സുരക്ഷാ ഭീഷണി: എന്‍ സി പി എം എല്‍ എമാര്‍ ഹോട്ടല്‍ മാറുന്നു

Posted on: November 24, 2019 8:35 pm | Last updated: November 25, 2019 at 10:58 am

മുംബൈ |  മഹാരാഷ്ട്രയിലെ എന്‍ സി പി എം എല്‍ എമാര്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഹോട്ടല്‍ മാറുന്നു. നിലവില്‍ എം എല്‍ എമാരെ താമസിപ്പിച്ചിരിക്കുന്ന മുംബൈയിലെ റെനൈസന്‍സ് ഹോട്ടലില്‍ നിന്ന് ഹയാത്ത് ഹോട്ടലിലേക്കാണ് മാറ്റുന്നത്. ഇന്ന് വൈകിട്ടോടെ സാധാരണ വേഷത്തില്‍ ഒരു പോലീസുകാരന്‍ ഹോട്ടലിലെത്തി. റൂമുകള്‍ക്ക് സമീപം കണ്ട ഇയാളെ എം എല്‍ എമാര്‍ പിടികൂടിയതായും തുടര്‍ന്ന് വാക്ക് തര്‍ക്കങ്ങളുണ്ടായതായുമാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ എം എല്‍ എമാരുടെ സുരക്ഷ പരിഗണിച്ചാണ് താമസം മാറ്റുന്നതെന്നാണ് എന്‍ സി പി നേതൃത്വം പറയുന്നത്.

നേരത്തെ ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവര്‍ റെനൈസന്‍സ് ഹോട്ടലിലെത്തി എന്‍ സി പി നേതാക്കളെ കണ്ടിരുന്നു. എം എല്‍ എമാരുടെ യോഗത്തില്‍ ശിവസേന നേതാക്കളും പങ്കെടുത്തിരുന്നു.അതേസമയം, വിശദമായ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ മുംബൈയിലെ മാരിയറ്റ് ഹോട്ടലിലെത്തി. അശോക് ചവാന്‍, അഹമ്മദ് പട്ടേല്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളും കോണ്‍ഗ്രസ് എം എല്‍ എമാരും ഇവിടെയാണ് തങ്ങുന്നത്.