രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പരാതിയുമായി യുവമോർച്ച നേതാവ്

Posted on: November 25, 2019 2:37 pm | Last updated: November 25, 2019 at 8:41 pm

എടക്കര | വയനാട് എം പി രാഹുല്‍ഗാന്ധിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് എടക്കര പോലീസില്‍ പരാതി നല്‍കിയത്.

രാഹുല്‍ ഗാന്ധിയെ അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലമായ വയനാട്ടിലും പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ അവിടെയും യും അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നുണ്ട്. നവമാധ്യമങ്ങള്‍ വഴി അദ്ദേഹത്തെ കാണ്മാനില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കുന്നുണ്ടെന്നും അതിനാല്‍ പ്രസ്തുത എംപിയെ എവിടെ എന്ന് കണ്ടെത്തി അറിയിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അജി തോമസ് പരാതിയില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ രംഗത്തെത്തിയതിന് പിന്നാലെയാണ്അജിതോമസ് പോലീസില്‍ പരാതി നല്‍കിയത്. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.