ഗോതബയ: മുസ്‌ലിംകളുടെ നിത്യ വൈരി

തമിഴ് പുലികളുടെ അന്തകൻ, അതി ദേശീയതയുടെ സംരക്ഷകൻ
Posted on: November 18, 2019 12:26 pm | Last updated: November 18, 2019 at 12:30 pm


കൊളംബോ | ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്പോൾ “തമിഴ് പുലികളുടെ അന്തകൻ’ എന്ന വിശേഷണമാകും ഇന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ ഗോതബയ രജപക്സെക്ക് ചാർത്തിക്കൊടുക്കുക. അദ്ദേഹത്തിന്റെ സഹോദരൻ മഹീന്ദ രാജപക്സെ പ്രസിഡന്റായിരുന്നപ്പോൾ ശ്രീലങ്കയുടെ പ്രതിരോധ സെക്രട്ടറിയായിരുന്നു മുൻ കരസേനാ ഉദ്യോഗസ്ഥൻ കൂടിയായ ഗോതബയ. 2007നും 2009നും ഇടയിൽ എൽ ടി ടി ഇയുടെ (ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈളം) സന്പൂർണ പതനത്തിലേക്കും അവരുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ വധത്തിലേക്കും നയിച്ച സൈനിക നടപടികളുടെ ചുക്കാൻ ഗോതബയയുടെ കൈകളിലായിരുന്നു. “ഭീകരതയെ പരാജയപ്പെടുത്തി’യെന്ന് രാജപക്സെ സഹോദരന്മാർ ആവർത്തിച്ച് അവകാശപ്പെടുന്നുണ്ട്. ഭീകരതയെ പൂർണമായി അമർച്ച ചെയ്ത ലോകത്തിലെ ഏക രാജ്യം ശ്രീലങ്കയാണെന്ന അവകാശവാദവും അവർക്കുണ്ട്.

എന്നാൽ, കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട് ഗോതബയ. എൽ ടി ടി ഇക്കെതിരായ യുദ്ധത്തിൽ വലിയ തോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ ശ്രീലങ്കയിൽ നടന്നിരുന്നു. ഈ യുദ്ധത്തിനിടെ രാജ്യത്ത് ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. തമിഴ് ജനതയെ ഭീതിയുടെ തുരുത്തിലേക്ക് നയിച്ച യുദ്ധത്തിന് ശേഷം പതിറ്റാണ്ട് പിന്നിടുന്പോൾ രാജ്യം പൂർണമായും സിംഹള- ബുദ്ധ മേധാവിത്വത്തിന്റെ കീഴിൽ അമർന്നിരിക്കുന്നു.

മഹിന്ദ രജപക്സെയും ഗോതബയയും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

രാജ്യത്തെ മുസ്‌ലിംകൾക്കെതിരെ തുടർച്ചയായി ആക്രമണം അഴിച്ചുവിടുന്ന ബോധു ബാല സേന (ബി ബി എസ്) എന്ന ബുദ്ധ തീവ്രവാദ സംഘടനയുടെ പിന്നിലെ ശക്തി ഗോതബയയാണ്. 2014ൽ രാജ്യത്ത് നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളും ഗോതബയ തന്നെ. കഴിഞ്ഞ വർഷം കാണ്ടിയിൽ നടന്ന മുസ്്ലിം വിരുദ്ധ അതിക്രമങ്ങൾക്ക് പിന്നിൽ ബി ബി എസുമുണ്ട്.
മുൻ യു എസ് പൗരനായ ഗോതബയക്കെതിരെ ശ്രീലങ്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ മനുഷ്യാവകാശ ലംഘനത്തിന് കേസുകളുണ്ട്. യു എസിൽ സ്വന്തം വസതിയുള്ള ഈ എഴുപതുകാരൻ ശ്രീലങ്കൻ പ്രസിഡന്റ്തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചത്.

