Connect with us

National

യു പി ഗവര്‍ണര്‍ മാറിയില്ലെങ്കില്‍ രാജ്ഭവന്‍ ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ രാജ്ഭവന്‍ വിട്ടുപോയില്ലെങ്കില്‍ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി. ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് ഗ്രൂപ്പായ ടി എസ് പി സിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. പത്ത് ദിവസമാണ് ഗവര്‍ണര്‍ക്ക് രാജ്ഭവന്‍ വിട്ടുപോകാന്‍ ഇവര്‍ നല്‍കിയ സമയം. ഹസ്രത്ത്ജംഗ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കത്ത് അയച്ച സ്ഥലം കണ്ടെത്തിയ അന്വേഷണം വേഗത്തിലാക്കാനാണ് നീക്കം.

ഗവര്‍ണറും രാഷ്ട്രപതിയും അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നത് തടയുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ അടക്കമുള്ളവചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. രാജ്ഭവനില്‍ ലഭിച്ച കത്ത് തുടര്‍നടപടികള്‍ക്കായി സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഹേമനന്ദ് റാവു പറഞ്ഞു.

ആഭ്യന്തര മന്ത്രാലയം ഭീഷണിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഡി ജി പി, സുരക്ഷാ ചുമതലയുള്ള എ ഡി ജി പി എന്നിവരോട് സ്ഥിതിഗതികള്‍ വിലയിരുത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്ഭവന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രാലയം നിര്‍ദേശവും നല്‍കിയിട്ടുണ്ട്.