Connect with us

Kerala

ഷഹല ഷെറിന്റെ മരണം: പ്രധാനാധ്യാപകർക്ക് സസ്പെൻഷൻ, പി ടി എ പിരിച്ചുവിട്ടു

Published

|

Last Updated

സുൽത്താൻ ബത്തേരി | വയനാട് സുൽത്താൻ ബത്തേരി സർവജന സ്‌കൂളിൽ വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുമായി സർക്കാർ.  സ്കൂളിന്റെ ശോചനീയാവസ്ഥയും  അകികൃതരുടെ വീഴച്ചയും വ്യക്തമായതിനാൽ സ്കൂൾ ഹെഡ്മാസ്റ്റർക്കും പ്രിൽസിപ്പാലിനും സസ്പെൻഷൻ നൽകി.  സ്കൂൾ പി ടി എ പിരിച്ചു വിടാനുമുള്ള നിർദേശം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കലക്ടർക്ക് കൈമാറി.

ജില്ലാ ജഡ്ജിയടക്കം സ്കൂളിലെത്തിയതിനു ശേഷം ചേർന്ന യോഗത്തിന് ശേഷമാണ് പ്രധാനാധ്യാപകർക്കെതിരെ നടപടിയെടുത്തത്. സ്കൂളിലെ ശോചനീയാവസ്ഥ നേരിട്ട് മനസ്സിലാക്കിയ ശേഷമാണ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ മോഹൻ കുമാർ സ്കൂൾ പ്രിൻസിപ്പാൽ കരുണാകരൻ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സ്കൂൾ പി ടി എ പിരിച്ചു വിടാനും നിർദേശിച്ചു.

ആരോപണ വിധേയനായ അധ്യാപകനെയും താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടറെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്ന് വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാർഥി സംഘടനകളും ഡി ഡി ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പ്രധാനധ്യാപകർക്കെതിരെയും നടപടിയെടുത്തത്.  വയനാട് കലക്ട്രേറ്റിൽ എസ് എഫ് ഐ പ്രവർത്തകരാണ് സമരവുമായി ആദ്യം എത്തിയത്. മുദ്രാവാക്യങ്ങളുമായി കലക്ട്രേറ്റിലെ ഒന്നാം നിലയിലേക്ക് പ്രതിഷേധിച്ചെത്തിയ വനിതകളെയടക്കം പോലീസിന് തടയാനായില്ല. പിന്നാലെയെത്തിയ കെ എസ് എയു പ്രവർത്തകരുടെയും പ്രതിഷേധം തുടരുകയാണ്.

സ്കൂൾ അധികൃതർക്ക് നേരെ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് ഇന്നലെ മുതൽ ഉണ്ടായത്. ഇന്നലെ സ്ഥലത്തെത്തിയ ഡി ഡി ഇ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് അധ്യാപകനായ ഷിജിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത കാര്യം അറിയിച്ചത്.  സംഭവ സമയത്ത് സ്കൂളിലുണ്ടായിരുന്ന മറ്റ് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ്  അറിയിച്ചിരുന്നത്.  സംഭവം നടന്ന ക്ലാസ് മുറിയും തൊട്ടടുത്ത മുറിയും താത്കാലികമായി പൂട്ടി. വിദ്യാർഥികൾ ഉന്നയിച്ച സ്‌കൂളിലെ പരാധീനതകളിൽ അടിയന്തര നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആരോഗ്യ മന്ത്രി സസ്‌പെൻഡ് ചെയ്തിരുന്നു. ചികിത്സിയിൽ പിഴവ് വരുത്തിയെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചത്. ഡോ. ജിസ് മെറിൻ ജോയിയെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്താനാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. പാന്പുകടിയേറ്റ കുട്ടിക്ക് ആന്റിവെനം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു.
അതേസമയം, സ്‌കൂൾ അധികൃതർക്കും താലൂക്ക് ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണവുമായി മരിച്ച വിദ്യാർഥിനിയുടെ പിതാവ് അഡ്വ. അസീസ് രംഗത്തെത്തി. പാന്പുകടിയേറ്റതാണന്ന് അറിഞ്ഞിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ സ്‌കൂൾ അധികൃതർ കാലതാമസം വരുത്തിയെന്നും കുട്ടിയെ പാന്പുകടിച്ചതാണെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടും മരുന്ന് നൽകുന്നതിൽ സാങ്കേതിക ബുദ്ധിമുട്ട് പറഞ്ഞെന്നും അസീസ് ആരോപിച്ചു.