വര്‍ഗീയ തീവ്രവാദവും മാവോയിസ്റ്റുകളും

പി മോഹനന്‍

കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും യു എ പി എ ചുമത്തുകയും ചെയ്ത സാഹചര്യത്തിലാണ് മാവോയിസ്റ്റുകളുടെ രാഷ്ട്രീയം വിശദീകരിക്കുന്നതിനിടയില്‍ ചില തീവ്രവാദി സംഘടനകളുമായി അവര്‍ക്കുള്ള ബന്ധത്തെയും സംബന്ധിച്ച് പ്രസ്താവന നടത്തിയത്. എന്താണ് ആ പ്രസ്താവനക്ക് ആധാരം?
1960കളുടെ അവസാനത്തോടെ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഇടതുപക്ഷ തീവ്രവാദ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി അത്യന്തം ഭീകരവാദപരവും പ്രതിലോമപരവുമായ കാഴ്ചപ്പാടുകളാണ് മാവോയിസ്റ്റുകള്‍ക്കുള്ളത്. അവര്‍ കോര്‍പറേറ്റ് ചൂഷണത്തിനും ജന്മിത്വത്തിനുമെതിരെ പോരാടുന്നുവെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ജനാധിപത്യപരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും അസ്ഥിരീകരിക്കുകയാണ്. സായുധ പ്രവര്‍ത്തനങ്ങളെ ഏകമാത്ര സമരരൂപമായി സ്വീകരിച്ച മാവോയിസ്റ്റുകള്‍ ഇന്ത്യയില്‍ വിപ്ലവം വിജയത്തിലെത്തിക്കാന്‍ ആഗോളതലത്തിലുള്ള തീവ്രവാദ സംഘടനകളുമായി ഐക്യപ്പെടുന്നവരാണ്.

മാവോയിസ്റ്റുകളുടെ നേതാവ് ഗണപതി ബി ബി സിക്കും ദി ഹിന്ദുവിനും നല്‍കിയ അഭിമുഖങ്ങളില്‍ ഇത് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ഖാഇദ തൊട്ടുള്ള ഇസ്‌ലാമിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെല്ലാം സാമ്രാജ്യത്വവിരുദ്ധ പോരാട്ടമാണ് നടത്തുന്നതെന്ന നിലപാടാണ് ഗണപതിയുടേത്.

കേരളത്തില്‍ അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് കോഴിക്കോട് കേന്ദ്രമായിട്ടുള്ള ചില തീവ്രവാദ സംഘടനകളെക്കുറിച്ച് പരാമര്‍ശിച്ചത്. ആരാണ് ഈ തീവ്രവാദി സംഘടനകള്‍? അത് പകല്‍ പോലെ വ്യക്തമാണ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ ഡി എഫ്, പോപ്പുലര്‍ഫ്രണ്ട് സംഘടനകളുമായി സഹകരിച്ചാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്നതു പോലുള്ള മുദ്രാവാക്യങ്ങള്‍ വെച്ച് പ്രവര്‍ത്തിക്കുന്ന മതരാഷ്ട്രവാദ സംഘടനകളും തീവ്രവാദ ഗ്രൂപ്പുകളും മാവോയിസ്റ്റുകളുമായി ചേര്‍ന്ന് നിരവധി കവര്‍ സംഘടനകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ ഡി എഫിന്റെ മുന്‍കൈയില്‍ രൂപംകൊണ്ട മനുഷ്യാവകാശ സംഘടനകളെയും തൊഴിലാളി യൂനിയനുകളെയും നയിക്കുന്നവരില്‍ പലരും രഹസ്യവും പരസ്യവുമായ മാവോയിസ്റ്റ് ബന്ധം സൂക്ഷിക്കുന്നവരാണ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മറവില്‍ മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനത്തിന് മണ്ണൊരുക്കിക്കൊടുക്കുകയാണ് ഇത്തരം സംഘടനകള്‍ ചെയ്യുന്നത്.

എന്നാല്‍, എന്‍ ഡി എഫുകാരെയും പോപ്പുലര്‍ ഫ്രണ്ടുകാരെയും ഉദ്ദേശിച്ചുള്ള പ്രസ്താവന മുസ്‌ലിം സമുദായത്തെയാകെ ആക്ഷേപിക്കുകയാണ് എന്ന നിലയില്‍ ചിലര്‍ ഇവിടെ പ്രചരിപ്പിക്കുകയുണ്ടായി. മതരാഷ്ട്രനിലപാടുകള്‍ സൂക്ഷിക്കുന്ന സംഘടനകളും പോപ്പുലര്‍ഫ്രണ്ടും മുസ്‌ലിം ലീഗുകാരുമാണ് എന്റെ പ്രസ്താവനയെ തെറ്റായി അവതരിപ്പിച്ച് മുസ്‌ലിം സമുദായത്തെയാകെ ആക്ഷേപിക്കുന്നുവെന്ന് പ്രചരിപ്പിച്ചത്. എന്‍ ഡി എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും മുസ്‌ലിം മതവിശ്വാസികള്‍ക്കിടയില്‍ സ്വാധീനമുള്ള എല്ലാ സാമുദായിക സംഘടനകളും ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നാല്‍, മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരു പിന്തുണയും ഇല്ലാത്ത തീവ്രവാദികളെ വെള്ളപൂശുകയാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ ചെയ്തത്. യഥാര്‍ഥത്തില്‍ ഇസ്‌ലാം മതം ഒരുതരത്തിലുമുള്ള ഭീകരവാദ പ്രവര്‍ത്തനത്തെയും പിന്തുണക്കുന്നില്ല. കേരളത്തില്‍ നിന്ന് ഐ എസിലേക്ക് യുവതീ യുവാക്കളെ റിക്രൂട്ട് ചെയ്തത് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ശക്തമായ എതിര്‍ നിലപാട് സ്വീകരിച്ചവരാണ് മുസ്‌ലിം സമുദായത്തിലെ ആത്മീയ നേതാക്കളും ബഹുഭൂരിപക്ഷം സംഘടനകളും.

