പ്ലാസ്റ്റിക് മുക്ത കേരളത്തിലേക്ക് ചുവടുവെപ്പ്

സംസ്ഥാനം അനുഭവിക്കുന്ന പ്ലാസ്റ്റിക് മാലിന്യം മൂലമുള്ള ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവോളം പരിഹാരമാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം. വലിയൊരു ആരോഗ്യ, സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണിന്ന് സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍.
Posted on: November 25, 2019 11:05 am | Last updated: November 25, 2019 at 11:05 am

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന, പുനരുദ്ധാരണത്തിന് പറ്റാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്ലാസ്റ്റിക് കാരി ബാഗ്, കൂളിംഗ് ഫിലിം, തെര്‍മോക്കോള്‍, അലങ്കാര വസ്തുക്കള്‍, പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് ആവരണമുള്ള കടലാസ് കപ്പ്, പ്ലാസ്റ്റിക് പതാക, ജ്യൂസ് പാക്കറ്റ്, 300 മി.ലിറ്ററിന് താഴെയുള്ള കുപ്പികള്‍ തുടങ്ങിയവ ജനുവരി ഒന്ന് മുതല്‍ നിരോധിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇത്തരം വസ്തുക്കളുടെ നിര്‍മാണവും സൂക്ഷിക്കലും വില്‍പ്പനയും അനുവദിക്കില്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കും. 10,000 മുതല്‍ അര ലക്ഷം വരെ രൂപയാണ് നിയമ ലംഘകര്‍ക്ക് പിഴശിക്ഷ. എന്നാല്‍ പ്ലാസ്റ്റിക് പാക്കറ്റുകളിലും കുപ്പികളിലുമായി വിവിധ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, വാട്ടര്‍ അതോറിറ്റി എന്നിവക്കു നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപഭോക്താക്കളില്‍ നിന്ന് ഇവര്‍ തന്നെ പണം നല്‍കി തിരിച്ചെടുക്കണമെന്ന നിബന്ധനയോടെയാണ് ഇളവ്. 2016ല്‍ തദ്ദേശസ്വയംഭരണ വകുപ്പ് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കിയിരുന്നെങ്കിലും അത് പ്രയോഗത്തില്‍ വരുത്താനായില്ല.

പുനരുപയോഗത്തിന് പറ്റാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ രണ്ട് മുതല്‍ രാജ്യ വ്യാപകമായി നിരോധിക്കുമെന്നും 2022 ആകുമ്പോഴേക്ക് രാജ്യം പ്ലാസ്റ്റിക് മുക്തമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, സാമ്പത്തിക രംഗത്ത് അത് സൃഷ്ടിച്ചേക്കാവുന്ന വിപരീത ഫലങ്ങള്‍ കണക്കിലെടുത്ത് പിന്നീട് പിന്തിരിയുകയായിരുന്നു. എന്നാല്‍ മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, തെലങ്കാന, ഉത്തര്‍ പ്രദേശ്, കര്‍ണാടക, സിക്കിം, ബിഹാര്‍, ആന്ധ്രാപ്രദേശ്, അസാം, മേഘാലയ, ഒഡീഷ സംസ്ഥാനങ്ങള്‍ നിരോധനം നേരത്തേ നടപ്പാക്കിയിട്ടുണ്ട്. 2018 മാര്‍ച്ച് 23നാണ് മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ചത്. ഹിമാചല്‍ പ്രദേശില്‍ 2018 ജൂലൈ ആറിനും തെലങ്കാനയില്‍ അതേ മാസം 14നുമാണ് നിരോധിച്ചത്. കര്‍ണാടകയില്‍ 2016ല്‍ തന്നെ പ്ലാസ്റ്റിക് നിരോധന വിജ്ഞാപനം വന്നെങ്കിലും പ്രാബല്യത്തില്‍ വന്നത് ഈ വര്‍ഷം മുതലാണ്.

സംസ്ഥാനം അനുഭവിക്കുന്ന പ്ലാസ്റ്റിക് മാലിന്യം മൂലമുള്ള ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവോളം പരിഹാരമാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം. വലിയൊരു ആരോഗ്യ, സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണിന്ന് സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ദിനംപ്രതി 480 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കേരളീയ സമൂഹം പുറംതള്ളുന്നുണ്ടെന്നാണ് ശുചിത്വ മിഷന്റെ കണക്ക്. ഒരു കുടുംബം ശരാശരി 60 ഗ്രാം മാലിന്യം പുറംതള്ളുന്നു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനയായ “തണല്‍’ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ കേരളത്തിലെ സമുദ്ര തീരങ്ങളില്‍ മാത്രം 1051.2 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകിടപ്പുണ്ടെന്നും കണ്ടെത്തി. പ്ലാസ്റ്റിക് ഉപയോഗം ഇന്നത്തെ പോലെ തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ഇന്ത്യന്‍ സമുദ്രങ്ങളിലെ പ്ലാസ്റ്റിക്കിന്റെ അളവും മത്സ്യ സമ്പത്തിന്റെ അളവും ഏതാണ്ട് തുല്യമാകുമെന്നാണ് ആഗോളതല പഠനങ്ങള്‍ കാണിക്കുന്നത്. ഇത് മത്സ്യ മേഖലക്ക് കടുത്ത ഭീഷണി ഉയര്‍ത്തും.