പത്രപ്രവർത്തകന്റെ കൊലപാതകം ഉൾപ്പെടെ ഗോതബയക്കെതിരെ ഈ വർഷം ആദ്യം യു എസിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ശ്രീലങ്കയിൽ മഹിന്ദ രജപക്സെയുടെ ഭരണകാലത്ത് മാധ്യമ പ്രവർത്തകർക്കെതിരെ വലിയ തോതിലുള്ള ആക്രമണങ്ങളാണ് നടന്നത്. പരമ്പരാഗത പ്രസിഡന്റ്എന്നതിനപ്പുറം ഗോതബയ അതിദേശീയവാദിയായ ഭരണാധികാരിയായി മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രജപക്സെ കുടുംബം അധികാരത്തിൽ തിരിച്ചെത്തുന്നതോടെ, ചൈന- ശ്രീലങ്ക ബന്ധം എങ്ങനെ മുന്നോട്ടു പോകുമെന്നാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. മഹീന്ദ രജപക്സെ പ്രസിഡന്റായിരുന്നപ്പോഴാണ് ശ്രീലങ്കക്ക് ചൈന വലിയ തോതിൽ ഇളവുകൾ അനുവദിച്ചത്. ചൈന അനുവദിച്ച കോടിക്കണക്കിന് ഡോളർ വായ്പ ഉപയോഗിച്ചാണ് ശ്രീലങ്ക അവരുടെ തുറമുഖങ്ങളും ദേശീയപാതകളും നിർമിച്ചത്.

വേലുപ്പിള്ള പ്രഭാകരൻ

പക്ഷേ, വൈകാതെ രാജ്യം വലിയ കടക്കെണിയിൽ അകപ്പെട്ടു. ഈ വായ്പ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ചു. വായ്പ തിരിച്ചടക്കാനാകാതെ ഹന്പന്തോട്ട തുറമുഖവും ചുറ്റുമുള്ള 15,000 ഏക്കർ സ്ഥലവും 2017ൽ ശ്രീലങ്കൻ സർക്കാർ 99 വർഷത്തെ കരാറിൽ ചൈനക്ക് കൈമാറാൻ നിർബന്ധിതരാകുകയും ചെയ്തു. മഹീന്ദയുടെ ഭരണത്തിന്റെ അവസാന രണ്ട് വർഷങ്ങളിൽ, ചൈനയുടെ സൈനിക അന്തർവാഹിനികളും യുദ്ധക്കപ്പലുകളും കൊളംബോ തുറമുഖത്ത് ഇടക്കിടെ എത്തിയത് ഇന്ത്യയുടെ ആശങ്ക വർധിപ്പിച്ചിരുന്നു. നരേന്ദ്ര മോദി യുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാറിന്റെ ആദ്യ മന്ത്രിസഭാ കാലമായിരുന്നു അത്. അന്ന് ശ്രീലങ്കയുടെ പ്രതിരോധ മന്ത്രാലയ ചുമതല ഗോതബായക്കായിരുന്നു. ശ്രീലങ്കൻ തുറമുഖത്ത് ചൈനീസ് അന്തർവാഹിനികളും യുദ്ധക്കപ്പലുകളും നിലയുറപ്പിക്കുന്നതിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, അതിൽ അസാധാരണമായി ഒന്നുമില്ലെന്നായിരുന്നു അന്ന് ശ്രീലങ്കയുടെ പ്രതികരണം.
വർഷങ്ങളായി പല രാജ്യങ്ങളുടെയും സൈനിക കപ്പലുകൾ ശ്രീലങ്കയിൽ “സൗഹൃദ സന്ദർശനങ്ങൾക്കും ഇന്ധനം നിറക്കുന്നതിനും ജീവനക്കാരുടെ ഉല്ലാസത്തിനും വേണ്ടി’ എത്താറുണ്ടെന്ന് പറഞ്ഞ് ഇന്ത്യയുടെ ആശങ്ക നിസ്സാരമായി തള്ളിക്കളയുകയായിരുന്നു അന്ന് മഹീന്ദ രജപക്സെ സർക്കാർ.