Connect with us

Gulf

അനുയാത്ര: 'ഡിഫറന്റ് ആര്‍ട്ട് സെന്റര്‍' പ്രവര്‍ത്തനമാരംഭിച്ചതായി ഗോപിനാഥ് മുതുകാട്

Published

|

Last Updated

അബൂദബി: കുട്ടികളുടെ ജീവിതത്തില്‍ വെളിച്ചം പകരാനും ആത്മവിശ്വാസത്തോടെ ലോകത്തെ അഭിമുഖീകരിക്കാനും പ്രാപ്തരാക്കുന്ന നിരവധി പ്രരിപാടികളാണ് നാട്ടില്‍ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതെന്ന് ഗോപിനാഥ് മുതുകാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് അനുയാത്രാ പദ്ധതിയുടെ ഭാഗമായുള്ള എംപവര്‍ സെന്റര്‍. സെന്റര്‍ ഇതുവരെ 23 ഓളം നിശ്ചയദാര്‍ഢ്യക്കാരായ കുട്ടികള്‍ക്ക് മാജിക് പരിശീലനം നല്‍കി.

പഠനകാലയളവിലെ പല ഘട്ടങ്ങളില്‍ നടന്ന പരിശോധനയില്‍ കുട്ടികളില്‍ മാനസികവും ശാരീരികവുമായ നല്ല മാറ്റങ്ങളുണ്ടാക്കാന്‍ ഇതിനായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ നൂറ് കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ കലാ രംഗങ്ങളില്‍ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ “ഡിഫറന്റ് ആര്‍ട്ട് സെന്റര്‍” പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നൃത്തം, സംഗീതം, ചിത്രരചന തുടങ്ങി വ്യത്യസ്ത കലാ മേഖലകളില്‍ പരിശീലനവും അവര്‍ക്ക് സൗജന്യ താമസത്തിനും ഭക്ഷണത്തിനും പുറമെ പ്രതിമാസം 5000 രൂപ വേതനവും സെന്ററില്‍ നല്‍കിവരുന്നു. വിദേശങ്ങളിലുള്ള ഇത്തരം കുട്ടികളുമായി സെന്ററിലെത്തിയാല്‍ ഈ സൗകര്യങ്ങള്‍ അവര്‍ക്കും ലഭ്യമാക്കുമെന്ന് മുതുകാട് പറഞ്ഞു.

ഒരുമാസം 1,34,000 രൂപ നല്‍കി ഒരു കുട്ടിയുടെ ഒരുവര്‍ഷത്തെ മുഴുവന്‍ ചെലവ് വഹിക്കാനുള്ള സംവിധാനവുമുണ്ട്. പകുതിയോ നാലിലൊന്നോ നല്‍കി ആറും മൂന്നും മാസത്തേക്കും കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുമെന്നും മുതുകാട് പറഞ്ഞു. മാജിക് കലാകാരന്മാരും കലാകാരികളുമായ വിഷ്ണു, പി ആര്‍ രാഹുല്‍, രാഹുല്‍, ശരണ്യ സതീഷ്, ശ്രീലക്ഷ്മി എന്നിവരും, അവതാരകയും കുട്ടികളുടെ സഹചാരിയുമായ ചിന്നുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളുടെ ആദ്യ വിമാനയാത്രാ വിശേഷങ്ങളും അബൂദബിയിലെ അനുഭവങ്ങളും പങ്കുവച്ചു.

 

Latest