എരിഞ്ഞൊടുങ്ങിയത്‌ നിയമവാഴ്ച

രാജ്യത്തിന്റെ ബലാത്സംഗ തലസ്ഥാനമായി മാറിക്കഴിഞ്ഞ ഉന്നാവിലെ സംഭവ വികാസങ്ങള്‍ മാത്രം നോക്കിയാല്‍ മതി രാജ്യത്തിന്റെ നിയമവ്യവസ്ഥ എവിടെയെത്തി നില്‍ക്കുന്നുവെന്ന് മനസ്സിലാക്കാന്‍.
Posted on: December 8, 2019 12:36 pm | Last updated: December 8, 2019 at 12:36 pm

ജനങ്ങള്‍ പടക്കം പൊട്ടിച്ചു. മധുരപലഹാരം വിതരണം ചെയ്തു. ആനന്ദ നൃത്തമാടി. നാല് മനുഷ്യരുടെ മരണമാണ് ആഘോഷിക്കപ്പെട്ടത്. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം കത്തിച്ച പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതിനോടുള്ള പ്രതികരണം ഈ രാജ്യത്തെ നിയമവാഴ്ചയെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ബി എസ് പി മേധാവി മായാവതി പറഞ്ഞത് യു പിയിലെ പോലീസ് ഇത് കണ്ട് പഠിക്കട്ടെയെന്നാണ്. തന്റെ മകള്‍ക്ക് നീതി കിട്ടിയെന്ന് ഇരയുടെ പിതാവ് പറയുന്നതും കേട്ടു. ആ പിതാവിനെ കുറ്റം പറയാനൊക്കുമോ? തന്റെ മകളെ കൊന്നവരെ കൊല്ലണമെന്നേ അദ്ദേഹത്തിനുള്ളൂ. പടക്കം പൊട്ടിച്ച് ആഘോഷിച്ചവരും ഇരയോടുള്ള അടങ്ങാത്ത സ്‌നേഹത്താല്‍ ഹിസ്റ്റീരിയ ബാധിച്ച് തന്നെയാണ് ഈ വിഡ്ഢിത്തത്തിന് മുതിര്‍ന്നത്.

ആള്‍ക്കൂട്ട ആക്രമണത്തിന്റെ സ്വഭാവം ഈ ആഘോഷത്തിനുണ്ട്. വെറ്ററിനറി ഡോക്ടറെ കെണിയില്‍ വീഴ്ത്തിയതിന്റെ കഥകള്‍ മാധ്യമങ്ങള്‍ തന്‍മയത്വത്തോടെ അവതരിപ്പിച്ചപ്പോഴും വര്‍ഗീയ പ്രചാരണത്തിനായി പ്രതികളിലൊരാളുടെ പേര് ഉപയോഗിച്ചപ്പോഴുമെല്ലാം ഒരു ആള്‍ക്കൂട്ട ആക്രോശം രൂപപ്പെടുന്നുണ്ടായിരുന്നു. പാര്‍ലിമെന്റ് അംഗങ്ങള്‍ പോലും ഈ ആക്രോശത്തില്‍ പങ്കുചേര്‍ന്നു. പ്രതികളെ ആള്‍ക്കൂട്ടത്തിന് വിട്ടു കൊടുക്കൂ എന്നാണ് ജയാ ബച്ചന്‍ പറഞ്ഞത്. കൃത്യം നടന്നത് ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നതിനെ ചൊല്ലി തര്‍ക്കം കൂടിയ പോലീസ് അധികാരികളുടെ നേതാവാണ് കമ്മീഷണര്‍ സജ്ജനാര്‍. ഏറ്റുമുട്ടല്‍ കൊലകളില്‍ നേരത്തേ വൈദഗ്ധ്യം കാണിച്ച അദ്ദേഹത്തിനറിയാം, ആള്‍ക്കൂട്ട ആക്രോശത്തിന്റെ ശക്തി. പോലീസിന്റെ എല്ലാ പിടിപ്പു കേടുകളും നാല് മൃതദേഹങ്ങള്‍ക്ക് മുന്നില്‍ മാഞ്ഞു പോയി.
വെറ്ററിനറി ഡോക്ടറുടെ പിതാവ് പറഞ്ഞതാണ് കാര്യം. വേഗത്തില്‍ കാര്യങ്ങള്‍ തീര്‍പ്പായി. ശിക്ഷ കൃത്യമായി നടപ്പാക്കി. ഇതേ നിലപാട് ആയിരക്കണക്കിന് പൗരന്‍മാര്‍ മുന്നോട്ട് വെക്കുമ്പോള്‍ നിയമവാഴ്ചക്ക് കാര്യമായ കുഴപ്പങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് തീര്‍പ്പിലെത്തേണ്ടത്. ഈ നിയമവാഴ്ചയിലാണ് സാധാരണ പൗരന്റെ പ്രതീക്ഷയത്രയും കുടികൊള്ളുന്നത്. സ്വകാര്യമായ സുരക്ഷാ സംവിധാനങ്ങളല്ല, പൊതു സമൂഹം സൃഷ്ടിച്ചെടുത്ത ബോധങ്ങളും നിയമവ്യവസ്ഥയൊരുക്കുന്ന വലയങ്ങളും തന്നെയാണ് പൗരന് നിര്‍ഭയത്വം സമ്മാനിക്കുന്നത്. അതുകൊണ്ട് ആ വ്യവസ്ഥയിലുണ്ടാകുന്ന ദുഷിപ്പുകള്‍ മനുഷ്യരെ വല്ലാതെ നിരാശരാക്കും. എത്ര വലിയ മറകെട്ടിയാലും മറയ്ക്കാന്‍ ആകാത്തത്ര തലപ്പൊക്കമുണ്ട് നിയമവാഴ്ചയിലുള്ള അവിശ്വാസത്തിന്.

