സ്‌കൂള്‍ കലാമേള ഇനി ഗ്രാമങ്ങളിലേക്ക്

Posted on: November 30, 2019 11:13 am | Last updated: November 30, 2019 at 12:51 pm

കാഞ്ഞങ്ങാട് | ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി കലാമാമാങ്കമായ സ്‌കൂള്‍ കലാമേള ഇനി ഗ്രാമീണ മേഖലയിലേക്ക്. നഗരങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടക്കുന്ന സ്‌കൂള്‍ കലാമേള കേരളത്തിന്റെ സാംസ്‌കാരികോല്‍സവമായി ഗ്രാമങ്ങളിലേക്കു കൊണ്ടുപോവുമെന്നു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് കലോല്‍സവ വേദിയില്‍ സിറാജിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറ!ഞ്ഞു.

ജനകീയ പങ്കാളിത്തത്തോടെ കലോല്‍സവത്തെ ജനങ്ങളുടെ ഉല്‍സവമാക്കിമാറ്റുകയാണു ലക്ഷ്യം. നിലവിലുണ്ടായിരുന്ന കലോല്‍സവ മാന്വല്‍ തീര്‍ത്തും ഉദ്യോഗസ്ഥ നിര്‍മിതിയായിരുന്നു. അതിന്റെ പരിമിതികള്‍ തിരുത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ആദ്യം ആരംഭിച്ചത്. രണ്ടുഘട്ടങ്ങളിലായി നടത്തിയ മാന്വല്‍ പരിഷ്‌കരണത്തിന്റെ മൂന്നാം ഘട്ടം നടത്തുന്നതോടെ മേളകള്‍ ഗ്രാമങ്ങളിലേക്കു കൊണ്ടു പോകാന്‍ സജ്ജമാവും. നഗരങ്ങള്‍ക്ക് നിരവധിയായ വലിയ ആഘോഷങ്ങളുണ്ട്. എന്നാല്‍ ഗ്രമപ്രദേശങ്ങള്‍ ഇത്തരം മേളക്കു സാക്ഷ്യം വഹിക്കാനുള്ള അവസരമുണ്ടാക്കുകയാണു ലക്ഷ്യം.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ പൊതു ജനങ്ങളുടെ പങ്കാളിത്തം വന്‍തോതില്‍ ഉറപ്പു വരുത്തുന്നുണ്ട്. ജനങ്ങള്‍ വിദ്യാഭ്യസ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതിന്റെ തുടര്‍ച്ച എന്ന നിലയിലായിരിക്കും കലോല്‍സവത്തിന്റെ ഭാവിയെ പരിവര്‍ത്തിപ്പിക്കുക.

വിദ്യാഭ്യാസ മെന്നാല്‍ വെറും അക്കാഡമിക്ക് പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. അതിന് കലയുടേയും കായിക വിനോദത്തിന്റെയും പങ്കാളിത്തം ആവശ്യമുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മാന്വല്‍ പരിഷ്‌കാരം നടപ്പാക്കിയത്. കണ്ണൂര്‍ കലോല്‍സവത്തോടനുബന്ധിച്ചു നടപ്പാക്കിയ പരിഷ്‌കാരം തൃശൂരില്‍ എത്തിയപ്പോഴേക്കും കുറച്ചുകൂടി വിപുലപ്പെട്ടു. ആലപ്പുഴ മേള പ്രളയത്തിന്റെ പശ്ചാത്തലത്തിലായതിനാല്‍ പരിഷ്‌കാരം നടപ്പാക്കാന്‍ വേണ്ടത്ര കഴിഞ്ഞില്ല.

ഇപ്പോഴും വിധി നിര്‍ണയം പോലുള്ള കാര്യങ്ങളില്‍ പരാതി നിലനില്‍ക്കുകയാണ്. പരാതികള്‍ക്ക് ഇടയില്ലാത്ത വിധമുള്‌ല സംവിധാനം മല്‍സര വേദിയില്‍ ഉണ്ടാവേണ്ടതുണ്ട്.
എല്ലാവരുടേയും പങ്കാളിത്തം ഉണ്ടായാല്‍ പരിഷ്‌കാരം ചരിത്രം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.