മഞ്ചിക്കണ്ടിയില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ടെന്ന് മാവോയിസ്റ്റുകള്‍

Posted on: November 25, 2019 1:15 pm | Last updated: November 25, 2019 at 2:40 pm

കല്‍പ്പറ്റ | നാല് പേര്‍ വെടിയേറ്റ് മരിച്ച അട്ടപ്പാടി മഞ്ചിക്കണ്ടി മലയില്‍വെച്ച് തങ്ങളുടെ കൂടുതല്‍ പ്രവര്‍ത്തകര്‍ പിടിയിലായതായി മാവോയിസ്റ്റുകള്‍. ഇവരെ പോലീസ് കസ്റ്റഡിയില്‍വെച്ചിരിക്കുകയാണെന്നും മാവോയിസ്റ്റുകള്‍ കത്തിലൂടെ അറിയിച്ചു. വയനാട് പ്രസ്‌ക്ലബ്ബിലേക്കാണ് മാവോയിസ്റ്റുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരിക്കുന്നത്. സി പി ഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. പോലീസ് പിടികൂടിയ പ്രവര്‍ത്തകരെ സംബന്ധിച്ച് ആശങ്കയുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും വിഷയത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

നാല് മാവോയിസ്റ്റുകള്‍ ഏറ്റുമട്ടലിനിടെ കൊല്ലപ്പെട്ടതായി അറിയിച്ച പോലീസ് ഏതാനും മാവോയിസ്റ്റുകള്‍ ഓടിരക്ഷപ്പെട്ടതായും നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെയാണോ മാവോയിസ്റ്റുകള്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്ന തരത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല. ഓടിരക്ഷപ്പെട്ടവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്.