Articles
അത്ര അധോലോക വിരുദ്ധമല്ല ബി ജെ പി

ദാവൂദ് ഇബ്‌റാഹീമുമായി ബന്ധമുള്ള ആര്‍ കെ ഡബ്ല്യൂ ഡെവലപ്പേഴ്‌സ് കമ്പനിയില്‍ നിന്ന് ബി ജെ പി 10 കോടി രൂപ കൈപറ്റിയതായുള്ള “ദി വയര്‍”ന്റെ വെളിപ്പെടുത്തല്‍ ഒരിക്കല്‍ കൂടി ബി ജെ പിയുടെ അധോലോക- ഭീകരവാദ ബന്ധത്തെയാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഭീകരതയെയും പാക്കിസ്ഥാന്‍ കേന്ദ്രമായുള്ള ഭീകരവാദസംഘങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും കുറിച്ച് നിരന്തരം വാചകമടിക്കുന്ന ബി ജെ പി നേതാക്കള്‍ ഇത്തരം അധോലോക സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്നവരാണെന്ന കാര്യം നേരത്തേ തന്നെ പുറത്തുവന്നിട്ടുള്ളതാണ്.
2014-15 വര്‍ഷത്തില്‍ ആര്‍ കെ ഡബ്ല്യൂ ഡെവലപ്പേഴ്‌സ് കമ്പനിയില്‍ നിന്ന് 10 കോടി രൂപ സ്വീകരിച്ചതായി ബി ജെ പി തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ കെ ഡബ്ല്യൂ ഡെവലപ്പേഴ്‌സ് ലിമിറ്റഡ് കമ്പനി ദാവൂദ് ഇബ്‌റാഹീമിന്റെ ഉറ്റകൂട്ടാളിയായ പരേതനായ മേമന്‍ എന്ന ഇക്ബാല്‍ മിര്‍ച്ചിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി എന്ന കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അന്വേഷിച്ച് കണ്ടെത്തിയതാണ്.
1993ലെ മുംബൈ സ്‌ഫോടന പരമ്പരകള്‍ക്കു ശേഷം ദാവൂദ് സംഘത്തിലെ പലര്‍ക്കും സംരക്ഷണം കൊടുത്തത് ബി ജെ പി നേതാക്കളായിരുന്നു. ബി ജെ പിയുടെ യു പിയില്‍ നിന്നുള്ള പാര്‍ലിമെന്റംഗം ബ്രിജ്ഭൂഷണ്‍ ശരണ്‍ദാസ് ദാവൂദ് സംഘത്തിന് അഭയം നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുകയും ടാഡ കോടതിയില്‍ വിചാരണചെയ്യപ്പെടുകയും ചെയ്തതാണ്. അന്നത്തെ ബി ജെ പിയുടെ പാര്‍ലിമെന്ററി ലീഡറായ വാജ്‌പെയിക്ക് ഗത്യന്തരമില്ലാതെ ശരണ്‍ദാസില്‍ നിന്ന് രാജി എഴുതിവാങ്ങേണ്ട സ്ഥിതിയുമുണ്ടായി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരമനുസരിച്ച് ആര്‍ കെ ഡബ്ല്യൂ ഡെവലപ്പേഴ്‌സ് കമ്പനിയും ദാവൂദ് സംഘവും തമ്മില്‍ തുടര്‍ച്ചയായ ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
അധോലോക- ഭീകര ഗ്രൂപ്പുകളുമായി സാമ്പത്തിക ഇടപാടുകള്‍ കാരണം ഈ കമ്പനിയുടെ മുന്‍ ഡയറക്ടര്‍ രഞ്ജിത് ബിന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടതാണ്. മിര്‍ച്ചിയുടെയും ഈ കമ്പനിയുടെയും നിരവധി ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ബിന്ദ്രയായിരുന്നു.
ഇപ്പോഴും പാക്കിസ്ഥാന്‍ കേന്ദ്രമായുള്ള ഭീകരവാദി ഭീഷണികളെക്കുറിച്ച് കോലാഹലം സൃഷ്ടിച്ചു കൊണ്ടാണല്ലോ മോദിയും അമിത് ഷായും കടുത്ത ദേശീയവികാരം ആളിക്കത്തിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെയും കൂട്ടക്കൊലകളുടെയും ആസൂത്രകന്‍ ഉള്‍പ്പെടെയുള്ള ഭീകരവാദികളെ ഇന്ത്യന്‍ തടവറയില്‍ നിന്ന് താലിബാനികള്‍ക്ക് കൈമാറിയത് ബി ജെ പി സര്‍ക്കാറായിരുന്നു. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ തുടങ്ങിയ ഭീകരസംഘങ്ങള്‍ക്കെതിരായ സംഘ്പരിവാറിന്റെ ആക്രോശങ്ങളും പ്രചാരണങ്ങളും ശുദ്ധകാപട്യമാണ്.
