അപ്രതീക്ഷിതമല്ലാത്ത അട്ടിമറികള്‍

അരുണാചല്‍ പ്രദേശ്, കര്‍ണാടക, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ബി ജെ പി ‘കളികള്‍' ഓര്‍മയുള്ളവര്‍ക്ക് ഒന്നിരുട്ടി വെളുത്തപ്പോള്‍ മഹാരാഷ്ട്രയില്‍ ‘അട്ടിമറി'യുണ്ടായത് അത്ര അപ്രതീക്ഷിതമാകാനിടയില്ല.
Posted on: November 24, 2019 11:26 am | Last updated: November 24, 2019 at 11:26 am


മഹാരാഷ്ട്രയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചോ? കോണ്‍ഗ്രസും എന്‍ സി പിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്നുമായിരുന്നു ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെന്ന വിവരം പുറത്തുവരും വരെ പറഞ്ഞിരുന്നത്. അതുകൊണ്ടാണ് നാടകീയമായ മാറ്റം, വന്‍ അട്ടിമറി എന്ന മട്ടിലൊക്കെ മഹാരാഷ്ട്രയില്‍ ബി ജെ പി നടത്തിയ രാഷ്ട്രീയ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്. 2014ല്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിക്കൊണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കണക്കെടുത്താല്‍ ഏത് വിധേനയും ഭരണം പിടിക്കുക എന്ന തന്ത്രം ബി ജെ പി വിജയകരമായി നടപ്പാക്കിയിട്ടുണ്ട് എന്ന് കാണാം. അരുണാചല്‍ പ്രദേശ് മുതല്‍ ഈയടുത്ത് കര്‍ണാടകയില്‍ വരെ.

2014ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശില്‍ ബി ജെ പിക്ക് 11ഉം കോണ്‍ഗ്രസിന് 42ഉം സീറ്റാണ് ലഭിച്ചത്. രണ്ട് വര്‍ഷത്തിനിപ്പുറം ബി ജെ പിയുടെ അംഗ സംഖ്യ 52ഉം കോണ്‍ഗ്രസിന്റേത് ഒന്നുമായി മാറി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ജനതാദളു (എസ്) മായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ മാറിനില്‍ക്കേണ്ടി വന്ന കര്‍ണാടകത്തില്‍ അധികം വൈകാതെ എം എല്‍ എമാരെ അടര്‍ത്തിമാറ്റി അധികാരം പിടിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇതിനിടയില്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അവര്‍ അധികാരം പിടിച്ചത് സമാനമായ മാര്‍ഗങ്ങളിലൂടെയാണ്. ബിഹാറില്‍ രാഷ്ട്രീയ ജനതാദള്‍ – ജനതാദള്‍ (യുനൈറ്റഡ്) സഖ്യത്തെ പിളര്‍ത്തിയപ്പോള്‍ ഝാര്‍ഖണ്ഡിലും മേഘാലയയിലുമൊക്കെ സ്വതന്ത്രരെയോ ചെറു പാര്‍ട്ടികളെയോ ഒപ്പം കൂട്ടി ഭൂരിപക്ഷമുറപ്പിക്കുകയാണ് ചെയ്തത്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കിയാണ് ബി ജെ പി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. ഇതൊക്കെ ഓര്‍മയുള്ളവര്‍ക്ക് ഒന്നിരുട്ടി വെളുത്തപ്പോള്‍ മഹാരാഷ്ട്രയില്‍ “അട്ടിമറി’യുണ്ടായത് അത്ര അപ്രതീക്ഷിതമാകാനിടയില്ല.

ഇത്തരം “അട്ടിമറി’കള്‍ നടന്ന സംസ്ഥാനങ്ങളിലെല്ലാം നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ അവരുടെ യജമാനക്കൂറ് (കേന്ദ്ര സര്‍ക്കാറിനോടും സംഘ്പരിവാരത്തോടും) തെളിയിക്കും വിധത്തിലാണ് പ്രവര്‍ത്തിച്ചത്. മഹാരാഷ്ട്രയിലും വ്യത്യാസമുണ്ടായില്ല. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുതിര്‍ന്ന സേവകനായിരുന്നു. ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷനായിരുന്നു. ഉത്തരാഖണ്ഡില്‍ ബി ജെ പി സര്‍ക്കാറുണ്ടാക്കിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്നു. സംഘ്പരിവാറുകാരനായ ഗവര്‍ണര്‍ക്ക് പുലര്‍കാലേ എഴുന്നേറ്റ്, ദേവേന്ദ്ര ഫട്‌നാവിസിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക എന്നത് ഒട്ടും പ്രയാസമുള്ള ദൗത്യമായിരുന്നില്ല. ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുക എന്നതിനേക്കാള്‍ ആര്‍ എസ് എസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതിനാണ് അദ്ദേഹം മുന്‍തൂക്കം കൊടുക്കുക. നേരം പുലര്‍ന്ന് ശിവസേന – എന്‍ സി പി – കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ച് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചാല്‍ ആ സഖ്യത്തെ ക്ഷണിക്കാന്‍ ബാധ്യതപ്പെടുമായിരുന്നു. അതൊഴിവാക്കാന്‍ വെളിച്ചം വീഴും മുമ്പേ സത്യപ്രതിജ്ഞ ചെയ്യിക്കുകയല്ലാതെ മാര്‍ഗമെന്ത്! ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസത്തെ സാവകാശം ഫട്‌നാവിസിന് നല്‍കുക വഴി, കൂടുതല്‍ എം എല്‍ എമാരെ ചേരിമാറ്റാനുള്ള അവസരം തുറന്ന് നല്‍കുകയും ചെയ്തു ഗവര്‍ണര്‍. തത്കാലം എന്‍ സി പി മാത്രമേ പിളര്‍ന്നിട്ടുള്ളൂ, ഏഴ് ദിവസം പിന്നിടുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് എം എല്‍ എമാര്‍ ചോരാന്‍ സാധ്യത ഏറെ.

