ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടു: കേന്ദ്ര സര്‍ക്കാര്‍

Posted on: November 19, 2019 7:29 pm | Last updated: November 20, 2019 at 12:18 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ക്രമസമാധാനനില മെച്ചപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍. ബിജെപി എംപി കനകമല്‍ കാത്രയുടെ ചോദ്യത്തിന് സഹമന്ത്രി കിഷന്‍ റെഡ്ഢിയാണ് മറുപടി നല്‍കിയത്. അതേ സമയം ഇത് സംബന്ധിച്ച കണക്കുകളൊന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമന്റെില്‍ വെച്ചില്ല.

ഈ വര്‍ഷം ആഗസ്റ്റ് അഞ്ച് മുതല്‍ നവംബര്‍ 15 വരെ കല്ലെറിഞ്ഞ കേസുകളുമായി ബന്ധപ്പെട്ട് 765 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമന്റെില്‍ സമര്‍പ്പിച്ച കണക്കുകളിലുണ്ട്. ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് സമാന കേസുകളില്‍ എത്ര പേര്‍ അറസ്റ്റിലായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടില്ല.ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് 2016ന് ശേഷമാണ് കശ്മീരിലെ കല്ലെറിയല്‍ കൂടിയതെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി