ബാബരി: ആധികളും അന്യായങ്ങളും

ആരൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും ഇന്ത്യയുടെ ജനാധിപത്യ മനസ്സും മുസ്‌ലിം വിശ്വാസി മനസ്സും ബാബരി മസ്ജിദിന്റെ കാര്യത്തില്‍ നടന്ന അനീതിയെ സമൂഹസ്മൃതിയില്‍ സ്മാരകവത്കരിക്കുക തന്നെ ചെയ്യും.
Posted on: December 6, 2019 11:16 am | Last updated: December 6, 2019 at 11:16 am

ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിം പക്ഷത്ത് നിന്നുള്ള അഭിഭാഷകരില്‍ പ്രമുഖനായ രാജീവ് ധവാന്‍ അടുത്തിടെ നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണ്. “ഇപ്പോഴും ബാബരി മസ്ജിദിന്റെ കെട്ടിടത്തില്‍, അതിന്റെ കല്ലിലും മണ്ണിലും മുസ്‌ലിംകള്‍ക്ക് നിയമപരമായി തന്നെ അവകാശമുണ്ട്. അതുകൊണ്ട് തന്നെ, ആ കല്ലും മണ്ണുമെടുത്ത് മുസ്‌ലിംകള്‍ക്ക്, ആ അനീതിക്ക് സ്മാരകമായി ഒരു സൗധം ഉണ്ടാക്കാവുന്നതാണ്’. അതിനോട് ചേര്‍ത്തു വെക്കാവുന്ന മറ്റൊരു വാര്‍ത്തയുണ്ട് രാജസ്ഥാനില്‍ നിന്ന്. അവിടെ മണലില്‍ കളിക്കുന്ന കുട്ടികള്‍ മണ്ണ് കൊണ്ട് ബാബരി മസ്ജിദ് ഉണ്ടാക്കുന്ന ചിത്രമാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. ആരൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും ഇന്ത്യയുടെ ജനാധിപത്യ മനസ്സും മുസ്‌ലിം വിശ്വാസി മനസ്സും ബാബരി മസ്ജിദിന്റെ കാര്യത്തില്‍ നടന്ന അനീതിയെ സമൂഹസ്മൃതിയില്‍ സ്മാരകവത്കരിക്കുക തന്നെ ചെയ്യും. ഇതിന്റെ പ്രത്യക്ഷ നിദാനങ്ങള്‍ തന്നെയാണ് മേല്‍പറഞ്ഞ രണ്ട് പ്രതികരണങ്ങളും.

