ഹർഡിൽസ് ഇവർക്ക് വീട്ടുകാര്യം

Posted on: November 19, 2019 12:17 pm | Last updated: November 19, 2019 at 12:17 pm


കണ്ണൂർ | 110 മീറ്റർ ഹർഡിൽസ് സൂര്യജിത്തിനും വിശ്വജിത്തിനും വീട്ടുകാര്യം. സീനിയർ, ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസുകളിൽ സ്വർണം വീട്ടിലെത്തിത്തിച്ചാണ് മേളയിലെ അപൂർവ നേട്ടത്തിന് സഹോദരങ്ങൾ അർഹരായത്. ഇന്നലെ ഉച്ചക്കുശേഷം നടന്ന ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാട് ബി ഇ എം എച്ച് എസ് എസിലെ ആർ കെ സ്വർണമണിഞ്ഞതിന് തൊട്ടുപിന്നാലെ സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ജ്യേഷ്ഠൻ സൂര്യജിത്തും റെക്കോർഡോടെ സ്വർണം നേടുകയായിരുന്നു. ഇതോടെ ഈ മേളയിൽ നിന്ന് മൂന്ന് സ്വർണമാണ് സഹോദരങ്ങളിലൂടെ പാലക്കാട് വെസ്റ്റ് യാക്കര തേജസ് വീട്ടിലേക്ക് എത്തുന്നത്. ഞായറാഴ്ച 100 മീറ്റർ ഓട്ടത്തിൽ സൂര്യജിത്ത് സ്വർണം നേടിയിരുന്നു.

വർക്ക്‌ഷോപ്പ് ജീവനക്കാരനായ രമേഷിന്റെയും കെ ജി ടീച്ചറായ സുമതിയുടെയും മക്കളാണ് ഈ സുവർണ താരങ്ങൾ. 2017ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ റെക്കോർഡോടെ സ്വർണം നേടിയ സൂര്യജിത്ത് ഇത്തവണ സീനിയർ വിഭാഗത്തിലും റെക്കോർഡ് സ്ഥാപിച്ചു. കഴിഞ്ഞ തവണ സായ് താരം ഫാദിഹ് കുറിച്ച 14.3 സെക്കൻഡ്(14.8 സെക്കൻഡ്) സൂര്യജിത്ത് തിരുത്തിയെഴുതിയത്. ഇതോടെ സീനിയർ, ജൂനിയർ ഹർഡിൽസ് റെക്കോഡ് സൂര്യജിത്തിന്റെ പേരിലായി. ജൂനിയർ വിഭാഗത്തിൽ ഒന്നാമതെത്തിയ അനുജൻ വിശ്വജിതിന് ജ്യേഷ്ഠന്റെ റെക്കോർഡ് തകർക്കാനായില്ലെങ്കിലും അടുത്ത തവണ അത് തിരുത്താമെന്ന പ്രതീക്ഷയിലാണ് വിശ്വജിത്. പ്ലസ് ടു വിദ്യാർഥിയായ സൂര്യജിത്തിന് ഇത് അവസാന സ്‌കൂൾ മീറ്റാണ്. അനുജൻ വിശ്വജിത്തിന് അടുത്ത തവണയും ജൂനിയർ വിഭാഗത്തിൽ മത്സരിക്കാൻ അവസരമുണ്ട്. ഇത്തവണ ഗുണ്ടൂരിൽ നടന്ന നാഷനൽ മീറ്റിൽ 110മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയിട്ടുണ്ട്. ഹകിദാസും മകൻ അർജുനുമാണ് ഇരുവരെയും പരിശീലിപ്പിക്കുന്നത്.