Connect with us

National

ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ ബി ജെ പി വിയര്‍ക്കുന്നു

Published

|

Last Updated

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളവെ ഭരണകക്ഷിയായ ബി ജെ പിയുടെ നില പരുങ്ങലില്‍. 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയിലെ 13 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ മാസം 30ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ആറ് മണ്ഡലങ്ങള്‍ ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകളാണ്. സംസ്ഥാന ഭരണത്തിനൊപ്പം കേന്ദ്ര ഭരണത്തിന്റെ നിറഞ്ഞ പിന്തുണ്ടായിട്ടും ഈ സിറ്റിംഗ് സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ ബി ജെ പിക്ക് കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ബി ജെ പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ജെ എം എം, കോണ്‍ഗ്രസ്, ആര്‍ ജെ ഡി മഹാസഖ്യം പ്രചാരണം രംഗത്ത് മുന്നേറുകയാണ്. കൂടാതെ വിമതരും മുന്‍ സഖ്യകക്ഷിയായ ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്‍ (എ ജെ എസ് യു) സ്ഥാനാര്‍ഥികളുമെല്ലാം ചേര്‍ന്ന് ബി ജെ പിയെ പ്രചാരണ രംഗത്ത് വട്ടംകറക്കുകയാണ്.

ബി ജെ പി ഭരണം നിലനില്‍ക്കുന്ന മൂന്നാമത്തെ സംസ്ഥാനത്തിലാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. നേരത്തെ മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഹരിയാനയില്‍ ചെറിയ തിരിച്ചടിയുണ്ടായെങ്കിലും ഭരണം നിലനിര്‍ത്താന്‍ ബി ജെ പിക്ക് കഴിഞ്ഞു. എന്നാല്‍ മാഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലെത്താന്‍ ബി ജെ പിക്ക് സാധിച്ചില്ല. സഖ്യകക്ഷിയായ ശിവസേന ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിയുടെ ഏറ്റവും വലിയ എതിരാളിയായ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ പോകുകയാണ്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ തിരിച്ചടിയാണ് മഹാരാഷ്ട്രയിലുണ്ടായത്.

ഈ സാഹചര്യത്തില്‍ എന്തുവിലകൊടുത്തും ഝാര്‍ഖണ്ഡ് ഭരണം നിലനിര്‍ത്താനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നു. എന്നാല്‍ ഝാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ ബി ജെ പി അടുത്തകാലത്തൊന്നും നേരിടാത്ത വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് രംഗത്ത് നിന്നുള്ള റിപ്പോര്‍ട്ട്.

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 13 മണ്ഡലങ്ങളില്‍ എട്ട് മണ്ഡലങ്ങള്‍ മഹാസഖ്യവും ബി ജെ പിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്. ഇതില്‍ മൂന്ന് സീറ്റുകളില്‍ ബി ജെ പിക്ക് വിമത ഭീഷണിയും നിലനില്‍ക്കുന്നു. മറ്റ് അഞ്ച് മണ്ഡലങ്ങളില്‍ എ ജെ എസ് യു വിത്യസ്ത പ്രചാരണ രീതികളുമായി കളം നിറയുകയാണ്. ഈ മണ്ഡലങ്ങളില്‍ ചതുഷ്‌കോണ മത്സരത്തിന്റെ പ്രതീതിയാണുള്ളത്. മുന്‍ സഖ്യകക്ഷിയാണ് എ ജെ എസ് യു എന്നതിനാല്‍ ബി ജെ പി വോട്ടുകളില്‍ വലിയ വിള്ളല്‍ വീഴ്ത്തന്‍ ഇവര്‍ക്ക് കഴിയും. ഇത് മാഹാസഖ്യത്തിന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നു.

ഗുംല, ബിഷന്‍പുര്‍, ലൊഹര്‍ദഗ, ഗര്‍വ, ഡാല്‍ടൊഗഞ്ച്, വിശ്രാംപുര്‍, പങ്കി, മാനിക, ഭവാനത്പൂര്‍, ലാതര്‍, ചാത്ര, ലോഹര്‍ഡാഗ, ഛത്തര്‍പുര്‍, ഹുസൈന്‍ബാദ് മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്.

 

---- facebook comment plugin here -----

Latest