Connect with us

Articles

ഭരണകൂടം പറയുന്നു; അവരെ ക്രൂശിക്കൂ

Published

|

Last Updated

വിവാദ പൗരത്വ ഭേദഗതി ബില്ലുമായി മുന്നോട്ടു പോകുക വഴി ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളുടെ എതിര്‍ പാളയത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ് ബി ജെ പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ജൂലൈയില്‍ എന്‍ ഐ എ ഭേദഗതി ബില്‍ അവതരണത്തിനൊടുവില്‍ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശസ്നേഹികള്‍ ആരെന്നും ഭീകരവാദത്തെ പിന്തുണക്കുന്നവരാരെന്നും കാണട്ടെ എന്നാക്രോശിച്ചത് പ്രസ്തുത “ഡ്രാകോണിയന്‍ ആക്ട്” അല്ലലും അലട്ടലുമില്ലാതെ പാസ്സാക്കിയെടുക്കാനായിരുന്നു. ആ കെണിയില്‍ വീണ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് വിവിധ സമ്മര്‍ദങ്ങളിലകപ്പെട്ട് ജനാധിപത്യപരമായി ഋജുവല്ലാത്ത നിലപാട് സ്വീകരിച്ചു.

എന്നാല്‍ ഇന്നതല്ല ചിത്രം. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളും നഗ്‌നമായ മതാന്ധതയും ഏറ്റുമുട്ടുക തന്നെയാണ് സങ്കുചിത താത്പര്യത്തോടെയുള്ള അതാര്യമായ നിയമ വ്യവഹാരത്തിലൂടെ. അവിടെ മറ്റെന്ത് രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുമപ്പുറം ഭരണഘടനയെ വേദവാക്യമാക്കി പോര്‍മുഖം തുറക്കാന്‍ പ്രതിപക്ഷത്തിനും ജനാധിപത്യ വിശ്വാസികള്‍ക്കും കഴിയുമോ എന്നതാണ് പ്രധാനം.
1955ലെ പൗരത്വ നിയമത്തിലെ 2( ബി) വകുപ്പ് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ ആരെന്ന് നിര്‍വചിക്കുന്നുണ്ട്്. ഇതില്‍ ഭേദഗതി വരുത്തി അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്ന വിശേഷണത്തിന് പുറത്ത് കടത്തി അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭ്യമാക്കാനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലിന്റെ മര്‍മം. അതോടൊപ്പം സ്ഥിര താമസത്തിലൂടെ ഇന്ത്യന്‍ പൗരത്വം സാധ്യമാകുന്നതിന് നേരത്തേ 12 വര്‍ഷം ആവശ്യമായിരുന്നത് ആറ് വര്‍ഷമായി ചുരുക്കാനും പൗരത്വ ഭേദഗതി ബില്‍ ലക്ഷ്യമിടുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 സാക്ഷാത്കരിക്കുന്ന മൗലികാവകാശം നിയമത്തിന്റെ തുല്യ സംരക്ഷണമാണെങ്കില്‍ 15ാം ആര്‍ട്ടിക്കിള്‍ ഊന്നി നില്‍ക്കുന്നത് വിവിധ മാനങ്ങളിലുള്ള വിവേചനത്തെ നിഷേധിച്ചു കൊണ്ടാണ്. ഈ രണ്ട് മൗലികാവകാശങ്ങളുടെയും കടക്കല്‍ കത്തിവെക്കുന്ന പൗരത്വ ഭേദഗതി ബില്‍ പ്രഥമദൃഷ്ട്യാ തന്നെ ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടാണ് നിയമ ഭേദഗതി വലിയ അളവില്‍ ഭരണഘടനാ മൂല്യങ്ങളെ ബലികഴിക്കുന്നതും സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ മറയില്ലാത്ത മുസ്‌ലിം വിരുദ്ധതയുടെ ഉപകരണമായിത്തീരുന്നതും.
യുഗാന്തരങ്ങളില്‍ നിലനില്‍ക്കുകയും ഇന്ത്യയുടെ വൈജാത്യപൂര്‍ണമായ അസ്തിത്വത്തെ പ്രകാശിപ്പിക്കുകയും ചെയ്ത സാംസ്‌കാരിക ഈടുവെപ്പുകളും ഒരു ദേശരാഷ്ട്രം എന്ന നിലയില്‍ സ്വാതന്ത്ര്യാനന്തരം രാജ്യം തുടര്‍ന്നുപോന്ന ദേശാന്തരീയ ബന്ധങ്ങളും രാഷ്ട്രീയ നയതന്ത്ര നിലപാടുകളും മുന്‍നിര്‍ത്തിയാണ് ഇപ്പോഴത്തെ പൗരത്വ പ്രശ്‌നത്തെ നാം സമീപിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ഭരണഘടനാ വിരുദ്ധതക്ക് പുറമെ രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെയും അയല്‍ രാജ്യങ്ങളുമായുള്ള സൗഹാര്‍ദ വിനിമയങ്ങളെയും റദ്ദ് ചെയ്യുന്ന ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന ഒന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലെന്ന് ബോധ്യപ്പെടും.
മത, ദേശാടിസ്ഥാനത്തിലുള്ള വിവേചനമാണ് ഭേദഗതിയുടെ ഉള്‍പൊരുള്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിക്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ താത്പര്യപ്പെടുന്ന ഭേദഗതിയാണല്ലോ ഇത്. അതിനാണ് അവരെ നിയമവിരുദ്ധ കുടിയേറ്റക്കാരല്ലാതെയാക്കി മാറ്റുന്നത്. ഒരു പ്രത്യേക മത ഭൂരിപക്ഷമായ, ഇന്ത്യയുടെ അയല്‍ രാജ്യങ്ങളാണ് ഇവ മൂന്നും. പ്രസ്തുത രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ലിന് വേണ്ടി ഉയര്‍ത്തുന്ന വാദമുഖം. ഏതെങ്കിലും മതത്തിന് ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ മാത്രമാണോ പീഡിപ്പിക്കപ്പെടുന്നത്. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ ജാതിയുടെ പേരിലുള്ള വിവേചനങ്ങളും അതിക്രമങ്ങളും ഒരേ സമുദായത്തില്‍ നിന്നാണ്. മേല്‍ പറഞ്ഞ മത ഭൂരിപക്ഷ രാജ്യങ്ങളില്‍ വംശീയ ആക്രമണത്തിന് വിധേയരാകുന്ന ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് കൂടെ അര്‍ഹതപ്പെട്ടതാകേണ്ടതല്ലേ ഇവിടുത്തെ പൗരത്വ ഭേദഗതി ബില്ലിന്റെ ഗുണം? ഈ ചോദ്യത്തിന് ഭരണകൂടം എന്ത് പ്രത്യുത്തരമാണ് നല്‍കുക?

