Connect with us

Gulf

അറാംകോ ഓഹരി വിപണി വില പ്രസിദ്ധീകരിച്ചു; പ്രാഥമിക വില 30 റിയാല്‍ മുതല്‍ 32 റിയാല്‍ വരെ

Published

|

Last Updated

ദമാം | ലോകത്തെ ഏറ്റവും വലിയ എണ്ണ വാതക കമ്പനിയായ സഊദി അറാംകോയുടെ പ്രാഥമിക ഓഹരി വില പ്രസിദ്ധീകരിച്ചു. 30 റിയാല്‍ മുതല്‍ 32 റിയാല്‍ വരെയാണ് പ്രാഥമിക ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത്. അറാംകോയുടെ നിലവിലുള്ള 1.5 ശതമാനം ഷെയറുകള്‍ക്ക് (3 ബില്ല്യണ്‍ ഷെയറുകള്‍ക്ക്) 30 റിയാലിനും 32 റിയാലിനും ഇടയിലാണ് സൂചിക ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ അരാംകോയുടെ അഞ്ച് ശതമാനം ഓഹരിയാണ് വിപണിയില്‍ വില്‍ക്കുന്നത്. രാജ്യത്തെ അംഗീകൃത ബേങ്കുകള്‍ വഴി മാത്രമാണ് ഐ പി ഒ ഓഹരികള്‍ വാങ്ങാന്‍ കഴിയുന്നത്. രാജ്യത്തെ സ്വദേശികള്‍ക്ക് കൂടുതല്‍ നിക്ഷേപ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ കൂടുതല്‍ കരുത്തു നേടുമെന്നാണ് കണക്കാക്കുന്നത്.

വ്യക്തിഗത നിക്ഷേപകര്‍ക്കുള്ള റീട്ടെയില്‍ ഓഫര്‍ നവംബര്‍ 21 ന് ആരംഭിച്ച് 28 ന് അവസാനിക്കും. വ്യക്തിഗത നിക്ഷേപകര്‍ക്ക് 32 വിലയുടെ അടിസ്ഥാനത്തില്‍ സബ്സ്‌ക്രൈബ് ചെയ്യാന്‍ കഴിയും. കമ്പനികള്‍ക്ക് ഡിസംബര്‍ നാലുവരെയാണ് ഓഹരികള്‍ സ്വന്തമാക്കാനുള്ള അപേക്ഷകള്‍ നല്‍കാനാകുക. അറാംകോ ഷെയറുകളുടെ അന്തിമ വില നിര്‍ണയം ഡിസംബര്‍ അഞ്ചിന് പ്രഖ്യാപിക്കും.

രാജ്യത്തെ പ്രമുഖ ബേങ്കുകളായ നാഷണല്‍ കൊമേഴ്സ്യല്‍ ബേങ്ക്, സഊദി ബ്രിട്ടീഷ് ബേങ്ക്, സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, സഊദി ഇന്‍വെസ്റ്റ്മെന്റ് ബേങ്ക്, അല്‍ അവാല്‍ ബേങ്ക്, അറബ് നാഷണല്‍ ബേങ്ക്, അല്‍ബിലാദ് ബേങ്ക്, അല്‍ജസീറ ബേങ്ക്, റിയാദ് ബേങ്ക്, അല്‍ രാജ്ഹി ബേങ്ക്, അല്‍ ഇന്‍മ ബേങ്ക്, ബേങ്ക് സഊദി ഫ്രാന്‍സി, ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബേങ്ക് എന്നിവ വഴി അപേക്ഷകര്‍ക്ക് ഐ പി ഒ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇടപാടുകള്‍ ആരംഭിച്ച് ആറുമാസത്തേക്ക് ഓഹരികള്‍ കൈവശം വെക്കുന്ന സ്വദേശികളായ നിക്ഷേപകര്‍ക്ക് പത്ത് ഷെയറുകള്‍ക്ക് ഒന്ന് എന്ന തോതില്‍ പരമാവധി 100 ഓഹരികള്‍ വരെ ബോണസായി ലഭിക്കും.

തദാവുലില്‍ ലിസ്റ്റ് ചെയ്ത സെക്യൂരിറ്റികളില്‍ നിക്ഷേപമുള്ള പൊതു, സ്വകാര്യ ഫണ്ടുകള്‍, സ്റ്റോക്ക് എക്സ്ചേഞ്ച് ഇടപാടുകള്‍ക്ക് ലൈസന്‍സുള്ള വ്യക്തികള്‍, കാപിറ്റല്‍ അതോറിറ്റി ലൈസന്‍സ് ലഭിച്ച വ്യക്തികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ കമ്പനികള്‍, സ്വദേശി പൗരന്മാര്‍, ജി സി സി രാജ്യങ്ങളിലെ കമ്പനികള്‍ തുടങ്ങിയവര്‍ക്ക് ഓഹരികള്‍ സ്വന്തമാക്കാം. ഐ പി ഒ വഴി സ്വദേശികള്‍ക്ക് എണ്ണ, വാതക വ്യവസായത്തിലെ ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായ അറാംകോയില്‍ നിക്ഷേപം നടത്താനുള്ള മികച്ച അവസരമാണ് ഇപ്പോള്‍ തുറന്നിട്ടിരിക്കുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ പരിണാമത്തില്‍ പുതിയ ചരിത്രം സ്ഥാപിക്കുന്നതോടൊപ്പം പൗരന്മാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വിഷന്‍ 2030 ല്‍ ചലനാത്മകവും വൈവിധ്യപൂര്‍ണവുമായ സഊദി സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സിറാജ് പ്രതിനിധി, ദമാം