ഇടിമിന്നലേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: November 20, 2019 10:22 pm | Last updated: November 21, 2019 at 10:03 am

പാനൂര്‍: കണ്ണൂരിലെ പുല്ലൂക്കരയില്‍ ഇടിമിന്നലേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പുല്ലൂക്കര കിഴക്കെ വളപ്പില്‍ താഴെ തൂലയില്‍ മഹ്മൂദിന്റെ മകന്‍ ഫഹദ് (18), ആനകെട്ടിയതില്‍ പൂക്കോം മെട്ടമ്മലില്‍ റഹീമിന്റെ മകന്‍ സെമീന്‍ (17) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കൊച്ചിയങ്ങാടി തട്ടാന്‍ കണ്ടി താഴെ പ്രദേശത്ത് വയലില്‍ കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. ഇതിനിടയില്‍ ഇടിമിന്നലേറ്റ് പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫഹദിനെയും സെമീനെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

ഫഹദിന്റെ മാതാവ്: ഷാഹിദ. സഹോദരങ്ങള്‍: സനീറ, സമീറ, ഫിദ. സമിന്റെ മാതാവ്: നൗഫീല. സഹോദരന്‍: റഹനാസ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് പുല്ലൂക്കര പാറമ്മല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.