Connect with us

National

രാജി ഡല്‍ഹിയിലെ ബിജെപി നേതാക്കള്‍ക്ക് മുഖത്തേറ്റ അടി; പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രാ മുഖ്യമന്ത്രിസ്ഥാനം ദേവേന്ദ്ര ഫഡ്‌നവിസിന് രാജിവെക്കേണ്ടി വന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും മഹാരാഷട്രയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. രാജി പ്രഖ്യാപനം ഫഡ്‌നാവിന്റെ പരാജയം മാത്രമല്ല ഡല്‍ഹിയിലെ അവരുടെ നേതാക്കന്‍മാരുടെ മുഖത്തേറ്റ അടിയുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണിത്. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാര്‍ രൂപവത്കരിക്കാമെന്നാണ് അവര്‍ കരുതിയതെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

അതിനിടെ മഹാരാഷ്ട്ര ഗവര്‍ണര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. നുണകള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയ ഫഡ്‌നാവിസ് സര്‍ക്കാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ഫഡ്‌നാവിസിന്റെ രാജി സ്വീകരിക്കണമെന്നും സേന എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഉടന്‍ ക്ഷണിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍ മഹാരാഷ്ട്രാ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.

ഫഡ്‌നവിസിന്റെ രാജി മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിജയമാണെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പ്രതികരിച്ചു. സത്യം മാത്രമെ വിജയിക്കൂവെന്നും ജനങ്ങള്‍ക്ക് നീതി ലഭിച്ചുവെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി അശോക് ഹെഗ്‌ലോത് പ്രതികരിച്ചു. ബുധനാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫഡ്‌നാവിസ് രാജി പ്രഖ്യാപിച്ചത്. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ എട്ടിന് ആരംഭിക്കുമെന്ന് പ്രോടേം സ്പീക്കര്‍ കാളിദാസ് കോളാകര്‍ അറിയിച്ചു.