ആരോഗ്യ രംഗത്തുനിന്നുള്ള അറിവ് പങ്കിടല്‍; വിപിഎസ് ഹെല്‍ത്ത് കെയറും ദുബൈ ഹെല്‍ത്ത് അതോറിറ്റിയും കരാറായി

Posted on: December 5, 2019 5:58 pm | Last updated: December 5, 2019 at 5:58 pm

ദുബൈ | ഇന്ത്യയിലെ ആരോഗ്യ മേഖലയില്‍ നിന്നുള്ള അറിവും അനുഭവസമ്പത്തും ലഭ്യമാക്കുന്നതിനായി ഇന്ത്യയിലും യുഎഇയിലും പ്രവര്‍ത്തന പരിചയമുള്ള വിപിഎസ് ഹെല്‍ത്ത് കെയറുമായി കൈകോര്‍ത്ത് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ദുബായിലെ ആരോഗ്യമേഖലയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഹെല്‍ത്ത് അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതമിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇരു സ്ഥാപനങ്ങളും സഹകരണത്തിനായി ധാരണയില്‍ എത്തിയത്.

ദുബൈ ഹെല്‍ത്ത് അതോറിറ്റി ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖുതമിയും വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലും ബംഗളൂരുവില്‍ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വിദഗ്ദ പരിചരണം ആവശ്യമായി വരുന്ന നിരവധി മേഖലകളില്‍ ഇരുസ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കും. ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അറിവ് പങ്കിടുന്നതിലൂടെ യുഎഇയിലെ പൗരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഗോള നിലവാരമുള്ള മെഡിക്കല്‍ പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ജനറല്‍ ഹുമൈദ് അല്‍ ഖുതമി പറഞ്ഞു.

യുഎഇയുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തുന്ന വിപിഎസ് ഹെല്‍ത്ത്‌കെയറിന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ഇന്ത്യയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനം ഉണ്ടെന്ന് ഡോ.ഷംഷീര്‍ വയലില്‍ കൂട്ടിച്ചേര്‍ത്തു. ദുബൈ ഹെല്‍ത്ത് അതോറിറ്റി പ്രതിനിധി സംഘം എറണാകുളത്തെ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രി സന്ദര്‍ശിച്ചശേഷമാണ് കരാറില്‍ ഒപ്പുവച്ചത്.