അജിത് പവാറിന്റെ ഒപ്പമുണ്ടെന്ന് പറയപ്പെടുന്ന എന്‍ സി പി. എം എല്‍ എമാരുടെ പട്ടിക സഹിതം ദേവേന്ദ്ര ഫട്‌നാവിസ്, ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭയുണ്ടാക്കാന്‍ അവകാശം ഉന്നയിച്ചത് രാത്രി പന്ത്രണ്ട് മണിക്ക്.

മന്ത്രിസഭയുണ്ടാക്കാനുള്ള പിന്തുണ ഫട്‌നാവിസിനുണ്ടെന്ന് ഗവര്‍ണര്‍ക്ക് ഉടന്‍ ബോധ്യപ്പെട്ടു. രാഷ്ട്രപതി ഭരണം പിന്‍വലിച്ച് “ജനാധിപത്യ ഭരണ’ത്തിന് വഴിയൊരുക്കണമെന്ന സന്ദേശം ഉടന്‍ നല്‍കി. സന്ദേശം വന്നയുടന്‍ കേന്ദ്ര മന്ത്രിസഭ ചേര്‍ന്ന് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശിപാര്‍ശ ചെയ്തു. എത്ര സുഷുപ്തിയിലാണെങ്കിലും ജനാധിപത്യം പുലരണമെന്ന് നിര്‍ബന്ധമുള്ള രാഷ്ട്രപതി, രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഉത്തരവിറക്കി. എല്ലാം ഇരുട്ടിന്റെ മറവിലായത് യാദൃച്ഛികം മാത്രമാണ്! അല്ലെങ്കിലും ജനത്തെ ഇരുട്ടില്‍ നിര്‍ത്തി (നുണകളിലൂടെയും അര്‍ധ സത്യങ്ങളിലൂടെയും സൃഷ്ടിക്കുന്ന ഇരുട്ടുണ്ട്, വസ്തുതകള്‍ രഹസ്യമാക്കി വെച്ച് സൃഷ്ടിക്കുന്ന ഇരുട്ടുമുണ്ട്) അധികാരമുറപ്പിക്കുകയും സംഗതി ജനാധിപത്യത്തിന്റെ കണക്കിലെഴുതുകയുമാണല്ലോ രീതി.

സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും പണം കൊടുത്തുമൊക്കെയാണ് എം എല്‍ എമാരെ സ്വന്തം ചേരിയിലേക്ക് കൊണ്ടുവരുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. ഇതിനൊന്നും കഴിയാത്തവര്‍ കുതിരക്കച്ചവടമെന്ന ആക്ഷേപം ഉന്നയിക്കുക സ്വാഭാവികം. പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്തവരെ ആദായ നികുതി വകുപ്പ് മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് വരെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് വരുതിയില്‍ നിര്‍ത്തും. എന്നിട്ടും വഴങ്ങാത്തവരെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യും. അത്തരം അറസ്റ്റുകള്‍ മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ്. അത് നല്ലവണ്ണം മനസ്സിലാക്കിയിട്ടുണ്ടാകണം ശരത് പവാറിന്റെ സഹോദര പുത്രനും രാഷ്ട്രീയ പിന്‍ഗാമിയുമായ അജിത് പവാര്‍. സംസ്ഥാന സഹകരണ ബേങ്കില്‍ നിന്ന് ക്രമവിരുദ്ധമായി വന്‍ വായ്പകള്‍ അനുവദിച്ച് ബേങ്കിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ കേസില്‍ അന്വേഷണം നേരിടുന്നുണ്ട് അദ്ദേഹം. ജലസേചന പദ്ധതികളിലെ സഹസ്ര കോടികളുടെ അഴിമതിയുടെ പേരില്‍ മറ്റൊരു കേസും. ഈ കേസുകള്‍ മുന്നില്‍ വെച്ച് സര്‍വാധികാര്യക്കാരായ അമിത് ഷാ വിലപേശിയാല്‍ അജിത് പവാറിന് മുന്നില്‍ ഫട്‌നാവിസിനൊപ്പം രാജ്ഭവനിലേക്കുള്ള ഒറ്റ വഴിയേയുള്ളൂ.

ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം മുതല്‍ സംസ്ഥാന സഹകരണ ബേങ്കിലെ ക്രമക്കേട് വരെ ശരത് പവാറിനെ കുടുക്കാന്‍ അമിത് ഷായുടെ മുന്നില്‍ വഴികളേറെ. അതുകൊണ്ട് ഇപ്പോള്‍ അജിതിനെ തള്ളിപ്പറയുന്നുണ്ടെങ്കിലും ചേരിമാറ്റം ശരത് പവാറിന്റെ മൗനാനുവാദത്തോടെയാകാനാണ് സാധ്യത ഏറെ. ഇത്തരം ഭീഷണിപ്പെടുത്തലുകള്‍ക്ക് അവസരമുണ്ടാക്കാന്‍ പാകത്തിലാണ് കോണ്‍ഗ്രസും എന്‍ സി പിയുമൊക്കെ അധികാരത്തിലിരുന്ന കാലത്ത് അവരുടെ നേതാക്കള്‍ പ്രവര്‍ത്തിച്ചത് എന്നതും കാണാതിരുന്നുകൂടാ. ഇതിലപ്പുറം സാധ്യതയുണ്ടായിരുന്നു 2004 മുതല്‍ ഒരു ദശകം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എക്ക്. ബാബരി മസ്ജിദ് തകര്‍ത്ത കേസ്, ഹിന്ദുത്വ ഭീകരവാദ ശൃംഖലയുമായി ആര്‍ എസ് എസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം, വിവിധങ്ങളായ അഴിമതി ആരോപണങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഒക്കെ. ഒന്നിലെങ്കിലും കൃത്യമായ അന്വേഷണം നടത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കാതിരുന്നവര്‍, രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്ന രോദനം ഇപ്പോള്‍ മുഴക്കിയിട്ട് കാര്യമില്ല തന്നെ.

അല്ലെങ്കിലും ശിവസേനയുമായി സഖ്യത്തിന് എന്‍ സി പിയും കോണ്‍ഗ്രസും ശ്രമിച്ചത് തന്നെ അബദ്ധമാണ്. ബി ജെ പിയോളമോ ചില ഘട്ടങ്ങളില്‍ അവരെക്കാളേറെയോ തീവ്ര വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ച പാര്‍ട്ടിയാണത്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം ബോംബെയില്‍ അരങ്ങേറിയ ആസൂത്രിതമായ വര്‍ഗീയ കലാപത്തില്‍ ശിവസേനയുടെയും അവരുടെ നേതാവ് ബാല്‍ താക്കറെയുടെയും പങ്ക് അക്കമിട്ട് പറയുന്നുണ്ട് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍. മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി ഇവരുത്പാദിപ്പിച്ച വെറുപ്പിന്റെ രാഷ്ട്രീയം തീവ്ര ഹിന്ദുത്വയുടെ വളര്‍ച്ചക്ക് ഏറെ സഹായകമാകുകയും ചെയ്തിട്ടുണ്ട്. ബി ജെ പിയുടെ വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ശിവസേനയുടെ വര്‍ഗീയതയോട് സന്ധി ചെയ്ത് അധികാരം പിടിക്കുക എന്നത് ആത്മഹത്യ തന്നെയാണ്. അതിന് വേണ്ടിയല്ലല്ലോ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശരത് പവാര്‍ ഒറ്റക്ക് പൊരുതി എന്‍ സി പിയുടെ സീറ്റ് കൂട്ടിയതും കോണ്‍ഗ്രസിന്റെ വിലാസം നിലനിര്‍ത്തിയതും.

ആയതിനാല്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ വിലപിക്കുന്നത് പോലെ ഇത് ജനാധിപത്യത്തിന്റെ കരിദിനമല്ല. കോണ്‍ഗ്രസിലും എന്‍ സി പിയിലും ശേഷിക്കുന്ന മതനിരപേക്ഷത നിലനിര്‍ത്താന്‍ അവര്‍ക്ക് ലഭിക്കുന്ന അവസരമാണ്. വ്യക്തിത്വം നിലനിര്‍ത്തി, പ്രതിപക്ഷത്തിരുന്ന് ജനങ്ങളുടെ വിശ്വാസമാര്‍ജിക്കും വിധത്തില്‍ പ്രവര്‍ത്തിക്കുകയാണ് അവര്‍ക്ക് കരണീയം. അതിനായില്ലെങ്കില്‍, ഭരണകൂടത്തിന്റെ ചെയ്തികള്‍ മൂലം സ്വാഭാവികമായി ഉയര്‍ന്നുവരുന്ന ജനവികാരം പ്രയോജനപ്പെടുത്താനെങ്കിലും ശ്രമിക്കാമല്ലോ! ഹരിയാന ആവര്‍ത്തിക്കാതിരിക്കുമല്ലോ!