Connect with us

National

മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ്: പ്രതിപക്ഷ ഹരജിയില്‍ ഇന്ന് സുപ്രീം കോടതി ഉത്തരവുണ്ടായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ഉടന്‍ സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, എന്‍ സി പി കക്ഷികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇന്നും സുപ്രീം കോടതി വാദം കേള്‍ക്കും. ഇന്നലെ ഹരജി പരിഗണിച്ച കോടതി കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം അടിയന്തിരമായി പരിഗണിക്കാതെ ഇന്നും വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇന്ന് കോടതി വിഷയത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്താണ് ദേവേന്ദ്ര ഫഡ്‌നാവിസ് പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്തതെന്നാണ് കോണ്‍ഗ്രസും എന്‍ സി പിയും കോടതിയെ അറിയിച്ചത്. പ്രഗത്ഭരായ അഭിഭാഷകരുടെ നീണ്ട നിരയാണ് സുപ്രീംകോടതിയില്‍ വാദത്തിനായി അണിനിരന്നത്. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത് .

രാഷ്ട്രപതി ഭരണം പിന്‍വലിച്ചതും ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യ പ്രതിജ്ഞക്ക് സാഹചര്യമൊരുക്കാന്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ നടന്ന ചട്ടലംഘനങ്ങളും അടക്കമുള്ള കാര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. ഗവര്‍ണറുടെ നടപടി വഞ്ചനാപരവും നിയമവിരുദ്ധവും പക്ഷപാതപരവുമാണ് എന്ന് സിബല്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടിയിലെ ചട്ടലംഘനം പരിഗണനാ വിഷയം അല്ലെന്നായിരുന്നു ജസ്റ്റിസ് എന്‍വി രമണയുടെ മറുപടി. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിലേക്ക് വാദപ്രതിവാദങ്ങള്‍ മാറുകയായിരുന്നു. കുതിരക്കച്ചവടത്തിന് സാഹചര്യം ഒരുക്കരുതെന്നും ഇന്ന് തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും സഖ്യം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തിര പരിഗണന ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഇന്നും വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു.