Connect with us

Editorial

ഹെല്‍മെറ്റ് വേട്ട: കോടതി ഉത്തരവ് സ്വാഗതാര്‍ഹം

Published

|

Last Updated

ഹെൽമെറ്റ് പരിശോധനയാകാം, എന്നാല്‍ ഹെല്‍മെറ്റ് വേട്ട വേണ്ടെന്നു ഹൈക്കോടതി. ചില പോലീസുദ്യോഗസ്ഥര്‍ക്ക് കൈബലം കാണിക്കാനും സാഹസികത പ്രകടിപ്പിക്കാനുമുള്ള അവസരമാണ് ഹെല്‍മെറ്റ് പരിശോധന. ബൈക്കപകട മരണങ്ങള്‍ കുറക്കാനെന്ന പേരില്‍ നടത്തപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഇത്തരം അതിസാഹസികത കാരണം നിരവധി യാത്രക്കാര്‍ അപകടത്തില്‍ പെടുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് തിരുവണ്ണൂരില്‍ രാത്രി ഹെല്‍മെറ്റ് വേട്ടക്കായി മറഞ്ഞു നിന്ന പോലീസ് സംഘത്തെ കണ്ട യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു കെ എസ് ആര്‍ ടി സിയുടെ അടിയില്‍ പെടുകയും രണ്ട് പേരും മരണപ്പെടുകയും ചെയ്തു. കൊല്ലം ചിന്നക്കടയില്‍ ഹെല്‍മെറ്റ് പരിശോധനക്കായി ബൈക്ക് റോഡിന്റെ വശത്തേക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ കഴുത്തില്‍ പോലീസ് കയറിപ്പിടിച്ചതിനെ തുടര്‍ന്ന് മറിഞ്ഞു വീഴുകയും യുവാവിന് പരുക്കേല്‍ക്കുകയും ചെയ്തു. ഹെല്‍മെറ്റ് വേട്ടക്കിടെ ബൈക്ക് നിര്‍ത്താതെ പോയ യുവാവിനെ പോലീസ് പിന്തുടര്‍ന്നു വിട്ടീല്‍ കയറി പിടികൂടി ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ച സംഭവം വയനാട്ടിലെ മാനന്തവാടിയിലുണ്ടായി. പോലീസിനെതിരായ ഇത്തരം പരാതികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മറഞ്ഞു നിന്നും റോഡിന്റെ നടുവില്‍ ഇറങ്ങിയും വാഹനത്തെ പിന്തുടര്‍ന്നുമുള്ള പരിശോധനകള്‍ ഡി ജി പി വിലക്കിയതാണ്. എന്നിട്ടും അത് തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കോടതി പ്രശ്‌നത്തില്‍ ഇടപെട്ടത്.

മലപ്പുറം രണ്ടത്താണി ദേശീയ പാതയില്‍ വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് ഒരു ഓഫീസറെ ഇടിച്ചു വീഴ്ത്തുകയും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ബൈക്ക് യാത്രികന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് വാഹന പരിശോധനയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ബുധനാഴ്ച ഹൈക്കോടതി വ്യക്തമാക്കിയത്. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ ഓടിച്ചിട്ടോ നടുറോഡില്‍ ഇറങ്ങിനിന്നോ പിടികൂടരുത്. കായികമായല്ല ഗതാഗത നിയമ ലംഘനങ്ങളെ പ്രതിരോധിക്കേണ്ടതെന്നും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണെന്നും കോടതി ഉണര്‍ത്തി. ഡിജിറ്റല്‍ ക്യാമറ, ട്രാഫിക് നിരീക്ഷണ ക്യാമറ, മൊബൈല്‍ ഫോണ്‍ ക്യാമറ തുടങ്ങിയവ ഉപയോഗിച്ചു നിയമലംഘകരെ കണ്ടെത്താകുന്നതാണ്. കൈകാണിച്ചിട്ടും നിറുത്തിയില്ലെങ്കില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ വയര്‍ലെസിലൂടെ കൈമാറി അടുത്ത പോയിന്റില്‍ പിടികൂടാം. 2012 മാര്‍ച്ച് മൂന്നിലെ ഡി ജി പിയുടെ സര്‍ക്കുലറില്‍ ഉണര്‍ത്തിയ പ്രകാരം മുന്‍കൂട്ടി അറിയിച്ച സ്ഥലങ്ങളിലും കൃത്യമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിലും മാത്രമേ പരിശോധന നടത്താവൂ എന്നും യാത്രക്കാരെ ചാടിവീണ് പിടികൂടുകയല്ല, സുരക്ഷാ ശീലങ്ങള്‍ പഠിപ്പിക്കുകയായിരിക്കണം പരിശോധനകളുടെ ലക്ഷ്യമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉദ്യോഗസ്ഥരെ ഉണര്‍ത്തി.