രാജ്യത്തിന്റെ ബലാത്സംഗ തലസ്ഥാനമായി മാറിക്കഴിഞ്ഞ ഉന്നാവിലെ സംഭവ വികാസങ്ങള്‍ മാത്രം നോക്കിയാല്‍ മതി രാജ്യത്തിന്റെ നിയമവ്യവസ്ഥ എവിടെയെത്തി നില്‍ക്കുന്നുവെന്ന് മനസ്സിലാക്കാന്‍. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയ ഇരയുടെ കത്തിക്കരിഞ്ഞ ശരീരം കണ്‍മുമ്പിലുണ്ട്. ഹൈദരാബാദിലെ എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലയുടെ വാര്‍ത്തയോടൊപ്പമാണ് ഇന്നലത്തെ പത്രങ്ങളില്‍ ഈ വാര്‍ത്തയും വന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് അവള്‍ ബലാത്സംഗത്തിനിരയായത്. കേസിന്റെ ആവശ്യത്തിന് പുറത്തുപോയ അവളെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. അവശയായി വീണ അവളെ പെട്രോള്‍ ഒഴിച്ച് തീവെച്ചു. രക്ഷക്കായി കിലോമീറ്റര്‍ ഓടിയ ഇര ഒടുവില്‍ മൃതപ്രായയായി വീണു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയവേ അവള്‍ പറഞ്ഞു: “എനിക്ക് മരിക്കേണ്ട. എന്നെ രക്ഷിക്കണം. എന്നെ ആക്രമിച്ചവര്‍ മരിച്ചു കിടക്കുന്നത് എനിക്ക് കാണണം’. ഇന്നലെ സഹോദരി മരിച്ചു കഴിഞ്ഞപ്പോള്‍ തന്നെ വളഞ്ഞ പത്രക്കാരോട് ആ ഇരയുടെ സഹോദരനും പറഞ്ഞത്, ഹൈദരാബാദ് മാതൃകയില്‍ പ്രതികളെ കൊല്ലണമെന്നാണ്. ഉന്നാവിലുള്ള എല്ലാ മനുഷ്യരും അത് തന്നെ പറയും. 11 മാസത്തിനിടെ 85 ബലാത്സംഗങ്ങളാണ് അവിടെ നടന്നത്. മിക്ക കേസിലെയും പ്രതികള്‍ സുഖമായി പുറത്ത് കഴിയുന്നു. ഇരകളെ ഭീഷണിപ്പെടുത്തുന്നു. ബന്ധുക്കള്‍ക്ക് പണം നല്‍കി കേസ് തേച്ചുമാച്ചു കളയുന്നു. ബി ജെ പിയുടെ ഉന്നതരായ മൂന്ന് നേതാക്കള്‍- നിയമസഭാ സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിത്, യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ ബ്രിജേഷ് പഥക്, എം പി സാക്ഷി മഹാരാജ്- ഈ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരാണ് പോലീസിനെ നിയന്ത്രിക്കുന്നത്.
ബി ജെ പി. എം എല്‍ എ കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ കേസ് വിസ്മൃതിയിലേക്ക് പോകാന്‍ കൂട്ടാക്കാതെ നില്‍ക്കുന്നത് ഇരയുടെ ഇച്ഛാശക്തി ഒന്നു കൊണ്ട് മാത്രമായിരുന്നു. പിതാവിനെ കൊന്നിട്ടും തന്നെയും അഭിഭാഷകനെയും ട്രക്ക് കയറ്റി കൊല്ലാന്‍ നോക്കിയിട്ടും അവര്‍ പിന്‍വാങ്ങിയില്ല. സെന്‍ഗാര്‍ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും ഇയാളുടെ സഹോദരനും സംഘ്പരിവാര്‍ സംഘടനകളുടെ നേതാവുമായ അതുല്‍ സിംഗ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നും കാണിച്ച് പത്ത് മാസത്തിലധികമാണ് ദരിദ്ര യുവതി ഔദ്യോഗിക കേന്ദ്രങ്ങളില്‍ അലഞ്ഞത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു. അങ്ങനെ അവള്‍ താന്‍ അനുഭവിച്ച അപമാനത്തിന്റെയും വേദനയുടെയും ചിത്രം സമൂഹത്തിന് മുന്നില്‍ വെച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു. ഉന്നാവ് ഇരയുടെ പിതാവിനെ സെന്‍ഗാറിന്റെ സഹോദരന്‍ മര്‍ദിച്ച് മൃതപ്രായനാക്കി. പരസ്യമായ മര്‍ദനത്തിനൊടുവില്‍ പറഞ്ഞുറപ്പിച്ച പോലെ പോലീസെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തു. ഐ പി സിയിലെ അഞ്ച് വകുപ്പുകള്‍ ചുമത്തി അയാളെ ജയിലിലേക്ക് അയക്കുന്ന വിരോധാഭാസമാണ് യോഗി സര്‍ക്കാറിന് കീഴില്‍ നടന്നത്. തന്റെ മകള്‍ അനുഭവിച്ചത് തികച്ചും നിയമപരമായി ചൂണ്ടിക്കാണിക്കുകയും നിയമത്തിന്റെ വഴിയില്‍ പരിഹാരം തേടുകയും മാത്രമാണ് ആ മനുഷ്യന്‍ ചെയ്തത്. അവിടെ തീര്‍ന്നില്ല. പോലീസ് കസ്റ്റഡിയില്‍ ആ മനുഷ്യന്‍ ക്രൂര മര്‍ദനത്തിനിരയായി, മരിച്ചു. എന്താണ് സംഭവിച്ചത്? ഭരണകൂടത്തിന്റെ ഭാഗമായ ഒരാളെ പരിരക്ഷിച്ച് നിര്‍ത്താന്‍ പോലീസ് സംവിധാനം അതിന്റെ ക്രൗര്യം മുഴുവന്‍ പുറത്തെടുത്തു.

