ബി ജെ പിയുമായി ചേര്‍ന്നത് കര്‍ഷകര്‍ക്ക് വേണ്ടി: അജിത് പവാര്‍

Posted on: November 23, 2019 9:47 am | Last updated: November 23, 2019 at 11:50 am

മുംബൈ | മഹാരാഷ്ട്രയില്‍ ഒരു സര്‍ക്കാറില്ലാത്തതിനാല്‍ ഒരുപാട് കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിടക്കുകയാണെന്നും ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് ബി ജെ പിയുമായി ചേര്‍ന്ന് പെട്ടന്ന് സര്‍ക്കാര്‍ രൂപവത്ക്കരിച്ചതെന്നും എന്‍ സി പി ഉപമുഖ്യമന്ത്രി അജിത് പവാര്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസമായിട്ടും ഇവിടെ സര്‍ക്കാറുണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. നിരവധി പ്രശ്‌നങ്ങളാണ് സംസ്ഥാനത്തെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. സര്‍ക്കാറില്ലാത്തതിനാല്‍ ഇതിനൊന്നും പരിഹാരം കാണാനാകുന്നില്ല. ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ പരിഹരിക്കാനാവും. അതിനാലാണ് സര്‍ക്കാറുണ്ടാക്കാന്‍തീരുമാനിച്ചത്‌. സത്യപ്രതിജ്ഞക്ക് ശേഷം അജിത് പവാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
എന്‍ സി പി നേതാവ് ശരത്‌ പവാറിന്റെ സഹോദരി പുത്രനാണ് അജിത് പവാര്‍.  ശരത്‌ പവാറും നരേന്ദ്രമോദിയും ബുധനാഴ്ച്ച ഡല്‍ഹിയില്‍ കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതേ യോഗത്തില്‍ തന്നെ അമിത്ഷായും നിര്‍മലാ സീതാരാമനും പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ രാഷ്ട്രീയ നാടകത്തിന് ശരദ്പവാറിന്റെ പൂര്‍ണ പിന്തുണയുണ്ടോയെന്ന് വ്യക്തമല്ല.

ജനം പിന്തുണച്ചത് ബി ജെ പി യെയായിരുന്നു എന്നാണ് ഫഡ്‌നാവിസിന്റെ പ്രതികരണം. അജിത് പവാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ഫഡ്്‌നാവിസ് നന്ദി രേഖപ്പെടുത്തി. കൂടുതല്‍ നേതാക്കള്‍ ഒപ്പം വരുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

അജിത് പവാര്‍ എന്‍ സി പി പിളര്‍ത്തിയെന്നും നാടകീയ നീക്കം ശരത് പവാറിന്റെ അറിവോടെയാണെന്ന് സംശയിക്കുന്നതായും കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍, ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രപീകരിച്ചത് എന്‍ സി പിയുടെ അറിവോടെയല്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമെന്നായിരുന്നുവെന്ന് ശരത് പവാര്‍ പറഞ്ഞു. സത്യ പ്രതിജ്ഞക്ക് ശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞായിരുന്നു ശരത് പവാറിന്റെ പ്രതികരണം. ശരത് പവാറിന്റെ കുടുംബത്തില്‍ നേരത്തെ ഉണ്ടായിരുന്ന രാഷ്്ട്രീയ ഭിന്നത ശരിവക്കുന്നതാണ് പുതിയ നീക്കമെന്നും വിലയിരുത്തലുമുണ്ട്.