ട്രാഫിക് നിയന്ത്രണം പൂര്‍ണമായും ഡിജിറ്റലാക്കാനും ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിക്കുന്നവരെ പിടിക്കാനുമായി സംസ്ഥാന വ്യാപകമായി ഹെല്‍മെറ്റ് ഡിറ്റക്്ഷന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം നേരത്തേ തീരുമാനിച്ചതാണ്. ദേശീയ പാതകളിലും പ്രധാന റോഡുകളിലും മാത്രമല്ല, ഇട റോഡുകളിലും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഹെല്‍മെറ്റ് ഡിറ്റക്്ഷന്‍ ക്യാമറകളും ചുവപ്പ് സിഗ്നല്‍ ക്യാമറകളും കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചു പിഴയടക്കാനുള്ള നോട്ടീസുകള്‍ അവിടെ നിന്നയക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതോടെ ഹെല്‍മെറ്റ് ധരിക്കാത്തവരെ കണ്ടെത്താന്‍ പോലീസിന് കൂടുതല്‍ വിയര്‍ക്കേണ്ടി വരില്ല. 180 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി സാമ്പത്തിക ഞെരുക്കം കാരണമായിരിക്കാം നടപ്പാക്കാന്‍ വൈകിയത്. ബുധനാഴ്ചത്തെ കോടതി വിധിയെ തുടര്‍ന്ന് പദ്ധതി എത്രയും വേഗത്തില്‍ നടപ്പാക്കുമെന്നും ഹെല്‍മെറ്റിന്റെ പേരില്‍ യാത്രക്കാരെ വേട്ടയാടുന്നത് പൂര്‍ണമായും അവസാനിപ്പിക്കുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കുകയുണ്ടായി. ഇത് സ്വാഗതാര്‍ഹമാണ്.
പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ സാഹസികത കാണിക്കരുതെന്നു കോടതി വിലക്കുമ്പോള്‍ അത് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ ചീറിപ്പായാനുള്ള പഴുതായി കാണരുത്. ഭരണകൂടത്തിന്റെയോ ഉദ്യോഗസ്ഥരുടെയോ താത്പര്യങ്ങള്‍ക്കല്ല, തങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതെന്നു അവര്‍ ഓര്‍ത്തിരിക്കണം.

ഇന്ത്യയില്‍ റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവരില്‍ മൂന്നിലൊരു ഭാഗവും ഇരുചക്ര വാഹന യാത്രക്കാരാണ്. ഇരുചക്ര വാഹനാപകടങ്ങളില്‍ തലക്കാണ് കൂടുതലും പരുക്കേല്‍ക്കുക. മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുമ്പോഴും നിയന്ത്രണം വിട്ടു മറിയുമ്പോഴും യാത്രക്കാര്‍ കൂടുതലും തലകുത്തിയാണ് വീഴുന്നത്. ഈ വീഴ്ചയുടെ ആഘാതത്തില്‍ തലയോട്ടിക്ക് പൊട്ടല്‍ സംഭവിക്കുകയോ തലച്ചോറിനു ക്ഷതം സംഭവിക്കുകയോ ചെയ്യുന്നു. അപകടത്തില്‍ പെടുമ്പോള്‍ തലക്ക് ശക്തമായ ക്ഷതമേല്‍ക്കാതിരിക്കാനും കൂര്‍ത്ത കമ്പിയോ മറ്റോ തലയില്‍ തറച്ച് കയറാതിരിക്കാനും ഹെല്‍മെറ്റ് സഹായിക്കും. അപകട സമയത്തുണ്ടാകുന്ന സമ്മര്‍ദം നേരിട്ട് ഹെല്‍മെറ്റിന് പുറത്തുള്ള ഷെല്ലിലാണ് ഏല്‍ക്കുന്നത്. ഇതുമൂലം വീഴ്ചയുടെ ആഘാതം തലയിലേക്ക് നേരിട്ട് ഏല്‍ക്കില്ല.

ഹെല്‍മെറ്റ് വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട് ചില കാര്യങ്ങള്‍. വിലക്കുറവ് മാനദണ്ഡമാക്കരുത്. സ്വന്തം ജീവന്റെ സുരക്ഷിതത്വത്തിനാണ് ഹെല്‍മെറ്റെന്ന ബോധത്തില്‍ ഗുണനിലവാര കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ബലവും ഉറപ്പുമില്ലാത്ത, ഗുണമേന്മ കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിച്ച ഹെല്‍മെറ്റിന് അപകടങ്ങളില്‍ തലക്ക് സംരക്ഷണം നല്‍കാനാകില്ലെന്നു മാത്രമല്ല, അവയുടെ ഗ്ലാസിനും വേണ്ടത്ര നിലവാരമുണ്ടാകില്ല. ഇത് കാഴ്ചക്ക് തടസ്സമുണ്ടാക്കുന്നു. ഗ്ലാസിലൂടെ കാണുന്ന വസ്തുക്കളുടെ സ്ഥാനം കൃത്യമായിരിക്കുകയുമില്ല. അപകടങ്ങള്‍ക്ക് ഇതും കാരണമാകും. ഐ എസ് ഐ മാര്‍ക്കുള്ള ചിന്‍സ്ട്രാപ്പ് അടക്കമുള്ള സംവിധാനങ്ങളോടു കൂടിയ ഹെല്‍മെറ്റിനേ തലക്ക് പൂര്‍ണ സംരക്ഷണം നല്‍കാന്‍ സാധിക്കുകയുള്ളൂ.

Latest