റിട്ട. എസ്‌ഐയുടെ കൊലപാതകം; ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലെത്തിച്ച അയല്‍വാസി ഓടി രക്ഷപ്പെട്ടു

Posted on: November 25, 2019 9:08 pm | Last updated: November 26, 2019 at 10:19 am
കൊല്ലപ്പെട്ട ശശിധരന്‍

കോട്ടയം |അടിച്ചിറയില്‍ പ്രഭാത സവാരിക്കിറങ്ങിയ റിട്ട. എസ്‌ഐ മുടിയൂര്‍ക്കര പറയകാവില്‍ സി ആര്‍ ശശിധരന്‍(62) തലക്ക് അടിയേറ്റു മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യാനായി പോലീസ് സ്‌റ്റേഷനിലെത്തിച്ച അയല്‍വാസി ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ സംശയം തോന്നി കസ്റ്റഡിയിലെടുത്ത കണ്ണാമ്പടം ജോസഫ് കുര്യന്‍ എന്ന സിജുവാണ്(45) പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനിടെ വൈകിട്ട് ആറരയോടെ ഇറങ്ങിയോടിയത്. കുറ്റം സമ്മതിക്കാത്തതിനാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

പോലീസിനെ കബളിപ്പിച്ചാണ് സിജു രക്ഷപ്പെട്ടത്. തെളിവുകളുടെ അഭാവത്തില്‍ സിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇയാളെ സെല്ലില്‍ അടച്ചിരുന്നില്ല. ഇതു മുതലെടുത്തതാണ് വൈകിട്ട് ആറരയോടെ ഇയാള്‍ പോലീസിന്റെ കണ്ണു വെട്ടിച്ചു കടന്നത്. ശശിധരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധത്തിനായി ഇന്നലെ ഉച്ചവരെ സിജുവിന്റെ വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയ പോലീസിന് ഒരു തുമ്പും ലഭിച്ചിരുന്നില്ല.