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം പൗരത്വം നല്‍കുമ്പോള്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ തന്നെ വംശഹത്യകളും കൊടിയ പീഡനങ്ങളും ഏറ്റുവാങ്ങുന്ന ഇതര മത ന്യൂനപക്ഷങ്ങളെ പ്രതി അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെയും മര്യാദകളുടെയും പ്രതലത്തില്‍ ഭരണകൂടത്തിന് എന്താണ് പറഞ്ഞു നില്‍ക്കാനുണ്ടാകുക. ലോകത്തെ ഏറ്റവും വലിയ പീഡിത ജനത ഇന്ത്യയുടെ അയല്‍ രാജ്യമായ മ്യാന്മറിലെ റോഹിംഗ്യകളാണെന്ന് ഐക്യരാഷ്ട്ര സഭയുടെ 2013ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബുദ്ധ ഭൂരിപക്ഷ മ്യാന്മറിലെ റോഹിംഗ്യന്‍ മുസ്ലിംകളും മറ്റൊരു അയല്‍ രാജ്യമായ ശ്രീലങ്കയിലെ ബുദ്ധ സിംഹളാധിപത്യത്തിന് കീഴില്‍ കഷ്ടതയനുഭവിക്കുന്ന ന്യൂനപക്ഷ മുസ്‌ലിംകളും പീഡിത മത ന്യൂനപക്ഷങ്ങളുടെ കണക്കില്‍ ഉള്‍പ്പെടേണ്ടവരല്ലേ എന്ന ചോദ്യവും അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവരുന്നത് കാണാതിരുന്നുകൂടാ.

ഇന്ത്യന്‍ ഭരണഘടനാ വൃത്തപരിധിയിലേക്ക് തന്നെ തിരികെ വന്നാല്‍ പൗരത്വ ഭേദഗതി ബില്ലിന്റെ മറവില്‍ പൗരാവകാശ ധ്വംസനം നടത്തുന്നതിന്റെ വേറെയും രൂപങ്ങള്‍ ദൃഷ്ടിയിലെത്തുന്നു. മതം, വര്‍ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനപരമായി പരിഗണിക്കുന്നതിനെ വിലക്കുന്നുണ്ട് ഭരണഘടനയുടെ 15ാം വകുപ്പ്. മേല്‍ പറഞ്ഞവയില്‍ മതം അല്ലാത്തവയുടെ തിരഞ്ഞെടുപ്പ് പൗരന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറമാണെങ്കില്‍ മതം അങ്ങനെയല്ല. ഒരു പ്രത്യേക വിശ്വാസം കൈക്കൊള്ളല്‍ വ്യക്തിയുടെ സ്വയം നിര്‍ണയാവകാശമാണ്. ആ സ്വയം നിര്‍ണയാവകാശം പൗരാവകാശത്തിന്റെ ഭാഗമാണെന്ന് പരമോന്നത നീതിപീഠം പലവുരു ഉണര്‍ത്തിയതുമാണ്. ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുനല്‍കുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ അംശമാണ് സ്വയം നിര്‍ണയാവകാശവും അതിന്റെ ആവിഷ്‌കാരവും. അപ്പോള്‍ പിന്നെ പൗരന്റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ് മതവിശ്വാസമെങ്കില്‍ അപ്പേരിലുള്ള വിവേചനവും മാറ്റിനിര്‍ത്തലും ഭരണഘടനാപരമായി ഗൗരവ പരിശോധന ആവശ്യപ്പെടുന്ന വിഷയമാണ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിലും മറ്റും മഹത്തായ ഭരണഘടനയുടെ അടിസ്ഥാന ശിലകളില്‍ വിള്ളല്‍ വീഴ്ത്തുന്ന നീക്കങ്ങളില്‍ സുപ്രീം കോടതിയുടെ നിയമ വ്യാഖ്യാനങ്ങള്‍ക്ക് ജനാധിപത്യ വിശ്വാസികള്‍ കാതോര്‍ത്തിരിക്കുകയാണ്. അതുപോലെ പൗരത്വ ഭേദഗതി ബില്ലും കോടതി കയറുമെന്നുറപ്പാണ്.

എല്ലാത്തിനുമൊടുവില്‍ നീതിപീഠം രക്ഷക്കെത്തുമെന്ന് ജനാധിപത്യം വിശ്വസിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം അതിജീവിച്ച കാളരാത്രികളില്‍ തെളിഞ്ഞു കത്തിയ നീതിദേവതയുടെ പ്രകാശ വെണ്‍മയെക്കുറിച്ച് ജനാധിപത്യ വിശ്വാസികള്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്്.

---- facebook comment plugin here -----

Latest