ജര്‍മന്‍ പൗരനെന്ന്; തെലങ്കാന എം എല്‍ എ. രമേഷ് ചെന്നമനെനിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കി

Posted on: November 21, 2019 10:35 am | Last updated: November 21, 2019 at 12:53 pm

ഹൈദരാബാദ്: തെലങ്കാനയില്‍ ടി ആര്‍ എസ് എം എല്‍ എയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. വെമുലവദ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രമേഷ് ചെന്നമനെനിയുടെ
പൗരത്വമാണ് റദ്ദാക്കിയിട്ടുള്ളത്. രമേഷ് ജര്‍മന്‍ പൗരനാണെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. ഇന്ത്യയില്‍ ജനിച്ച രമേഷ് പിന്നീട് ജര്‍മനിയിലേക്ക് കുടിയേറുകയും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി. 2009ല്‍ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തു.

ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നയാള്‍ 365 ദിവസമെങ്കിലും രാജ്യത്ത് താമസിച്ചിരിക്കണമെന്നാണ് ചട്ടം അനുശാസിക്കുന്നത്. ഈ മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രമേഷിന്റെ പൗരത്വം 2017ല്‍ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഇതിനെതിരെ രമേഷ് സുപ്രീം കോടതിയില്‍ ഹരജി നല്‍കി. വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് അദ്ദേഹം നേരത്തെ പൗരത്വം നേടിയിട്ടുള്ളതെന്നും അത് പിന്നീട് റദ്ദാക്കിയിട്ടുള്ളതാണെന്നും ഹരജിയെ എതിര്‍ത്തു കൊണ്ട് ആഭ്യന്തര മന്ത്രാലയം കോടതിയെ അറിയിച്ചു.