മുന്‍ കാലങ്ങളില്‍ കടകളില്‍ നിന്ന് ഇലകളിലും പേപ്പറുകളിലുമായിരുന്നു സാധനങ്ങള്‍ പൊതിഞ്ഞു തന്നിരുന്നത്. അത്തരം വസ്തുക്കളും മറ്റു ഗാര്‍ഹിക മാലിന്യങ്ങളും വീട്ടുവളപ്പിലെ തെങ്ങ്, വാഴ തുടങ്ങിയ വിളകളുടെ ചുവട്ടില്‍ നിക്ഷേപിക്കുമായിരുന്നു അന്ന്. പ്രകൃതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ പാഴ്‌വസ്തുക്കള്‍ പറമ്പിലെ കൃഷികള്‍ക്ക് വളവുമായി മാറുന്നു. ഇലകള്‍ക്കും കടലാസ് ഉത്പന്നങ്ങള്‍ക്കും പകരം വിപണികള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈയടക്കിയതോടെ അവ പറമ്പിലും കൃഷിഭൂമികളിലും നിക്ഷേപിക്കാന്‍ പറ്റാതായി. ഇവ പൊതുയിടങ്ങളിലും റോഡുകളിലും നദികളിലും കായലുകളിലുമൊക്കെയായി ഉപേക്ഷിക്കുകയാണ് മിക്കവരും. പൊതുനിരത്തുകളും കുളങ്ങളും പുഴകളുമെല്ലാം മലിനമാകാന്‍ ഇതിടയാക്കുകയും സംസ്ഥാനത്തെ പൊതുജനാരോഗ്യത്തിന് അവ വന്‍ ഭീഷണിയായി മാറുകയും ചെയ്തു. പടിയടച്ചു പുറത്താക്കിയ പല മഹാമാരികളും കേരളത്തിലേക്ക് തിരിച്ചു വന്നതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് വലിയൊരു പങ്കുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം.


പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിച്ച മിശ്രിതം ഉപയോഗപ്പെടുത്തി റോഡ് നിര്‍മാണം നടത്തുന്നുണ്ട് കേരളത്തില്‍. പ്ലാസ്റ്റിക് മാലിന്യപ്പെരുപ്പം കുറക്കാനുള്ള മാര്‍ഗം എന്നതോടൊപ്പം സാധാരണ ടാറിംഗിനെ അപേക്ഷിച്ചു ചെലവു കുറവും റോഡുകള്‍ക്ക് കൂടുതല്‍ ഈട് കിട്ടാന്‍ സഹായകവുമാണിത്. കഴിഞ്ഞ മെയ് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെയായി 154 കി.മീറ്റര്‍ റോഡ് ഈ രീതിയില്‍ ടാറിംഗ് നടത്തിയതിന്റെ ഫലമായി എട്ട് കോടിയുടെ ലാഭമുണ്ടാക്കാനായതായി പൊതുമരാമത്ത് വകുപ്പ് വെളിപ്പെടുത്തിയിരുന്നു. ഒരു കി.മീറ്റര്‍ ടാറിംഗിന് 1,300 കിലോ പ്ലാസ്റ്റിക്കാണ് വേണ്ടത്.

പൊടിച്ചെടുത്ത പ്ലാസ്റ്റിക് മിശ്രിതം മിക്‌സിംഗ് യന്ത്രത്തിലിട്ട് മെറ്റലും ടാറുമായി കലര്‍ത്തി ഉരുക്കിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചു കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇവ പൊടിച്ചെടുത്ത് പ്ലാസ്റ്റിക് മിശ്രിതമുണ്ടാക്കുന്നത്. മധുര ത്യാഗരാജര്‍ എന്‍ജിനീയറിംഗ് കോളജ് പ്രൊഫസര്‍ ഡോ. രാജഗോപാല്‍ വാസുദേവനാണ് രാജ്യത്ത് റോഡിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വിദ്യ വികസിപ്പിച്ചെടുത്തത്.
തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന റോഡുകളുടെ നവീകരണത്തിന് പത്ത് ശതമാനമെങ്കിലും പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിക്കണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവുമുണ്ട്. കരാറുകാരുടെ വിമുഖത കാരണം ഈ പദ്ധതി വേണ്ടത്ര വിജയിച്ചിട്ടില്ല. ഇതേത്തുടര്‍ന്നു പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ പദ്ധതി കാര്യക്ഷമമാക്കിയാല്‍ പ്ലാസ്റ്റിക് മാലിന്യ വിപത്തില്‍ നിന്ന് കേരളത്തെ വലിയൊരളവോളം രക്ഷപ്പെടുത്താന്‍ സാധിക്കും.