Connect with us

National

'രാജ്യത്ത് ഭയപ്പെടേണ്ട അന്തരീക്ഷം നിലനില്‍ക്കുന്നു'; അമിത് ഷാക്ക് മുന്നില്‍ രൂക്ഷ വിമര്‍ശവുമായി രാഹുല്‍ ബജാജ്

Published

|

Last Updated

മുംബൈ| കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയക്കുന്ന അന്തരീക്ഷമാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്ന് വ്യവസായിയും ബജാജ് ഗ്രൂപ്പ് ചെയര്‍മാനുമായ രാഹുല്‍ ബജാജ്. മുംബൈയില്‍ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്രമന്ത്രി അമിത് ഷായെ വേദിയിലിരുത്തിയാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനം.

“ഞങ്ങള്‍ ഭയപ്പെടുന്നുണ്ട്. ഭയപ്പെടേണ്ട ഒരു അന്തരീക്ഷം തീര്‍ച്ചയായും മനസ്സിലുണ്ട്. എന്നാല്‍ വ്യവസായ മേഖലയില്‍നിന്ന് എന്റെ സുഹൃത്തുക്കള്‍ ആരും തന്നെ ഇതേക്കുറിച്ച് സംസാരിക്കില്ല. സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയക്കുകയാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഞങ്ങളുടെ വിമര്‍ശനം നിങ്ങള്‍ എങ്ങനെ എടുക്കുമെന്നു ഭയമാണ്” -രാഹുല്‍ ബജാജ് പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് രാഹുല്‍ബജാജ് കേന്ദ്രത്തിനെതിരെ ശക്തമായ വിമര്‍ശമുന്നയിച്ചത്. ഗാന്ധിജിയെ വെടിവച്ചത് ആരാണെന്ന കാര്യത്തില്‍ തനിക്കു സംശയമില്ലെന്ന്, ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ഗോഡ്‌സേ സ്തുതിയെ പരാമര്‍ശിച്ച് ബജാജ് ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പു കാലത്ത്, പ്രഗ്യാക്ക് മാപ്പില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അതേ പ്രഗ്യായെ പ്രതിരോധ, പാര്‍ലമെന്ററികാര്യ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതാണ് പിന്നീട് കണ്ടതെന്നും ബജാജ് വിമര്‍ശമുന്നയിച്ചു.
എന്നാല്‍, ഭയക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു. സര്‍ക്കാരിനെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. സുതാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഷാ വ്യക്തമാക്കി. രാഹുല്‍ ബജാജ് പറയുന്നതു പോലൊരു അന്തരീക്ഷ നിലനില്‍ക്കുന്നെങ്കില്‍ അത് മാറ്റാല്‍ ശ്രമിക്കുമെന്നും അമിത് ഷാ പറഞ്ഞു.രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് രാഹുല്‍ ബജാജും അതേ ആശങ്ക പങ്കുവെച്ചത്.

Latest