Connect with us

Gulf

സൂക് അല്‍ ഖത്തറ കരകൗശല മഹോത്സവം സമാപിച്ചു

Published

|

Last Updated

അബൂദബി: അല്‍ ഐന്‍ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്റെ രക്ഷാകര്‍ത്വത്തില്‍ അല്‍ ഐന്‍ സൂക് അല്‍ ഖത്തറയില്‍ നടന്നുവന്ന ആറാമത് പരമ്പരാഗത കരകൗശല ഉത്സവം സമാപിച്ചു. പൂര്‍വികരുടെ കരകൗശലം, ജനങ്ങളുടെ അഭിമാനം എന്ന ശീര്‍ഷകത്തില്‍ ഒക്ടോബര്‍ 30 ന് ആരംഭിച്ച കരകൗശല ഉത്സവം അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പ് ഡി സി ടിയാണ് സംഘടിപ്പിച്ചത്. 18 ദിവസം നീണ്ടു നിന്ന കരകൗശല ഉത്സവത്തില്‍ പരമ്പരാഗത സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, പ്രകടനങ്ങള്‍ കൂടാതെ ഇമാറാത്തി പൈതൃകത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയ നിരവധി പരിപാടികള്‍ ഒരുക്കിയിരുന്നു. കരകൗശല ഉത്സവം 106,321 സന്ദര്‍ശകരെ ആകര്‍ഷിച്ചതായി ഡി സി ടി അബൂദബി അറിയിച്ചു.

ഇന്നത്തെ സമൂഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന അഭിരുചികളും ആവശ്യങ്ങളും അനുസരിച്ച് നമ്മുടെ പൈതൃകം സംരക്ഷിക്കാനും ആഘോഷിക്കാനും ഡി സി ടി അബൂദബി നടത്തിയ ശ്രമങ്ങള്‍ക്ക് വാര്‍ഷിക പരമ്പരാഗത കരക കൗശല ഉത്സവം ഗണ്യമായി സംഭാവന ചെയ്തതായി അബൂദബി ഡി സി ടി അണ്ടര്‍ സെക്രട്ടറി സെയ്ഫ് സയീദ് ഘോബാഷ് പറഞ്ഞു. മേളയുടെ ആറാം പതിപ്പ് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചു, ഇമറാത്തിന്റെ പൈതൃകവുമായി ഇടപഴകാനും ദൈനംദിന ജീവിതത്തില്‍ അതിന്റെ തുടര്‍ച്ചയായ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാനും പൊതുജനങ്ങള്‍ക്ക് മേളയിലൂടെ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ചരിത്രത്തിലും സംസ്‌കാരത്തിലും സമ്പന്നമായ അല്‍ ഐനിനെ സവിശേഷ ടൂറിസം കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്സവം സംഘടിപ്പിച്ചത്. ഈ വര്‍ഷത്തെ ഉത്സവത്തില്‍ യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൈതൃക സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍, സിവില്‍ ഓര്‍ഗനൈസേഷനുകള്‍ എന്നിവിടങ്ങളിലെ പരമ്പരാഗത കരകൗശല വിദഗ്ധരുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഉത്സവത്തില്‍ പ്രധാന പൊതു പരിപാടികള്‍ക്ക് പുറമേ, ഫെസ്റ്റിവല്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരിപാടിയും തയ്യാറാക്കിയിരുന്നു. കരകൗശല വസ്തുക്കള്‍, ഫാല്‍ക്കണ്‍റി, പരമ്പരാഗത ഗെയിമുകള്‍ എന്നിവയെക്കുറിച്ചുള്ള വര്‍ക്ക് ഷോപ്പുകളും ഒരുക്കിയിരുന്നു.