Connect with us

Editorial

ഇങ്ങനെയെങ്കില്‍ എന്തിന് കോടതിയും നിയമവും?

Published

|

Last Updated

അതീവ ഗുരുതരവും ഞെട്ടലുളവാക്കുന്നതുമാണ് ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാല് പ്രതികളും പോലീസ് വെടിയേറ്റു മരിച്ച സംഭവം. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തന്നെയാണ് പ്രതികളായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് ആരിഫ് എന്നിവര്‍ വെടിയേറ്റു മരിച്ചത്. ലോറിത്തൊഴിലാളികളാണ് നാല് പേരും. ഹൈദരാബാദില്‍ അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെക്കേണ്ടി വന്നതെന്ന് പോലീസ് പറയുന്നുവെങ്കിലും വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്ന പോലീസ് ഭാഷ്യം ശരിയെങ്കില്‍ അരക്ക് താഴെയാണ് വെടിയേല്‍ക്കേണ്ടിയിരുന്നത്.

പ്രതികള്‍ തോക്കും വടിയും അമ്പും ഉപയോഗിച്ചു പോലീസിനെ ആക്രമിച്ചുവെന്നാണ് കമ്മീഷണര്‍ സജ്ജനാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വെടിയേറ്റു മരിച്ച പ്രതികള്‍ തോക്ക് പിടിച്ച ചിത്രവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രതികൾ തങ്ങളുടെ തോക്ക് തട്ടിപ്പറിച്ചുവെന്നാണ് പോലീസ് ഭാഷ്യം. ഇവ കൈവശപ്പെടുത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈയും കെട്ടി നോക്കിനില്‍ക്കുകയായിരുന്നോ? മരിച്ചവരുടെ കൈയില്‍ തോക്ക് പിടിപ്പിച്ചു ഫോട്ടോയെടുക്കാന്‍ ഒരു പ്രയാസവുമില്ല. മാവോവാദികളെയും മറ്റും കൊല ചെയ്ത് ഏറ്റുമുട്ടലില്‍ സംഭവിച്ചതാണെന്ന് വരുത്തിത്തീർക്കാന്‍ പോലീസ് പലപ്പോഴും ഇത്തരം കുതന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നാൽവർ സംഘം ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്നത്. ഡോക്ടറുടെ സ്‌കൂട്ടറിന്റെ ടയര്‍ അവരറിയാതെ പഞ്ചറാക്കുകയും തുടര്‍ന്ന് അത് ശരിയാക്കിത്തരാമെന്ന് പറഞ്ഞെത്തിയ സംഘം ഡോക്ടറെ അടുത്തുള്ള വളപ്പിലേക്കു പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നുവത്രേ. കരയാതിരിക്കാന്‍ അവരുടെ വായില്‍ മദ്യം ബലമായി ഒഴിക്കുകയും ചെയ്തു. എങ്കിലും ഇടക്ക് അവര്‍ അലറിക്കരഞ്ഞു. അതോടെയാണ് കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിച്ചതെന്നാണ് പോലീസ് വിശദീകരണം. ബെംഗളൂരു ദേശീയപാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിച്ചത്തുവന്നതും പ്രതികൾ പിടിയിലായതും. സൈബര്‍ പോലീസിന്റെ സഹായത്തോടെ വീടുകളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് കൊടുംക്രൂരതക്കെതിരെ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവരികയും ചെയ്തതിനിടയിലാണ് പ്രതികള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നത്.
ഹൈദരാബാദ് മെട്രോപൊളിറ്റന്‍ പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍ ഐ പി എസിന്റെ അധികാര പരിധിയിൽപ്പെട്ട സ്ഥലത്താണ് പ്രതികള്‍ വെടിയേറ്റത്.

ഇദ്ദേഹം ചുമതലയിലിരിക്കെ മുമ്പും ഇതുപോലൊരു ഏറ്റുമുട്ടല്‍ കൊല നടന്നിട്ടുണ്ട്. 2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ഇതേതുടര്‍ന്നു ഒരു വിദ്യാര്‍ഥിനി മരിക്കുകയും ചെയ്ത കേസില്‍ പ്രതികളാക്കപ്പെട്ട ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നിവര്‍ വെടിയേറ്റ് മരിച്ച സംഭവമായിരുന്നു അത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവനൂരില്‍ എത്തിയപ്പോള്‍ അവര്‍ പോലീസിനു നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് തിരിച്ച് വെടിവെച്ചപ്പോഴാണ് മൂന്ന് പേരും കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസ് വിശദീകരണം. എന്നാല്‍, ഇത് പോലീസ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.
കേസിലെ പ്രതികള്‍ ചെയ്തത് കൊടുംക്രൂരതയാണെന്നതില്‍ സംശയമില്ല. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവര്‍ക്ക് നൽകേണ്ടതും അത് വേഗത്തില്‍ നടപ്പാക്കേണ്ടതും ആവശ്യമാണ്.

അതുപക്ഷേ, നിയമത്തിന്റെ വഴിയിലൂടെയായിരിക്കണം. ശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതികള്‍ നിരപരാധിയായിരിക്കാനുള്ള ചെറിയൊരു സാധ്യത പോലുമുണ്ടാകരുത്. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ നീതിവാക്യം. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് കോടതി നടപടികളിലൂടെയാണ്. ഡോക്ടര്‍ക്കെതിരെ നടന്ന നിഷ്ഠൂരത എത്രയും പെട്ടെന്ന് വിചാരണ ചെയ്ത് തീര്‍പ്പ് കല്‍പ്പിക്കാനായി അതിവേഗ കോടതി രൂപവത്കരിച്ച് ബുധനാഴ്ച ഉത്തരവ് വന്നിട്ടുണ്ട്. എന്നിരിക്കെ വിഷയം കോടതിയിലെത്തുകയും നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കുക്കുകയും ചെയ്യുന്നതിനു മുമ്പ് പോലീസ് തന്നെ സ്വയം നിയമം നടപ്പാക്കുകയാണെങ്കില്‍ എന്തിനാണ് രാജ്യത്ത് കോടതിയും നിയമവും. വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണിത്. വ്യക്തി സ്വാതന്ത്ര്യം ഹനിക്കരുതെന്നത് ഭരണഘടന 21 ാം വകുപ്പ് വ്യക്തമായി പറയുന്നുണ്ട്.
കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും തെളിവുകളുടെ ശേഖരണവും കുറ്റവാളികളുടെ അറസ്റ്റുമാണ് പോലീസിന്റെ ജോലി. പ്രതികളുടെ ജീവനെടുക്കാന്‍ അവര്‍ക്കൊരവകാശവുമില്ല. ബലാത്സംഗങ്ങളും ഇതര കുറ്റകൃത്യങ്ങളും നിയമത്തെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള പോലീസ് നടപടികളിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് കരുതുന്നത് വ്യര്‍ഥമാണ്. പ്രതികള്‍ വെടിയേറ്റ് മരിക്കാനിടയായതിനെക്കുറിച്ചു കുറ്റമറ്റ അന്വേഷണം നടത്തണം. തെലങ്കാന പോലീസിനോട് കേന്ദ്രം ഇതുസംബന്ധിച്ചു വിശദീകരണം തേടിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെടുകയും വസ്തുതാന്വേഷണത്തിന് കമ്മീഷന് കീഴിലെ ഇന്‍വെസ്റ്റിഗേഷന്‍ ജനറലിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സത്യം പുറത്തു വരാന്‍ ഈ അന്വേഷണം സഹായകമാകട്ടെ.