Connect with us

Gulf

നാല്പതാമത് ഗള്‍ഫ് ഉച്ചകോടി ഡിസംബര്‍ പത്തിന് റിയാദില്‍ ആരംഭിക്കും

Published

|

Last Updated

ദമാം | ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിന്റെ (ജി.സി.സി ) ഉച്ചകോടി ഡിസംബര്‍ പത്തിന് റിയാദില്‍ ആരംഭിക്കും. ഉച്ചകോടിയില്‍ പ്രാദേശിക, അന്തര്‍ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളെയും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യും.

തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) നേതാക്കളുടെ ഉച്ചകോടി സഹകരണവും സമന്വയവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാന്‍ സാഹായിക്കുമെന്നാണ് കരുതുന്നതെന്ന് ജി.സി.സി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി അഭിപ്രായപ്പെട്ടു.

നാല്‍പതാമത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത് യു. എ. ഇ ആയിരുന്നു. എന്നാല്‍ ഉച്ചകോടി ജി.സി.സി ആസ്ഥാന നഗരിയില്‍ ചേരാന്‍ സഊദിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉച്ചകോടി സഊദിയിലേക്ക് മാറ്റിയത്.

സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിയിലാണ് ഈ ഉച്ചകോടി നടക്കുന്നത്. മേഖലയിലെ പുതിയ സംഭവ വികാസങ്ങളും സുരക്ഷാ സ്ഥിതിഗതികളടക്കം പ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഉച്ചകോടിക്ക് മുന്നോടിയായി ജി സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി സഊദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം നടന്ന രണ്ട് ഉച്ചകോടിയിലും സമിതിയിലെ മുഴുവന്‍ അംഗ രാജ്യങ്ങളും പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. എന്നാല്‍ ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ സഊദി, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് മഞ്ഞുരുകലിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.