അവിടെയും നിന്നില്ലല്ലോ. യുവതിയും അഭിഭാഷകനും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനം ഇടിച്ചു തെറിപ്പിച്ചു, സെന്‍ഗാറിനായി ക്വട്ടേഷന്‍ ഏറ്റെടുത്ത ട്രക്ക്. ആയുസ്സിന്റെ ബലം കൊണ്ട് അവള്‍ രക്ഷപ്പെട്ടു. ശരിയാണ്, സെന്‍ഗാര്‍ ഇപ്പോള്‍ ജയിലിലാണ്. അദ്ദേഹത്തെ പുറത്താക്കിയെന്നാണ് ബി ജെ പി പറയുന്നത്. അലഹാബാദ് ഹൈക്കോടതി നടത്തിയ ശക്തമായ ഇടപെടലാണ് അറസ്റ്റിലേക്ക് നയിച്ചത്. ഒരു പരിഗണനയും എം എല്‍ എ അര്‍ഹിക്കുന്നില്ലെന്നും യുവതിയുടെ പിതാവിന്റെ മരണത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികള്‍ക്കായി നിയമനിര്‍മാണ വിഭാഗവും എക്‌സിക്യൂട്ടീവും കൈകോര്‍ത്തപ്പോള്‍ നീതിന്യായ വിഭാഗം പ്രതീക്ഷയുടെ വെളിച്ചം കത്തിച്ചു വെക്കുകയായിരുന്നു.
ഇപ്പോള്‍ അതേ ഉന്നാവില്‍ ഒരു “ബേഠി’ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. ഫാസിസ്റ്റ് യുക്തികളുള്ള ഒരാള്‍ അധികാരത്തിലിരിക്കുമ്പോള്‍ അണികള്‍ക്കും അധികാരത്തിന്റെ പങ്കു പറ്റുന്നവര്‍ക്കും ഉണ്ടാകുന്ന ആത്മവിശ്വാസം ഒരു ഘട്ടം പിന്നിടുമ്പോള്‍ ധാര്‍ഷ്ട്യമായും അക്രമാസക്തതയായും ലൈംഗിക അരാജകത്വമായും പരിണമിക്കും. യോഗി അധികാരത്തിലിരിക്കുന്ന യു പി ഈ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഉന്നാവ് തെളിയിക്കുന്നു.

ഫാസിസ്റ്റ്‌വത്കരണവും വര്‍ഗീയ വിഭജനവും അതിവേഗം സംഭവിക്കുന്ന ഒരു രാജ്യത്തെ നീതിവ്യവസ്ഥയില്‍ നിന്ന് വലുതായൊന്നും പ്രതീക്ഷിക്കാനാകില്ലെന്ന് സമീപകാല കോടതി വിധികള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. പാര്‍ലിമെന്റില്‍ പാസ്സാക്കപ്പെടുന്ന നിയമങ്ങള്‍ വര്‍ഗീയ ഉള്ളടക്കം മറയില്ലാതെ പ്രഖ്യാപിക്കുന്നതാകുമ്പോള്‍, ഏത് വിഷയത്തെയും വര്‍ഗീയവത്കരിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഭരണ തലപ്പത്തിരിക്കുമ്പോള്‍ ജനങ്ങള്‍ അരാജകത്വത്തിലേക്ക് കൂപ്പു കുത്തും. അത്തരം അരാജക ആക്രോശങ്ങളല്ല, യഥാര്‍ഥ നിയമവാഴ്ചയാണ് കത്തിയമര്‍ന്നു പോയ സഹോദരിമാരോടുള്ള നീതി.