Connect with us

Sports

ഗോകുലം കേരള എഫ് സി സ്‌ക്വാഡ് പ്രഖ്യാപിച്ചു 25 അംഗ ടീമിൽ പത്ത് മലയാളികൾ

Published

|

Last Updated

കോഴിക്കോട് | പത്ത് മലയാളികളും അഞ്ച് വിദേശികളും അഞ്ച് മണിപ്പൂരി താരങ്ങളും ഉൾപ്പെടെ ഐ ലീഗ് സീസണിൽ കളിക്കുന്ന ഗോകുലം എഫ് സിയുടെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഡ്യൂറന്റ് കപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച ട്രിനിഡാഡ് ആന്റ് ടുബാഗോ സ്‌ട്രൈക്കർ മാർകസ് ജോസഫാണ് നായകൻ. പ്രതിരോധ താരം മലപ്പുറം സ്വദേശി മുഹമ്മദ് ഇർഷാദ് വൈസ് ക്യാപ്റ്റൻ.

നേരത്തെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 25 അംഗ സ്‌ക്വാഡിനെ  പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നും മണിപ്പൂരിൽ നിന്നുമുള്ള കളിക്കാർക്ക് പുറമെ തമിഴ്‌നാട്(മൂന്ന് പേർ), ഗോവ(ഒന്ന്), മിസോറാം(ഒന്ന്) എന്നീ സംസ്ഥാനങ്ങളിൽ നിന്നും താരങ്ങളുണ്ട്. ഡ്യൂറന്റ് കപ്പിലെയും ഷെയ്ഖ് കമാൽ കപ്പിലെയും ആത്മവിശ്വാസവുമായി പുതിയ സീസണിലേക്ക് ഇറങ്ങുന്ന ഗോകുലം ഐ ലീഗ് കപ്പാണ് ലക്ഷ്യമിടുന്നത്. സന്തോഷ് ട്രോഫിയിലെ യുവതാരങ്ങളെയും മുൻകാലങ്ങളിൽ മികച്ച കളി പുറത്തെടുത്തവരെയും കൂടെക്കൂട്ടിയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തിൽ ഇന്ത്യക്കെതിരെ കളിച്ച അഫ്ഗാനിസ്ഥാൻ പ്രതിരോധതാരം ഹാറൂൺ അമീറി, ട്രിനിഡാഡ് ആന്റ് ടുബാഗോ സ്‌െ്രെടക്കർ ഹെൻട്രികിസേക്ക, നഥാനിയേൽ ഗാർഷ്യ, ആന്ദ്രേ എതിയേനോ, മാർകസ് ജോസഫ് എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യം. ഡ്യൂറന്റ്കപ്പിൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർകൂത്തുപറമ്പ് സ്വദേശി സി കെ ഉബൈദ് വലകാക്കും. തമിഴ്‌നാട്ടുകാരൻ വിഗ്‌നേശ്വരൻ ഭാസ്‌കരൻ, മലപ്പുറം ചേലേമ്പ്ര സ്വദേശി പി കെ അജ്മൽ എന്നിവരും ഗോൾകീപ്പർമാരുടെ പട്ടികയിലുണ്ട്. സന്തോഷ് ട്രോഫി യോഗ്യതാറൗണ്ട് മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ എം എസ് ജിതിൻ മുന്നേറ്റ നിരയിൽ ഗോകുലത്തിന് വേണ്ടി ബൂട്ടണിയും. പ്രതിരോധനിരയിൽ സെബാസ്റ്റ്യൻ താംഗ്‌സാംഗ്(മുൻ പൂനെ എഫ് സി താരം), കോട്ടയം സ്വദേശി ജസ്റ്റിൻ ജോർജ്, ആന്ദ്രേ എഥീനി, മുഹമ്മദ് ഇർഷാദ്, ധർമരാജ് രാവണൻ, ഹാറൂൺ അമീറി, അശോക്‌സിംഗ്, നവോചാസിംഗ് എന്നിവർ അണിനിരക്കും.

മലയാളികളാണ് മധ്യനിരയുടെ കരുത്ത്. മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷിബിൽ മുഹമ്മദ്, വയനാട് മുണ്ടേരിയ്ക്കാരൻ മുഹമ്മദ് റാഷിദ്, മുഹമ്മദ് സലാഹ്(തിരൂർ), യാംബോയ് മോയ്‌റംഗ്, തിരൂർസ്വദേശി കെ സൽമാൻ, എം എസ് ജിതിൻ എന്നിവർക്കൊപ്പം തമിഴ്‌നാട് സ്വദേശി മായകണ്ണനുമുണ്ട്. ഗോവൻതാരം നിക്കോളാസ് ഫെർണാണ്ടസ്, മണിപ്പൂരുകാരൻ മാലേംഗാൻബ മെയ്തി മിഡ്ഫീൽഡറാണ്. ഈ മാസം 30ന് കോർപറേഷൻ സ്‌റ്റേഡിയത്തിൽ നെരോക്ക എഫ് സിയുമായാണ് ഗോകുലത്തിന്റെ ആദ്യമത്സരം. പത്ത് ഹോം മത്സരങ്ങളാണ് ഗോകുലത്തിനുള്ളത്. ഐ എസ് എൽ കമന്ററിയിലൂടെ പ്രശസ്തനായ ഷൈജു ദാമോദരനാണ് താരങ്ങളെ പരിചയപ്പെടുത്തിയത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest