Connect with us

Kerala

അണയാത്ത പ്രതിഷേധം; ലോംഗ് മാര്‍ച്ച് വഴിമാറ്റി- ജെ എന്‍ യു വിദ്യാര്‍ഥികള്‍ പാര്‍ലിമെന്റിലേക്ക് കുതിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പൊതു വിദ്യാഭ്യസം സംരക്ഷിക്കുക,
ഫീസ് വര്‍ധന അടക്കമുള്ള വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്
ജെ എന്‍ യു വിദ്യാര്‍ഥികളുടെ പാര്‍ലിമെന്റിലേക്കുള്ള ലോംഗ് മാര്‍ച്ച് തുടരുന്നു. രാവിലെ മാര്‍ച്ച് ആരംഭിച്ചപ്പോള്‍ തന്നെ ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയും ബാരിക്കേഡ് സ്ഥാപിച്ചും സര്‍വ്വകലാശാല ഗേറ്റിന് സമീപം തന്നെ മാര്‍ച്ച് തടയാന്‍ പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് തള്ളി മാറ്റി നൂറ്കണക്കിന് വിദ്യാര്‍ഥികള്‍ കുതിക്കുകയായിരുന്നു. എന്നാല്‍ ഏതാനും മീറ്ററുകള്‍ മാര്‍ച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ കൂടുതല്‍ ബാരിക്കേഡുകളും ശക്തമായ സന്നാഹവുമായി പോലീസ് മാര്‍ച്ച് തടഞ്ഞു.

ബാരിക്കേഡ് മറിച്ചിടാനും ചാടിക്കടന്ന് മുന്നോട്ടുപോകാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് ജെ എന്‍ യു യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഐഷി ഘോഷടക്കം 54 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഐഷി ഷോഘടക്കമുള്ള പെണ്‍കുട്ടികളെ വലിച്ചിഴച്ചാണ് പോലീസ് നീക്കിയത്.

ഏതാനും മണിക്കൂറുകള്‍ പോലീസിന് മുമ്പില്‍ ചെറുത്തുനിന്ന വിദ്യാര്‍ഥികള്‍ പിന്നീട് മാര്‍ച്ചിന്റെ പാത മാറ്റി മുന്നോട്ട്‌ പോകുകയായിരുന്നു.  11 മണിയോടെ തുടങ്ങിയ മാര്‍ച്ച് മൂന്ന് മണിക്ക് ശേഷവും തുടരുകയാണ്. സംഘാര്‍ഷാവസ്ഥക്കും കുറവുവന്നിട്ടില്ല.പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച ദിവസം തന്നെ പൊതു വിദ്യാഭ്യസം സംരക്ഷിക്കുക എന്ന ആവശ്യം ഉയര്‍ത്തി വിദ്യാര്‍ഥികല്‍ നടത്തുന്ന മാര്‍ച്ച് ശ്രദ്ധേയമാകുകയാണ്.

ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചിട്ടും വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാല അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ പ്രതിഷേധം തുടരുന്നുണ്ട്. ഇതിന് പുറമെയാണ് പാര്‍ലിമെന്റിലേക്ക് ലോംഗ് മാര്‍ച്ച്. കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രി അടക്കമുള്ളവരെ ക്യാമ്പസില്‍ തടയുന്ന സാഹചര്യമുണ്ടായിരുന്നു. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ ആഴ്ചകളായി ജെ എന്‍ യുവില്‍ തുടരുന്ന വിദ്യാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. സര്‍വ്വകലാശാല അധികൃതരുമായും വിദ്യാര്‍ഥികളുമായും സമിതി ചര്‍ച്ച നടത്തും.