Connect with us

Socialist

മുഴുവൻ വിദ്യാലയങ്ങളിലും കുട്ടികളുടെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം

Published

|

Last Updated

വയനാട്ടിലെ സർക്കാർ സ്‌കൂളിൽ അഞ്ചാംക്ലാസുകാരി ഷഹല പാമ്പുകടിയേറ്റ് മരണപ്പെട്ട സംഭവം അതീവ ദുഖകരമാണ്. ക്ലാസ്മുറിയിലെ മാളങ്ങൾ, കുട്ടിക്ക് അപകടം സംഭവിച്ചിട്ടും വേണ്ടത്ര ഗൗരവത്തിൽ എടുക്കാത്ത അധ്യാപകരുടെ സമീപനം, താലൂക്കാശുപത്രിയിൽ നിന്ന് ആവശ്യമായ ചികിത്സ നൽകാതെ വൈകിപ്പിച്ചത്, എല്ലാം ഈ ദാരുണമായ മരണത്തിനു കാരണമായതായി മനസ്സിലാവുന്നു. നമ്മുടെ വിദ്യാലയങ്ങളിൽ ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ രീതികളും ഗുണനിലവാരവും കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമ്പോഴും, അപൂർവ്വം ചിലവ ഇങ്ങനെ പരിതാപകരമായ അവസ്ഥയിൽ കാണുന്നു. കുട്ടികളുടെ ജീവിന് സുരക്ഷ നൽകുന്ന ഭൗതിക സാഹചര്യങ്ങൾ മുഴുവൻ വിദ്യാലയങ്ങളുടെയും അകത്ത് ഉണ്ടെന്നു സർക്കാർ ഉറപ്പുവരുത്തണം. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. വിദ്യാലയങ്ങളിലെയും പരിസരങ്ങളിലേയും സുരക്ഷ കുറ്റമറ്റതാണ് എന്ന് ജനപ്രതിനിധിനികളും പി.ടി.എ ഭാരവാഹികളും ഇടയ്ക്കിടെ സന്ദർശിച്ചു ഉറപ്പുവരുത്തണം. ഷഹ്‌ലയുടെ പിതാവ് അഡ്വ. അസീസ് വേദനയോടെ പറഞ്ഞ, ഇനിയൊരു കുട്ടിക്കും ഇത്തരം ദുരന്തം ഉണ്ടാവരുത് എന്ന വാക്കുകൾ എല്ലാവരും ഗൗരവപൂർവ്വം ശ്രദ്ധിക്കണം.

അതോടൊപ്പം ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇപ്പോഴും വയനാട്ടിൽ ചികിത്സ ലഭ്യമാക്കാൻ സാധിക്കാതെ മൂന്നും നാലും മണിക്കൂറുകൾ സഞ്ചരിച്ചു കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോവേണ്ട അവസ്ഥ നിലനിൽക്കുന്നുവെന്നത് വളരെ വിഷമകരമാണ്. അത്യാസന്ന നിലയിൽ ജീവനുവേണ്ടിയുള്ള ദീർഘമായ യാത്രയിൽ എത്രയോ ആളുകൾക്ക് മരണം സംഭവിച്ച കാര്യം എനിക്കറിയാം. ഭൂമിശാസ്ത്രപരമായി സവിശേഷമായി നിൽക്കുന്ന വായനാട്ടിൽ എല്ലാത്തരം ആധുനിക ചികിത്സാസൗകര്യങ്ങളും ഉള്ള മെഡിക്കൽ കോളജ് നിർമ്മാണം പൂർത്തിയാക്കി ജനങ്ങളുടെ അടിസ്ഥാനപരമായ പ്രയാസങ്ങളിലൊന്ന് പരിഹരിക്കുകയെന്നത് സർക്കാറിന്റെ പ്രധാന അജണ്ടയാവണം.

പ്രിയപ്പെട്ട ഷഹല മോളുടെ പാരത്രിക ജീവിതം അല്ലാഹു സന്തോഷകരമാക്കട്ടെ. കുട്ടിയുടെ മാതാപിതാക്കളുടെ വേദനയിൽ പങ്കുചേരുന്നു. അവർക്ക് അല്ലാഹു ക്ഷമ പ്രദാനം ചെയ്യട്ടെ.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

Latest