Connect with us

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ല; പരിശോധിക്കാം- സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ നടന്‍ ദിലീപിന് സുപ്രീം കോടതിയില്‍നിന്നും തിരിച്ചടി. ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കേസിന്റെ ആവശ്യങ്ങള്‍ക്കായി കാണാന്‍ ദിലീപിന്അനുമതി നല്‍കി. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ദൃശ്യങ്ങള്‍ വീണ്ടും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയായതിനാല്‍ അത് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും കണക്കിലെടുക്കാന്‍ തയ്യാറാകാത്ത കോടതി ഹരജി തള്ളുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമെ ദൃശ്യങ്ങള്‍ പരിശോധിക്കാവു എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

എന്നാല്‍, മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിന്റെ വാദം. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയാണ്. നിയമപരമായി അത് ലഭിക്കാന്‍ അവകാശമുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു. ദൃശ്യങ്ങള്‍ കൈമാറുന്നിന് ഉപാധികള്‍ വെക്കാമെന്നും ദൃശ്യങ്ങള്‍ ചോരാതിരിക്കാന്‍ വാട്ടര്‍മാര്‍ക്കിട്ട് നല്‍കിയാല്‍ മതിയെന്നും ദിലീപ് അറിയിച്ചിരുന്നു.അതേസമയം ഉപാധികളോടെ പോലും ദൃശ്യങ്ങള്‍ കൈമാറരുതെന്നാണ് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഇന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതോടെ വിചാരണ നടപടികളിലേക്ക് പോകുന്നതിന് അന്വേഷണ സംഘത്തിനുള്ള തടസ്സം നീങ്ങിക്കിട്ടി