1992 ഡിസംബര്‍ ആറിന് ഹിന്ദുത്വ ഹിംസാത്മക ദേശീയതയില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം അക്രമികളാണ് ബാബരി മസ്ജിദ് തകര്‍ത്തതെങ്കില്‍ ഈ നവംബറില്‍ തകര്‍ന്ന് പോയത് നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ എന്ന മഹത്തായ സങ്കല്‍പ്പത്തെ സംബന്ധിച്ചുള്ള വിശ്വാസം തന്നെയാണ്. രാജ്യത്തിന്റെ നിയമങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തി ബാബരി മസ്ജിദ് തകര്‍ത്തുകളഞ്ഞത് തീര്‍ത്തും തെറ്റാണെന്ന് പറയുന്ന കോടതി തന്നെയാണ് ആ ക്രിമിനല്‍ കുറ്റകൃത്യത്തെ സാധൂകരിക്കുന്ന വിധിന്യായവും പുറപ്പെടുവിച്ചിരിക്കുന്നത്. അതിലൂടെ ഇത്തരം അനീതികള്‍ സഹിക്കാന്‍ വിധിക്കപ്പെട്ട ഒരു സമൂഹം എന്ന നിലയിലേക്ക് രാജ്യത്തെ മുസ്‌ലിംകള്‍ മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് പരിണിത ഫലം. അതായത്, അയോധ്യാ വിധി യില്‍ ആരംഭിക്കുന്നതോ അതില്‍ തന്നെ അവസാനിക്കുന്നതോ ആയ പ്രതിഭാസമായി ഇത്തരം അനീതികള്‍ പരിമിതപ്പെടുകയില്ല. അത് മനസ്സിലാക്കണമെങ്കില്‍, ആര്‍ എസ് എസിന്റെ വിശുദ്ധ ഗ്രന്ഥമായ വിചാരധാര ഒരു തവണയെങ്കിലും മറിച്ച് നോക്കിയാല്‍ മതി. അത് മുസ്‌ലിംകളോട് നിരന്തരം ഉത്‌ബോധിപ്പിച്ചു കൊണ്ടിരിക്കുന്നത് നിങ്ങള്‍ ഈ രാജ്യത്തോട് കൂറുള്ളവര്‍ ആയിരിക്കണം എന്നാണ്. ആര്‍ എസ് എസ് ഉദ്ദേശിക്കുന്ന തരത്തിലുള്ള ആ സവിശേഷമായ കൂറുള്ളവരെ വിശേഷിപ്പിക്കാന്‍ “ഹിന്ദു മുസ്‌ലിം’ എന്ന പ്രത്യേക സംജ്ഞ തന്നെ അവര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അത്തരം സംജ്ഞക്ക് തീര്‍ത്തും അര്‍ഹരായവര്‍, പരിമിതമായ തോതിലെങ്കിലും വളര്‍ന്ന് വരുന്നുണ്ട് എന്നതും കാണാതിരുന്നു കൂടാ. രാമക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്ന് വാദിക്കുന്ന ആ മലയാളി പുരാവസ്തു പര്യവേക്ഷകന്‍ അതിന് ഒരു ഉദാഹരണം മാത്രമാണ്.

എന്തുകൊണ്ട് സംഘ്പരിവാര്‍ സവിശേഷമായി മുസ്‌ലിംകളില്‍ കേന്ദ്രീകരിക്കുന്നു എന്നത് ഈ സന്ദര്‍ഭത്തില്‍ ആലോചനാര്‍ഹമാണ്. അതിനുള്ള ഉത്തരവും വിചാരധാരയില്‍ തന്നെയുണ്ട്. ആ പുസ്തകം പൗരത്വത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്, “ഏതൊരു ജനസമൂഹത്തിന്റെ ജന്‍മ സ്ഥലവും പുണ്യസ്ഥലവും ഈ രാജ്യത്ത് തന്നെയായിട്ടുള്ളത്, അവരത്രേ പൗരത്വമെന്ന പരികല്‍പ്പനക്ക് അര്‍ഹര്‍’. അതനുസരിച്ച്, ദിവസത്തില്‍ അഞ്ച് നേരവും മക്കയിലെ ഖിബ്‌ലക്ക് അഭിമുഖമായി നിസ്‌കരിക്കുന്ന മുസ്‌ലിം സംഘ്പരിവാറിന്റെ സങ്കുചിത ദേശീയതക്ക് വെളിയില്‍ ആയിരിക്കും.