കാണ്ഠഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിക്കൊണ്ടുപോയി 155 യാത്രക്കാരെ ബന്ദിയാക്കിയ ഭീകരവാദികളുമായി ദയനീയമായി സന്ധിയിലെത്തുകയാണ് വാജ്‌പെയ് സര്‍ക്കാര്‍ ചെയ്തത്. തീവ്രവാദികൾ ആവശ്യപ്പെട്ടതനുസരിച്ച് ഭീകരരെ വിട്ടയക്കാന്‍ യാതൊരു മടിയും വാജ്‌പെയി സര്‍ക്കാറിനുണ്ടായിരുന്നില്ലല്ലോ. പിന്നീട് ജസ്വന്ത് സിംഗ് വെളിവാക്കിയതു പോലെ തീവ്രവാദികള്‍ക്ക് വന്‍തുകയും സര്‍ക്കാര്‍ കൈമാറി. ലോകമെമ്പാടും ദേശരാഷ്ട്രങ്ങളെയും ജനാധിപത്യ സര്‍ക്കാറുകളെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളെയും അസ്ഥിരപ്പെടുത്താനായി വര്‍ഗീയ കലാപങ്ങളും വംശീയയുദ്ധങ്ങളും ഉയര്‍ത്തിവിടാൻ നാനാവിധമായ ഭീകരവാദ സംഘങ്ങളെ സി ഐ എയും മൊസാദുമെല്ലാം ചേര്‍ന്ന് ഇന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരം രാജ്യദ്രോഹ അധോലോക സംഘങ്ങളുമായി ബി ജെ പി പുലര്‍ത്തുന്ന ബന്ധത്തിന് ഒരിക്കല്‍കൂടി അടിവരയിടുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.
നേരത്തേ ഗുജറാത്തിലെ ബി ജെ പി. എം എല്‍ എ പാക്കിസ്ഥാനില്‍ നിന്ന് ആയിരത്തിലേറെ കോടി രൂപ വിലവരുന്ന മയക്കു മരുന്ന് കടത്തില്‍ പിടിയിലായത് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതാണ്. ഇന്ത്യയുടെ അഖണ്ഡതയെയും വിഘടനവാദ ഭീഷണികളെയും കുറിച്ച് നാഴികക്ക് നാല്‍പ്പതുവട്ടം ഓര്‍മപ്പെടുത്തുന്നവരാണ് സംഘ്പരിവാറുകാര്‍. 1998ല്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കാന്‍ കഠിനമായ ഉപജാപ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അധോലോക വ്യവസായിയാണ് ഡല്‍ഹിയിലെ രമേശ് ശര്‍മ. ഇദ്ദേഹം ദാവൂദ് ഇബ്‌റാഹീമിന്റെ വ്യവസായ പങ്കാളിയുമായിരുന്നു. ദാവൂദ് ഇബ്‌റാഹീമുമായി ബന്ധമുണ്ടായിരുന്ന ഒരാള്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കാന്‍ പണമൊഴുക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ അക്കാലത്ത് പത്രമാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്.
വാജ്‌പേയിയുടെ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയായിരുന്ന ഫെര്‍ണാണ്ടസിന്റെ നിര്‍ദേശപ്രകാരം അന്നത്തെ പ്രതിരോധ സെക്രട്ടറി അജിത് കുമാര്‍ മൂന്ന് സേനാ വിഭാഗങ്ങള്‍ക്കുമയച്ച സര്‍ക്കുലര്‍ ഔട്ട്‌ലുക്ക് വാരിക പുറത്തു കൊണ്ടുവരികയുണ്ടായി. രാജ്യദ്രോഹ-വിധ്വംസക ശക്തികളെ ബി ജെ പി അധികാരം ഉപയോഗിച്ച് എങ്ങനെയാണ് സഹായിക്കുന്നത് എന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമായിരുന്നു അജിത്കുമാറിന്റെ സര്‍ക്കുലറിലൂടെ പുറത്തുവന്നത്. അന്തമാന്‍ കടലിലൂടെ ചിറ്റഗോങിലെ കോക്‌സ് ബസാറിലെ ആയുധം കള്ളക്കടത്ത് നടത്തുന്ന കപ്പലുകളെ കുറിച്ച് വിവരം കിട്ടിയാലും യാതൊരു നടപടിയും എടുക്കാന്‍ പാടില്ലെന്നും അവരെ കസ്റ്റഡിയിലെടുക്കാന്‍ പാടില്ലെന്നുമാണ് സര്‍ക്കുലര്‍ നിര്‍ദേശിച്ചത്. 1998 ജൂലൈ 27നാണ് പ്രതിരോധ സെക്രട്ടറി ഇങ്ങനെയൊരു സര്‍ക്കുലര്‍ അയച്ചത്.
ഇത്തരം കള്ളക്കടത്ത് ആയുധങ്ങളില്‍ സിംഹഭാഗവും ലഭിക്കുന്നത് വടക്കുകിഴക്കന്‍ മേഖലകളിലെ തീവ്രവാദ വിഘടന വിഭാഗങ്ങള്‍ തൊട്ട് മാവോയിസ്റ്റുകള്‍ വരെയുള്ള ഭീകര സംഘങ്ങള്‍ക്കാണ്. അതിര്‍ത്തികളില്‍ ജോലിചെയ്യുന്ന സൈന്യത്തിലും അര്‍ധ സൈനിക വിഭാഗങ്ങളിലും ഉള്ള എത്രയോ ചെറുപ്പക്കാര്‍ വെടിവെപ്പിലും സംഘട്ടനങ്ങളിലും പിടഞ്ഞുവീണ് മരിക്കുമ്പോഴാണ് സംഘ്പരിവാര്‍ നേതാക്കള്‍ തീവ്രവാദ ശക്തികള്‍ക്ക് ആയുധമെത്തിച്ചു കൊടുക്കുന്ന കള്ളക്കടത്തു സംഘങ്ങളെ സഹായിക്കുന്നതെന്നോര്‍ക്കണം. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ ന്യൂനപക്ഷങ്ങളെയും തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും വേട്ടയാടുന്ന സംഘ്പരിവാറിന്റെ കാപട്യത്തെയും രാജ്യവിരുദ്ധ ശക്തികളുമായുള്ള ബാന്ധവത്തെയും നിശിതമായി തന്നെ തുറന്നു കാണിക്കേണ്ട സമയമാണിത്.