ഭൂരിപക്ഷ വാദങ്ങള്‍ക്ക് സന്ധി ചെയ്യുന്നു; അയോധ്യ, ശബരിമല കേസുകളിലെ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കാരാട്ട്

Posted on: November 21, 2019 9:36 am | Last updated: November 21, 2019 at 3:53 pm

കോഴിക്കോട്: ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്യുന്ന നിലപാടാണ് കഴിഞ്ഞ കുറച്ചുകാലമായി സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന കടുത്ത വിമര്‍ശനവുമായി സി പി എം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്. ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്ന് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രീം കോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുന്നുണ്ടെന്ന് അയോധ്യ, ശബരിമല വിധികള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ‘സുപ്രീം കോടതിയില്‍ സംഭവിക്കുന്നതെന്ത്’എന്ന തലവാചകത്തില്‍ പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കാരാട്ടിന്റെ വിമര്‍ശനം.

സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉത്കണ്ഠക്കിടയാക്കുന്നതായി ലേഖനത്തില്‍ പറയുന്നു. അയോധ്യക്കേസിലെ വിധിന്യായം, ശബരിമല കേസിലെ പുനഃപരിശോധനാ ഹരജികള്‍ പരിഗണിച്ചത്, ഇലക്ടറല്‍ ബോണ്ട് തുടങ്ങിയ വിഷയങ്ങള്‍ ലേഖനത്തില്‍ പ്രതിപാദ്യ വിഷയമായിട്ടുണ്ട്. എക്‌സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരും ദിവസങ്ങളില്‍ ജുഡീഷ്യറിക്ക് ദോഷകരമാകും.

അയോധ്യ വിഷയത്തിലെ വിധി ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതില്‍ കോടതി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് വെളിപ്പെടുത്തുന്നത്. വിശ്വാസത്തിനും വിശ്വാസ പ്രമാണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന നടപടി രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വശക്തികള്‍ക്ക് കരുത്തു പകരും. വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെയും ലേഖനത്തില്‍ കാരാട്ട് വിമര്‍ശിക്കുന്നു.

ജസ്റ്റിസ് ഗൊഗോയ് പദവിയിലിരുന്ന കാലത്താണ് സുപ്രീം കോടതി വിശ്വാസത്തിന്റെയും മറ്റും കാര്യങ്ങളില്‍ ഭൂരിപക്ഷവാദത്തിന് സന്ധി ചെയ്യുകയും എക്‌സിക്യൂട്ടീവിന് കൂടുതലായി വഴങ്ങിക്കൊടുക്കുകയും ചെയ്തതെന്നും സി പി എം നേതാവ് ചൂണ്ടിക്കാട്ടി.