Connect with us

Kerala

ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ സമീപനം: സോണിയക്ക് മുമ്പില്‍ പരാതിയുമായി മുസ്ലിം ലീഗ്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും കോണ്‍ഗ്രസ് പുലര്‍ത്തുന്ന അഴകൊഴമ്പന്‍ സമീപനങ്ങള്‍ക്കെതിരെ സോണിയാ ഗാന്ധിക്ക് മുമ്പില്‍ പരാതി പറഞ്ഞ് മുസ്ലിം ലീഗ്. ന്യൂനപക്ഷളും ദളിതരും രാജ്യത്ത് അരക്ഷിതാവസ്ഥയിലാണ്. എന്നാല്‍ അവരെ ബാധിക്കുന്ന പല വിഷയങ്ങളിലും ശക്തവും വ്യക്തവുമായ നിലപാട് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുന്നതായി ലീഗ് നേതാക്കള്‍ പരാതിപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളാണ് ഇന്ന് ഡല്‍ഹിയില്‍ സോണിയയെ സന്ദര്‍ശിച്ച് പരാതി ഉന്നയിച്ചത്. അയോധ്യ കോടതി വിധിക്കെതിരെയുള്ള നിയമനടപടികളില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയാണ് ലീഗ് നേതാക്കള്‍ സോണിയക്ക് മുമ്പില്‍ എത്തിയത്. ഈ സമത്താണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പുലര്‍ത്തുന്ന ചില സമീപനങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം വേണം. ന്യുനപക്ഷ – ദളിത് സംരക്ഷണത്തിന് കൂടുതല്‍ ഏകോപനം വേണം. ന്യുനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് രാജ്യത്ത് ഇന്നുള്ളത്. കോണ്‍ഗ്രസ് സാഹചര്യത്തിന് അനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മതേതര കക്ഷികളെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവരണം. പാര്‍ലിമെന്റില്‍ പല ബില്ലുകളും വരുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ചെറുത്ത് നില്‍പ്പ് ആവശ്യമാണെന്നും ലീഗ് നേതാക്കള്‍ സോണിയയോട് ഉണര്‍ത്തി.

രാജ്യത്ത് മുസ്ലിം ന്യുനപക്ഷങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ സോണിയയെ ധരിപ്പിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി പിന്നീട് പ്രതികരിച്ചു. അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാലും തങ്ങളുടെ വാദം കേട്ടില്ലെന്ന അഭിപ്രായം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. അക്കാര്യം സോണിയ ഗാന്ധിയെ ധരിപ്പിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര നിലപാട് വന്നിട്ടില്ലെന്നും ഇത് വരുന്ന മുറക്ക് ചര്‍ച്ച ചെയ്യാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.