വിചിത്രമായ കാര്യം എന്റെ പ്രസ്താവനയെ ബി ജെ പി കേന്ദ്രങ്ങള്‍ സ്വാഗതം ചെയ്തു എന്നതാണ്. ബി ജെ പി ഹിന്ദുത്വവര്‍ഗീയ രാഷ്ട്രീയം കളിക്കുന്നവരാണ്. അവരുടെ വര്‍ഗീയ കളി എല്ലാവര്‍ക്കും മനസ്സിലാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത് സംഘ്പരിവാര്‍ സംഘടനകളാണ്. മലേഗാവ്, മക്കാമസ്ജിദ് തുടങ്ങിയ സ്‌ഫോടന പരമ്പരകള്‍ നടത്തിയത് ഹിന്ദുത്വ സംഘടനകളാണ്. ഗോരക്ഷാസേന എന്ന പേരില്‍ നാടുനീളെ നരഹത്യകള്‍ നടത്തുകയാണവര്‍. എന്നെ “വേട്ടയാടുന്നതിനെതിരായ’ അവരുടെ ക്യാമ്പയിന്‍ അങ്ങേയറ്റം പരിഹാസ്യമെന്നല്ലാതെ എന്താണ് പറയുക? എനിക്കു നേരെ ബോംബെറിഞ്ഞവരാണവര്‍. എന്നെ വേട്ടയാടിയത് അവരാണ്. ഇടതുപക്ഷ പ്രവര്‍ത്തകരെ എല്ലാ വിഭാഗത്തിലുംപ്പെട്ട വര്‍ഗീയവാദികളും ഒരു പോലെ എതിര്‍ക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.

യു എ പി എ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട കരിനിയമമാണ്. സി പി എമ്മിന്റെ നയം യു എ പി എ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ്. വിദ്യാര്‍ഥികള്‍ക്കെതിരെ യു എ പി എ ചുമത്തിയ നടപടിയെ ഞങ്ങള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ആ നിയമം അനുശാസിക്കുന്ന പരിശോധനാ സമിതിയുടെ മുമ്പില്‍ വരുമ്പോള്‍ യു എ പി എ ഒഴിവാക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവരുടെ മാവോയിസ്റ്റ് ബന്ധം പാര്‍ട്ടിയുടെ പരിശോധനയിലിരിക്കുന്ന വിഷയമാണ്.
മാവോയിസ്റ്റുകള്‍ക്കെതിരായ ആശയപ്രചാരണത്തിന് പാര്‍ട്ടി തയ്യാറെടുക്കുകയാണ്. വലതുപക്ഷ അവസരവാദത്തെയും ഇടതുപക്ഷ തീവ്രവാദത്തെയും ഒരുപോലെ എതിര്‍ത്തു കൊണ്ടാണ് സി പി എം വളര്‍ന്നുവന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് കടന്നുവരുന്ന ഇത്തരം തെറ്റായ പ്രവണതകളെ രാഷ്ട്രീയമായും സൈദ്ധാന്തികമായും തുറന്നു കാണിച്ചുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ടു പോയിട്ടുള്ളത്. തെറ്റായ ആശയങ്ങളില്‍ സ്വാധീനിക്കപ്പെടുന്നവരെ തിരുത്തിയെടുക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ മാവോയിസം പോലുള്ളൊരു പ്രത്യയശാസ്ത്രത്തിന് ഒരു പ്രസക്തിയുമില്ല.
കേരളം ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ കാലത്തുതന്നെ ഭൂപരിഷ്‌കരണ നടപടികളിലൂടെ കടന്നുപോയ പ്രദേശമാണ്. വിപ്ലവകരമായ സാമൂഹിക മാറ്റങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. മനുഷ്യജീവിത ഗുണനിലവാരത്തില്‍ ലോകത്തിനാകെ മാതൃകയായ സംസ്ഥാനമാണ്. തീഷ്ണമായ ചൂഷണവും സാമൂഹിക മര്‍ദനവും നിലനില്‍ക്കാത്ത ഒരു സമൂഹത്തില്‍ അരക്ഷിതത്വം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാവോയിസ്റ്റുകള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടാന്‍ നോക്കുന്നത്. അത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനെ ലക്ഷ്യംവെച്ചുകൊണ്ടുള്ള വലതുപക്ഷ അജന്‍ഡയുടെ ഭാഗമാണെന്ന് കരുതേണ്ടിവരും. ബംഗാളില്‍ മമതയോടൊപ്പം ചേര്‍ന്ന് നൂറുകണക്കിന് സി പി എം പ്രവര്‍ത്തകരെ കൊലചെയ്യുകയും ഇടതുപക്ഷത്തെ അസ്ഥിരീകരിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത പ്രസ്ഥാനമാണ് മാവോയിസ്റ്റുകളുടേത്.

(സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)