ഷഹ്‌ലയുടെ മരണം: അനാസ്ഥ കാട്ടിയവര്‍ക്കെതിരെ നടപടിക്കായി ഇടപെടും- മുഖ്യമന്ത്രി

Posted on: November 21, 2019 8:14 pm | Last updated: November 22, 2019 at 11:02 am

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അനാസ്ഥയോ, അലംഭാവമോ കാട്ടിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പറഞ്ഞു.

ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകര്‍. ഇവിടെ കുട്ടികള്‍ പറയുന്നത്, തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകര്‍ഷഹല ഷെറിനെ വേണ്ട സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല എന്നാണ്. രക്ഷിതാക്കള്‍ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഈ കുട്ടികള്‍ പറയുന്നുണ്ട്. ഷഹല ഷെറിന്റെ മരണം അത്യന്തം ദുഖകരമാണ്. ആ കുഞ്ഞിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.