പബ്ബുകളോട് സര്‍ക്കാറിന് എതിര്‍പ്പില്ല; പ്രായോഗികത പരിശോധിക്കും- മന്ത്രി ടി പി രാമകൃഷ്ണന്‍

Posted on: November 18, 2019 2:18 pm | Last updated: November 18, 2019 at 2:18 pm

കോഴിക്കോട്: രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ തുടങ്ങുന്നതിനോട് സംസ്ഥാന സര്‍ക്കാറിന് തത്വത്തില്‍ എതിര്‍പ്പില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എന്നാല്‍ നടപ്പാക്കുന്നതിന് മുമ്പ് പ്രായോഗികത പരിശോധിക്കും. ഇപ്പോള്‍ അതിലേക്ക് കടന്നിട്ടില്ല. ആവശ്യം ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമെ പദ്ധതി നടപ്പാക്കു. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മൈക്രോ ബ്രുവറിയുടെ കാര്യത്തിലും നടപടി ആയിട്ടില്ല. ഈ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ അവസാന തീരുമാനം എടുത്തിട്ടില്ല. പഴവര്‍ഗങ്ങളില്‍ നിന്നും കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാമെന്ന് കാര്‍ഷിക സര്‍വകലാശാല റിപ്പോര്‍ട്ട് തന്നിട്ടുണ്ട്. ഇതും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.