാരുടെ വിദേശ പര്യടനം കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണ് ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു