ഹിന്ദുക്കളുടെ ജന്മദിനാഘോഷത്തിന് പുതിയ തിട്ടൂരവുമായി കേന്ദ്രമന്ത്രി

Posted on: November 18, 2019 11:52 am | Last updated: November 18, 2019 at 11:52 am

ന്യൂഡല്‍ഹി: തീവ്രവര്‍ഗീയ പ്രസ്ഥാവനകള്‍കൊണ്ടും നിലപാടുകള്‍കൊണ്ടും നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പുതിയ തിട്ടൂരം ഇറങ്ങി. ഇനി മുതല്‍ ഹിന്ദുക്കള്‍ ജന്മദിനം ആഘോഷിക്കുമ്പോള്‍ കേക്ക് മുറിക്കുയോ, മെഴുകുതിരികള്‍ കത്തിക്കുകയോ ചെയ്യരുതെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. അങ്ങനെ ചെയ്യുമെന്ന് കാളിമാതാവിന്റെ നാമത്തില്‍ സത്യം ചെയ്യണം. സനാതന മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്താന്‍ രാമായണം, ഭഗവദ് ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കേക്ക് മുറിക്കുന്നതിനും മെഴുക് തിരികള്‍ കത്തിക്കുന്നതിനും പകരം ജന്മദിനത്തില്‍ ക്ഷേത്രത്തില്‍ പോയി ഭഗവാന്‍ ശിവനേയും കാളി മാതാവിനേയും പ്രാര്‍ഥിക്കണം. ആളുകള്‍ക്ക് മധുരം വിതരണം ചെയ്യണം. നല്ല ഭക്ഷണം ഉണ്ടാക്കണം. മെഴുക് തിരികള്‍ക്ക് പകരം മണ്‍ചെരാതുകള്‍ കത്തിക്കണം- ഗിരിരാജ് സിംഗ് പറഞ്ഞു.

ക്രിസ്ത്യന്‍ മിഷണറികള്‍ നടത്തുന്ന സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ക്രിസ്തീയ ജീവിത രീതികള്‍ പഠിക്കുന്നു. ഇത് ഹിന്ദുജീവിത രീതിയില്‍ നിന്ന് വിത്യസ്താണ്. സനാദന ധര്‍മങ്ങള്‍ക്ക് എതിരാണ്. ക്രിസ്ത്യന്‍ മിഷണറികളുടെ സ്‌കൂളുകളില്‍ പഠിക്കുന്ന ഹിന്ദുക്കളായ കുട്ടികള്‍ കുടുമ കെട്ടാനോ, തിലകക്കുറി അണിയാനോ തയ്യാറാകുന്നില്ല. അത്തരം കുട്ടികള്‍ മറ്റ് ചിലതിനെ അനുകരിച്ച് പ്രാര്‍ഥിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തിലും കശ്മീരി വിഷയത്തിലും തീരുമാനമായി. ഇനി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം കൂടി പാര്‍ലിമെന്റ് പാസാക്കുന്ന ദിനം താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും മറ്റൊരു ചടങ്ങില്‍ ഗിരിരാജ് സിംഗ് പറഞ്ഞു. ലോകത്ത് എവിടെയെങ്കിലും ഹിന്ദുക്കള്‍ സുരക്ഷിതമായ ഇടം കണ്ടെത്താന്‍ സാധിക്കാതെ വരികയാണെങ്കില്‍ അവര്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.