സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍; പാര്‍ലിമെന്റ് സ്തംഭിപ്പിക്കാനുള്ള കരുനീക്കങ്ങളുമായി പ്രതിപക്ഷം

Posted on: December 8, 2019 1:46 pm | Last updated: December 8, 2019 at 4:20 pm

ന്യൂഡല്‍ഹി | രാജ്യത്ത് ദിനംപ്രതി നടക്കുന്ന ബലാത്സംഗ-കൊലപാതക സംഭവങ്ങള്‍ ഉയര്‍ത്തി പാര്‍ലിമെന്റില്‍ വന്‍ പ്രതിഷേധമുയര്‍ത്താനും സഭ സ്തംഭിപ്പിക്കാനും പ്രതിപക്ഷ നീക്കം. ഉന്നാവ്, ത്രിപുര തുടങ്ങിയയിടങ്ങളില്‍ നടന്ന  സംഭവങ്ങള്‍ സംബന്ധിച്ച് സഭയില്‍ ഏതു രീതിയിലാണ് ഇടപെടേണ്ടതെന്നതിനെ കുറിച്ച് ആലോചിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വൈകിട്ട് ആറിന് ഡല്‍ഹിയിലെ സോണിയയുടെ വസതിയിലാണ് യോഗം.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി സര്‍ക്കാറുകളും പരാജയപ്പെട്ടതായി പ്രതിപക്ഷം നേരത്തെ തന്നെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം പാര്‍ലിമെന്റില്‍ ഉന്നയിച്ചപ്പോള്‍ വിഷയം രാഷ്ട്രീവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി സ്്മൃതി ഇറാനി പ്രതികരിച്ചിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച കേരള എം പിമാരായ ഡീന്‍ കുര്യാക്കോസ്, ടി എന്‍ പ്രതാപന്‍ എന്നിവര്‍ തനിക്കെതിരെ കൈയേറ്റത്തിനു ശ്രമിച്ചുവെന്ന് മന്ത്രി ആരോപിച്ചിരുന്നു. ഇരു എം പിമാരെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.