പാമ്പ് കടിയേറ്റ ബാലികയുടെ മരണം:  അനാസ്ഥ കാണിച്ചവർക്കെതിരെ നരഹത്യക്കു കേസെടുക്കണം: മഴവിൽ സംഘം

Posted on: November 21, 2019 10:40 pm | Last updated: November 21, 2019 at 11:02 pm
സുൽത്താൻ ബത്തേരി സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച ബാലികയുടെ വസതി എസ് എസ് എഫ് സംസ്ഥാന നേതാക്കൾ സന്ദർശിച്ചു പ്രാർത്ഥന നടത്തുന്നു

കൽപ്പറ്റ | സുൽത്താൻ ബത്തേരി എസ് വി എച്ച് എസ് സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹ് ല എന്ന വിദ്യാർത്ഥിനിയെ യഥാ സമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അധ്യാപകർക്കെതിരേയും നിസഹകരണ മനോഭാവത്തോടെ പെരുമാറി
മനപൂർവം ചികിത്സ വൈകിപ്പിച്ച ആശുപത്രി അധികൃതർക്കെതിരെയും നരഹത്യക്ക് കേസെടുക്കണമെന്ന് മഴവിൽ സംഘം ആവശ്യപ്പെട്ടു.

സ്കൂളിലെ അധ്യാപകരുടെ നിരുത്തരവാദപരമായ സമീപനം മരണത്തിന് കാരണം ആയിട്ടുണ്ട്. സമാനമായ അനുഭവം തന്നെയാണ് ആശുപത്രിയിലും ഇവർക്ക് നേരിടേണ്ടി വന്നത്. സസ്പെൻഷനിൽ പരിഹാരശ്രമങ്ങൾ ഒതുങ്ങരുത്. ഉദ്യോഗസ്ഥരുടെയും ഭരണ സംവിധാനങ്ങളുടെയും പിടിപ്പുകേടുകൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ നിരന്തരം ആവർത്തിക്കെപ്പെടുന്നത്.

സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളോട് കാണിക്കുന മനോഭാവത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നതിന്റെ ഉദാഹരണം കൂടിയാണിത്.
അത്യാധുനിക സംവിധാനങ്ങളൊരുക്കി
നഗരപ്രദേശങ്ങളിലെ ക്ലാസ് റൂമുകളും സ്കൂളുകളും നവീകരിക്കപ്പെടുമ്പോൾ ഗ്രാമീണ പാശ്ചാത്തലത്തിൽ സർക്കാർ സ്കൂളുകൾ ഇപ്പോഴും പ്രാകൃതമായ അവസ്ഥയിൽ തുടരുന്നത് ആശങ്കയുളവാക്കുന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി ഗവൺമെന്റ് നൽകുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാർ ഗൗരവമായി ഇടപെടണം എന്നും മഴവിൽ സംഘം ആവശ്യപ്പെട്ടു. മഴവിൽ സംഘം സംസ്ഥാന കോഡിനേറ്റർ എം കെ മുഹമ്മദ് സ്വഫ് വാൻ , എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ഇർഷാദ്, എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ജസീൽ പരിയാരം, സെക്രട്ടറിമാരായ അഷ്റഫ് ബുഖാരി, ഹാരിസ് കൽപറ്റ, ശിഹാബ് പാഴൂർ എന്നിവർ ഷഹ് ലയുടെ വീടു സന്ദർശിച്ചു കുടുംബത്തെ ആശ്വസിപ്പിച്ചു. ഇന്ന്  മഴവിൽ സംഘത്തിനു കീഴിൽ യൂണിറ്റുകളിലും മഴവിൽ ക്ലബിനു കീഴിൽ സ്കൂളുകളിലും ഷഹ് ല ഷെറിൻ അനുസ്മരണ സംഗമം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.