മോദി സര്‍ക്കാരിന്റെ നിയോ ലിബറല്‍ നയങ്ങള്‍ രാജ്യത്ത് മരുഭൂമികള്‍ ഉണ്ടാക്കുന്നു : കെ ടി കുഞ്ഞിക്കണ്ണന്‍

Posted on: December 1, 2019 7:08 pm | Last updated: December 1, 2019 at 7:08 pm

മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം അസംഖ്യം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും കൃഷി ഉപേക്ഷിച്ച് മറ്റു തൊഴിലുകള്‍ തേടി അന്യദേശങ്ങളിലേക്ക് പാലായനം ചെയ്യേണ്ടിവരുന്നതോടെ ഇന്ത്യയില്‍ പുതിയ മരുഭൂമികള്‍ സൃഷ്ഠിക്കപ്പെടുകയാണെന്നും സി പി എം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറും എഴുത്തുകാരനുമായ കെ ടി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. കേളി കലാസാംസ്‌കാരിക വേദി ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്ര സമ്പത്ത് സ്വദേശികളും വിദേശികളുമായ കുത്തകകള്‍ക്ക് തീറെഴുതികൊടുത്ത് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ എല്ലാ മേഖലകളേയും തകര്‍ക്കുകയും രാജ്യത്തിന്റെ സ്വാശ്രയത്വം തന്നെ അപകടത്തിലാക്കുകയുമാണ്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കായി കോടതിയെ സമീപിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

റിയാദില്‍ നടന്ന സ്വീകരണപരിപാടിയില്‍ പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു.
ജോസഫ് ഷാജി കെപിഎം സാദിഖ്,കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്, സീബ കൂവോട് എന്നിവര്‍ സംബന്ധിച്ചു ,സുരേഷ് കണ്ണപുരം സ്വാഗതവും, ടി ആര്‍ സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു