Connect with us

Kerala

അവഗണന തുടരുന്നു; കേരളത്തിന് അനുവദിച്ച അഴീക്കല്‍ കോസ്റ്റ് ഗാര്‍ഡ് അക്കാഡമി കേന്ദ്രം ഉപേക്ഷിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  കേരളത്തിന് അനുവദിച്ച അഴീക്കലിലെ നിര്‍ദിഷ്ട കോസ്റ്റ് ഗാര്‍ഡ് അക്കാഡമി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചില്ലെന്നാണ് ന്യായം. പദ്ധതി പ്രദേശം തീരദേശ പരിപാലന മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ലെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. സി ആര്‍ ഇസഡ് ഒന്നില്‍ പെടുന്നതിനാല്‍ നിര്‍മാണത്തിന് അനുമതി നല്‍കാന്‍ കഴിയില്ല. അതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയാണെന്നാണ് പ്രതിരോധ മന്ത്രാലയം പാര്‍ലിമെന്റില്‍ അറിയിച്ചത്.

അക്കാഡമി അഴീക്കലില്‍ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്ര പ്രധാനമായ ഈ സ്ഥലത്തു തന്നെ എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെയും കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. കണ്ണൂരില്‍ മറ്റൊരിടത്ത് പദ്ധതി നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം മുഖ്യമന്ത്രിക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിരോധ മന്ത്രാലയം പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കുകയായിരുന്നു.

2009ലാണ് ഒരു കോസ്റ്റ് ഗാര്‍ഡ് അക്കാഡമി കേരളത്തില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ അഴീക്കലിലെ 164 ഏക്കര്‍ സ്ഥലം അക്കാഡമി സ്ഥാപിക്കുന്നതിനുവേണ്ടി കൈമാറുകയും 2011 മെയ് 28ന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി തറക്കല്ലിടുകയും ചെയ്തു. കണ്ടല്‍ക്കാട് കൂടി ഉള്‍പ്പെടുന്ന പ്രദേശമാണ് ഇത് എന്നതിനാല്‍ അവ ഉള്‍പ്പെടാത്ത സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിന് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുായിരുന്നു. ഇതിന്റെ അനുമതിക്കുവേണ്ടി പ്രസ്തുത മന്ത്രാലയത്തെ സമീപിക്കുന്നതിന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി കോസ്റ്റ് ഗാര്‍ഡിന് അനുകൂലമായ ശിപാര്‍ശയും നല്‍കിയിരുന്നു. അതനുസരിച്ച് കോസ്റ്റ് ഗാര്‍ഡ് ശിപാര്‍ശ സമര്‍പ്പിച്ചുവെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ല.

അക്കാഡമി കര്‍ണാടകയിലെ മംഗളൂരുവിനടുത്തെ വൈക്കംപാടി എന്ന സ്ഥലത്തേക്ക് മാറ്റാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതൂപോലെ കേരളത്തിന് അനുമതിച്ച ശേഷം ഭൂമിയും മറ്റും സംസ്ഥാനം കണ്ടെത്തിയ ശേഷം കേന്ദ്രം ഉപേക്ഷിച്ച മറ്റൊരു ശ്രദ്ധേയ പദ്ധതിയായിരുന്നു കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി.

---- facebook comment plugin here -----

Latest