നാല് വർഷത്തിനുള്ളിൽ വനിതാ ഐ പി എൽ; സൂചന നൽകി ഗാംഗുലി

Posted on: December 8, 2019 6:06 am | Last updated: December 8, 2019 at 1:08 pm


കൊൽക്കത്ത | വനിതാ ഐ പി എൽ ക്രിക്കറ്റ് സംഘടിപ്പിക്കുമെന്ന സൂചന നൽകി ബി സി സി ഐ പ്രസിഡന്റ്സൗരവ് ഗാംഗുലി. വനിതാ ക്രിക്കറ്റിന്റെ ജനപ്രീതി വർധിച്ചുവരികയാണെങ്കിലും വനിതാ ഐ പി എല്ലിന് കുറഞ്ഞത് നാല് വർഷമെങ്കിലുമെടുക്കുമെന്ന് ഗാംഗുലി പറഞ്ഞു.

നാല് വർഷത്തിനുള്ളിൽ വനിതാ ക്രിക്കറ്റിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഏഴ്, എട്ട് ടീമുകൾക്ക് പങ്കെടുക്കാവുന്ന ഐ പി എൽ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടൂർണമെന്റ് നടത്തിപ്പിന് അതിന്റെതായ തയ്യാറെടുപ്പ് ആവശ്യമാണെന്നും ഇത് ജനങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017 ൽ ഇംഗ്ലണ്ടിൽ നടന്ന ഐ സി സി വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യ എത്തിയതിനുശേഷം രാജ്യത്ത് വനിതാ ക്രിക്കറ്റ് ഏറെ ജനപ്രീതിയാർജിച്ചിട്ടുണ്ട്. തുടർന്ന്, നിരവധി അന്താരാഷ്ട്ര താരങ്ങളെ ഉൾക്കൊള്ളിച്ച് ബി സി സി ഐ വനിതാ ടി 20 മത്സരം സംഘടിപ്പിച്ചിരുന്നു. ഈ വർഷം മൂന്ന് ടീമുകളെ പങ്കെടുപ്പിച്ച് വുമൺസ് ടി20 ചലഞ്ചെന്ന പേരിൽ സൗഹൃദ മത്സരവും സംഘടിപ്പിച്ചു. ഗാംഗുലി ബി സി സി ഐ പ്രസിഡന്റ് ആയതിന് ശേഷം വലിയ മാറ്റങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റിലുണ്ടായത്. അതിന്റെ ആദ്യ ഉദാഹരണമായിരുന്നു ബംഗ്ലാദേശിനെതിരായുള്ള പിങ്ക് ടെസ്റ്റ്. വനിതാ ഐ പി എല്ലും പ്രാവർത്തികമാക്കുകയാണെങ്കിൽ അത് ഗാംഗുലിയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവൽ ആയിരിക്കും.