Connect with us

National

രണ്ടര വർഷ‌ം മുമ്പ് രാജസ്ഥാനില്‍ നിന്ന് കാണാതായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പാക് കസ്റ്റഡിയില്‍

Published

|

Last Updated

പ്രശാന്തിന്റെ പിതാവും സഹോദരനും സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി സി സജ്ജനാറിനെ കാണുന്നു. ഇന്‍സെറ്റില്‍ പ്രശാന്ത് വൈന്ദം.

ഹൈദരാബാദ് | രണ്ടര വര്‍ഷം മുമ്പ് രാജസ്ഥാനില്‍ നിന്ന് കാണാതായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രശാന്ത് വൈന്ദം.
എന്ന 30 കാരനാണ് പാക് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. രാജസ്ഥാനിലെ താര്‍ മരുഭൂമിയോട് ചേര്‍ന്നുള്ള ചോളിസ്ഥാന്‍ മരുഭൂമിയില്‍ നിന്നാണ് പാകിസ്ഥാന്‍ പോലീസ് മധ്യപ്രദേശില്‍ നിന്നുള്ള മറ്റൊരാളോടൊപ്പം പ്രശാന്തിനെ പിടികൂടിയത്. ചാരവൃത്തി ആരോപിച്ചാണ് പാക്കിസ്ഥാന്‍ ഇയാളെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നാണ് വിവരം. പ്രശാന്ത് പാകിസ്ഥാന്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ കുടുംബം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ സഹായത്തോടെ ഉടന്‍ തന്നെ അദ്ദേഹത്തെ കാണാമെന്ന പ്രതീക്ഷയിലാണ് കുടുംബം.

2017 ഏപ്രില്‍ 11 ന് രാവിലെ 9 ന് ഓഫീസിലേക്ക് പോയ അദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ലെന്ന് പിതാവ് ബാബു റാവു വൈന്‍ഡാം പറഞ്ഞു. പിതാവിന്റെ പരാതിയില്‍ മാധാപൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. എന്നാല്‍ പ്രശാന്തിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. 31 മാസത്തെ ഇടവേളയ്ക്ക് ശേഷം, അദ്ദേഹം പാകിസ്ഥാനില്‍ പിടിക്കപ്പെട്ടതായി ഇന്നലെ ടെലിവിഷന്‍ വാര്‍ത്തകളില്‍ നിന്നാണ് മനസ്സിലായതെന്ന് റാവു പറഞ്ഞു. പ്രശാന്ത് തെലുങ്കില്‍ സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം പാകിസ്ഥാനില്‍ ജീവിച്ചിരിപ്പുണ്ടെന്ന് നമുക്കറിയാം. മകനെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ പോലീസിനെയും വിദേശകാര്യ മന്ത്രാലയത്തെയും ബന്ധപ്പെടുമെന്നും ബാബു റാവു വ്യക്തമാക്കി.

അപ്രത്യക്ഷമാകുന്നതിനുമുമ്പ് പ്രശാന്ത് തന്റെ സെല്‍ഫോണ്‍ ഓഫാക്കുകയും എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിര്‍ജ്ജീവമാക്കുകയും ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം ആരെയും ബന്ധപ്പെട്ടിട്ടില്ല. അതിനാല്‍, അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചിട്ടും തങ്ങളുടെ ടീമിന് അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൈബരാബാദ് പോലീസ് കമ്മീഷന്‍ വി സി സജ്ജനാര്‍ പറഞ്ഞു.

തന്റെ മകന്‍ ചാരനല്ലെന്നും അദ്ദേഹം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ലെന്നും പിതാവ് പറയുന്നു. അദ്ദേഹം എങ്ങനെയാണ് പാകിസ്ഥാനില്‍ എത്തിയതെന്ന് തനിക്ക് കൃത്യമായി അറിയില്ല. ബംഗളൂരുവില്‍ ഒപ്പം ജോലി ചെയ്തിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡുകാരിയായ ഒരു പെണ്‍കുട്ടിയുമായി പ്രശാന്ത് പ്രണയത്തിലായിരുന്നുവെന്നും അവളെ അന്വേഷിച്ചുള്ള യാത്രക്കിടെയാണ് പിടിക്കപ്പെട്ടതെന്നും താന്‍ വാര്‍ത്താചാനലുകളില്‍ കണ്ടു. താന്‍ സ്‌നേഹിച്ച പെണ്‍കുട്ടി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് താമസം മാറിയെന്ന് മനസ്സിലാക്കിയ പ്രശാന്ത് സങ്കടത്തിലായിരുന്നുവെന്നും അവളെ അന്വേഷിച്ച് കാല്‍നടയായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുന്നതിനിടെയാകാം പിടിക്കപ്പെട്ടതെന്നും ബാബു റാവു പറയുന്നു.