മഹാരാഷ്ട്ര സഭയില്‍ അനായാസം വിശ്വാസം നേടി താക്കറെ സര്‍ക്കാര്‍

Posted on: November 30, 2019 3:17 pm | Last updated: November 30, 2019 at 9:46 pm

മുംബൈ |  മഹാരാഷ്ട്രയില്‍ നിയമസഭയില്‍ വ്യക്തമായ ഭൂരിഭക്ഷത്തോടെ വിശ്വാസവോട്ട് നേടി ഉദ്ദവ് താക്കാറെ സര്‍ക്കാര്‍. 288 അംഗ സഭയില്‍ 169 വോട്ടുകളുടെ പിന്തുണ നേടിയാണ് മഹാവികാസ് അഘാഡി സര്‍ക്കാര്‍ സഭയില്‍ കരുത്തറിയിച്ചത്. കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന എന്നിവര്‍ക്കായി 154 വോട്ടുകളായിരുന്നു ഉണ്ടായിരുന്നു. എന്നാല്‍ സ്വതന്ത്രരുടേതും മറ്റ് ചെറു പാര്‍ട്ടികളുടേതുമടക്കം 169 പേരുടെ പിന്തുണ ഉറപ്പിക്കാന്‍ ത്രികക്ഷി സഖ്യത്തിന് കഴിഞ്ഞു. സര്‍ക്കാറുണ്ടാക്കാന്‍ നേരത്തെ ഗവര്‍ണര്‍ക്ക് മുമ്പില്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍ 162 പേരുടെ പിന്തുണയുണ്ടെന്നായിരുന്നു ഉദ്ദവ് താക്കറെ അവകാശപ്പെട്ടത്. എന്നാല്‍ ഇതില്‍ കൂടുതല്‍ നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനായി സഭ ചേര്‍ന്നതും നേരത്തെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതും ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. സര്‍ക്കാറിനൊപ്പം ചേരാതിരുന്ന സി പി എം അംഗവും അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും രാജ് താക്കറയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സഭ ചേരുന്നതിന് മുമ്പ്തന്നെ ത്രികക്ഷി സഖ്യത്തിലെ ശിവസേനയും കോണ്‍ഗ്രസും എന്‍ സി പിയും സ്വന്തം എം എല്‍ എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇതിനാല്‍ സഖ്യത്തിന്റെ ഒരു വോട്ട് പോലും ചോര്‍ന്നില്ല.

എന്‍ സി പിയിലെ ദിലിപ് വാല്‍സെ പാട്ടീലിനെ താത്കാലിക സ്പീക്കറായി നിശ്ചച്ച് ഉച്ചക്ക് രണ്ടി മണിക്ക് തന്നെ വിശ്വാസ വോട്ടെടുപ്പിനായി സഭാ നടപടികള്‍ തുടങ്ങി. സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ച ശേഷം സഖ്യത്തിലെ അശോക് ചവാനെ വിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ക്ഷണിച്ചു.  പ്രമേയം അവതരിപ്പിച്ച് കഴിഞ്ഞ ഉടന്‍ പ്രതിഷേധവുമായി ബി ജെ പി രംഗത്തെത്തി. മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ ചട്ടങ്ങളും നടപടി ക്രമങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബി ജെ പി പ്രതിഷേധം.

ചട്ടങ്ങള്‍ ലംഘിച്ച് ഭരണഘടാന വിരുദ്ധമായ നടപടികളുടെ ഭാഗമാകാന്‍ ഇല്ലെന്ന് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ബി ജെ പിക്ക് വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച വിവരം നല്‍കിയത്. ഇതിനാല്‍ തങ്ങളുടെ മുഴുവന്‍ എം എ്ല്‍ എമാരേയും സഭയിലെത്തിക്കാനായില്ല. മഹാരാഷ്ട്ര പോലത്തെ വലിയ ഒരു സംസ്ഥാനത്ത് ഒരു രാത്രികൊണ്ട് മുഴുവന്‍ എം എല്‍ എമാരേയും മുംബൈയിലെത്തിക്കാനാകില്ല. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പായി വന്ദേമാതരം ചൊല്ലിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താത്കാലിക സ്പീക്കറെ അടക്കം വിമര്‍ശിച്ചായിരുന്നു ഫഡ്‌നാവിസിന്റെ പ്രസംഗം. നടപടി ക്രമങ്ങള്‍ പാലിക്കാതെ സഭ ചേര്‍ന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും തങ്ങള്‍ വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സഭാ നടപടികള്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ടെലികാസ്റ്റ് ചെയ്യുന്നുണ്ടെന്നും രാജ്യം മുഴുവന്‍ ഇതെല്ലാം വീക്ഷിക്കുന്നുണ്ടെന്ന കാര്യം ഓര്‍മ വേണമെന്നും സ്പീക്കര്‍ മറുപടി നല്‍കി. തുടര്‍ന്ന് ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബി ജെ പി അംഗങ്ങള്‍ സഭവിട്ട് ഇറങ്ങുകയായിരുന്നു. പുറത്തിറങ്ങിയ ഫഡ്‌നാവിസ് മാധ്യമങ്ങള്‍ക്ക് മുമ്പിലും നടപടി ക്രമങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചു. എന്നാല്‍ മുഴുവന്‍ അംഗങ്ങളും എത്താത്തതിനാല്‍ സ്വന്തം വോട്ടുകളില്‍ കുറവുണ്ടാകുമെന്ന് ഭയന്നാണ് ബി ജെ പി സഭ ബഹിഷ്‌ക്കരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രിസഭാവികസനവും സ്പീക്കര്‍ തിരഞ്ഞെടുപ്പും ഡിസംബര്‍ മൂന്നിന് നടന്നേക്കുമെന്നാണ് സൂചന. വ്യാഴാഴ്ച ഉദ്ധവ് താക്കറെക്കൊപ്പം മൂന്ന് പാര്‍ട്ടികളില്‍ നിന്നായി ആറ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.