ഏറ്റവും അവസാനം അഭയാര്‍ഥിത്വവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തില്‍ മുസ്‌ലിംകള്‍ സവിശേഷമായ എക്‌സ്‌ക്ലൂഷന് വിധേയമാക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. അതേസമയം, ന്യൂനാല്‍ ന്യൂനപക്ഷമായ ബുദ്ധ, ജൈന മതങ്ങള്‍ സംഘ്പരിവാറിന്റെ പൗരത്വ പരികല്‍പ്പനക്ക് അകത്താണ്. അതുപോലെ, ഉത്തരേന്ത്യന്‍ ഹിന്ദു പൊതുബോധത്തെ എക്കാലവും അലോസരപ്പെടുത്തിയിരുന്ന സിഖ് മതത്തെയും അത് ഉള്‍ക്കൊണ്ടിരിക്കുന്നു. എന്തിനേറെ പറയുന്നു, കാന്ധമാനിലും ജാബുവയിലും മുസ്‌ലിംകളുടേതിന് സമാനമായ വംശഹത്യാ പരീക്ഷണങ്ങളിലൂടെ കടന്നുപോയ ക്രിസ്ത്യാനികളെയും പുതിയ പൗരത്വ പരികല്‍പ്പന ഉള്‍ക്കൊള്ളുന്നുണ്ട്. അതു കൊണ്ട് സംഘ്പരിവാറിന്റെ ഇത്തരം പ്രത്യക്ഷ നടപടികളെ ഇനിയും പഴയ മട്ടില്‍, ന്യൂനപക്ഷ വിരുദ്ധമെന്ന് പൊതുവത്കരിക്കാന്‍ കഴിയില്ല. തങ്ങള്‍ വിഭാവനം ചെയ്യുന്ന നവനാസി ദേശീയതയില്‍ ഇടമില്ലാത്തത് മുസ്‌ലിംകള്‍ക്കാണ്.

അതിനിടെ, അഭയാര്‍ഥി ബില്ലുമായി ബന്ധപ്പെട്ട് അസന്നിഗ്ധമായി ഹിന്ദുത്വ ദേശീയത പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ അഭയാര്‍ഥികള്‍ ആക്കപ്പെടേണ്ടവര്‍ ആരാണ് എന്നതിനെപ്പറ്റി സംഘ്പരിവാറിന് നല്ല ബോധമുണ്ടെന്ന് അഭയാര്‍ഥി ബില്ലും ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
ബാബരി മസ്ജിദിന്‍ മേലുള്ള നിയമപരമായ വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കാശിയിലേക്കും മഥുരയിലേക്കും അധിനിവേശം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും എന്ന് ചില കേന്ദ്രങ്ങള്‍ പറയുന്നതിന്റെ അര്‍ഥം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. കാശി, മഥുര ബാക്കി ഹൈ എന്ന മുദ്രാവാക്യം ഇപ്പോഴും സംഘ്പരിവാറിന്റെ സ്റ്റോര്‍ റൂമിലുണ്ട് എന്ന് സംശയിക്കേണ്ടതില്ല. അത് മുന്നോട്ടു വെച്ചാണ്, അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നല്ലത് എന്ന് ഇവര്‍ പറയാന്‍ ശ്രമിക്കുന്നത്. ബാബരി മസ്ജിദ് വിധിയും വേറൊരു തരത്തില്‍ പറയാന്‍ ശ്രമിച്ചതും അതു തന്നെയാണ്.
ആത്മാഭിമാനം അടിയറവ് വെക്കാത്ത പോരാട്ട വീര്യം തന്നെയാണ് മുസ്‌ലിംകളെ സംബന്ധിച്ച് അഭികാമ്യം. അതേസമയം, ഇവിടുത്തെ മതേതരവാദികള്‍ എന്ന് പറയുന്നവരോട് ബാബരി മസ്ജിദ് വിധി ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഒരു സമൂഹമെന്ന നിലയില്‍ സമ്പൂര്‍ണമായി മുസ്‌ലിംകളെ എതിര്‍ സ്ഥാനത്ത് നിര്‍ത്തുന്ന ഒരു അക്രമണോത്സുക ദേശീയത ഉരുവപ്പെടുമ്പോള്‍ ഉപാധികളില്ലാതെ മുസ്‌ലിംകളോടൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്നുള്ളത് തന്നെയാണ് മുഖ്യമായ ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരം, ഉണ്ടെന്നാണെങ്കിലും ഇല്ലെന്നാണെങ്കിലും, തീര്‍ച്ചയായും അത് നമ്മുടെ മതേതരത്വത്തിന്റെ ലിറ്റ്മസ് ടെസ്റ്റായിരിക്കും. ബാബരി മസ്ജിദ് അതിന്റെ ഏറ്റവും വലിയ ഉരകല്ലായിരിക്കും, എല്ലാ കാലത്തേക്കും.