മഹാരാഷ്ട്ര: സുപ്രീം കോടതിയില്‍നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷ-കോണ്‍ഗ്രസ്

Posted on: November 24, 2019 2:10 pm | Last updated: November 24, 2019 at 6:40 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപി ഗവര്‍ണറുടെ ഓഫീസിനെ ദുരുപയോഗം ചെയ്തുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുര്‍ജേവാല പ്രതികരിച്ചു.

കോണ്‍ഗ്രസും , എന്‍സിപിയും , ശിവസേനയും കോടതിയില്‍ നല്‍കിയ പരാതിയിലും ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷമില്ല. വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സുര്‍ജേവാല വ്യക്തമാക്കി. കേസില്‍ നാളെ വീണ്ടും വാദം തുടരുമെന്നാണ് സുപ്രീംകോടതി നിലപാട്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്ക് ബിജെപിക്ക് മുന്നില്‍ കൂടുതല്‍ സമയവും സാവകാശവും ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.