ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന ജയവുമായി ടീം ഇന്ത്യ

Posted on: November 24, 2019 7:59 pm | Last updated: November 25, 2019 at 10:58 am

കൊല്‍ക്കത്ത | രാജ്യം ആതിഥേയത്വം വഹിച്ച ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാ കടുവകളെ നിലംപരിശമാക്കി കോലിപ്പട. ഇന്നിംഗ്‌സിനും 46 റണ്‍സിനുമാണ് ഈഡനില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചത്. ആദ്യമായി പിങ്ക് പന്തില്‍ ടെസ്റ്റ് കളിക്കാനിറങ്ങിയ ഇന്ത്യക്കായി പേസര്‍മാര്‍ നിറഞ്ഞാടുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടാന്‍ ഇശാന്തും ഉമേഷും അടങ്ങിയ പേസര്‍മാര്‍ക്ക് കഴിഞ്ഞു. ആദ്യമായാണ് ഇന്ത്യ രണ്ട് ഇന്നിംഗ്‌സിലും എതിരാളികളെ മൂന്ന് ദിവസത്തിനുള്ളില്‍ പുറത്താക്കുന്നത്. ഇതില്‍ 19 വിക്കറ്റുകളും വീഴ്ത്തിയത് ഇന്ത്യന്‍ പേസര്‍മാരായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ഏഴാമത്ത ജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ആദ്യ ടെസ്റ്റിലും ഇന്നിംഗ്‌സ് ജയം കരസ്ഥമാക്കിയ ഇന്ത്യ ഇതോടെ ടെസ്റ്റ് പരമ്പര 2-0ത്തിന് സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്‌സില്‍ 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ 41. 1 ഓവറില്‍ മൂന്നാം ദിനം 195 റണ്‍സിന് എറിഞ്ഞിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഉമേഷ് യാദവാണ് മൂന്നാം ദിനം ബംഗ്ലദേശ് നിരയെ കടപുഴക്കിയത്. ഇന്ന് വീണ മൂന്നു വിക്കറ്റുകളും ഉമേഷ് യാദവിന്റെ വകയായിരുന്നു. 14.1 ഓവറില്‍ 53 റണ്‍സ് വഴങ്ങിയാണ് ഉമേഷ് യാദവ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. ഇഷാന്ത് ശര്‍മ 13 ഓവറില്‍ 56 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്ത ഇഷാന്ത് മത്സരത്തില്‍ മൊത്തം ഒമ്പത് വിക്കറ്റുകള്‍ നേടി.

അര്‍ധസെഞ്ചുറി നേടിയ മുഷ്ഫിഖുര്‍ റഹിമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. റഹിം 96 പന്തില്‍ 13 ഫോറുകള്‍ സഹിതം 74 റണ്‍സെടുത്തു.